India - 2025
സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ തീരദേശ ജനതയുടെ നില്‍പ്പുസമരം
സ്വന്തം ലേഖകന്‍ 20-06-2019 - Thursday
ചേര്‍ത്തല: തീരദേശത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരേ ആലപ്പുഴ രൂപത സോഷ്യല്‍ ആക്ഷന്‍, കെസിവൈഎം തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കടലില്‍ നില്‍പ്പുസമരം. ഒറ്റമശേരി കടപ്പുറത്തുനടന്ന പ്രതിഷേധ പരിപാടിയില്‍ വൈദികരും സന്യസ്തരും മത്സ്യത്തൊഴിലാളികളും സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ കടല്‍ഭിത്തി നിര്‍മിച്ചു സംരക്ഷിക്കുമെന്നുള്ള അധികൃതരുടെ വാക്ക് പാലിക്കാത്തതിനെതിരേ സ്വരമുയര്‍ത്തിയായിരിന്നു സമരം.
ചെല്ലാനത്തു കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിനു തുടര്‍ച്ചയായാണ് ഒറ്റമശേരിയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. കടല്‍ഭിത്തി നിര്‍മിക്കുക, പുലിമുട്ട് നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ മൌനം തുടരുന്ന പശ്ചാത്തലത്തിലാണ് ജനങ്ങള്‍ സമരത്തിനിറങ്ങിയത്. തീരപ്രദേശത്തു ജനജീവിതം ദുഃസഹമായിട്ടും ഒരു മന്ത്രിപോലും തിരിഞ്ഞുനോക്കുന്നില്ലെന്നു സമരക്കാര്‍ കുറ്റപ്പെടുത്തി. കടലാക്രമണം രൂക്ഷമായ ഒറ്റമശേരി, ചെല്ലാനം, മറുവാക്കാട് തുടങ്ങിയ മേഖലകളില്‍ നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. ഒറ്റമശേരിയില്‍ മാത്രം 13 വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണ്.
രണ്ടു ദിവസത്തിനുള്ളില്‍ നടപടിയൊന്നും ഉണ്ടായില്ലെങ്കില്‍ കളക്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടി നടത്താനും യോഗം തീരുമാനിച്ചു. ഒറ്റമശേരി പള്ളിയില്‍നിന്നു പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിഷേധ റാലിയോടെയാണു സമരം തുടങ്ങിയത്. കടല്‍തീരത്തെത്തി സമ്മേളനത്തിനു ശേഷം സമരക്കാര്‍ കടലില്‍ ഇറങ്ങി കൈകോര്‍ത്തുനിന്നു പ്രതീകാത്മകമായി കടല്‍ഭിത്തി നിര്‍മിച്ചു സമരം ചെയ്തു. പ്രതിഷേധപരിപാടി ചേന്നവേലിപള്ളി വികാരി ഫാ. തോബിയാസ് തെക്കേപാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. സേവ്യര്‍ കുടിയാംശേരി, ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരില്‍, ഫാ. ജോണ്‍സണ്‍ പുത്തന്‍പുരയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പുന്നയ്ക്കല്‍, ജോണ്‍ ബ്രിട്ടോ, രാജു ഈരശേരില്‍, എം.ജെ. ഇമ്മാനുവേല്‍ ജെയിംസ് ചിങ്കുതറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
