India - 2025

മലയാളി ഡീക്കന്‍ അള്‍ത്താരയില്‍ കുഴഞ്ഞുവീണു മരിച്ചു

സ്വന്തം ലേഖകന്‍ 21-06-2019 - Friday

മുംബൈ: മലയാളി ഡീക്കന്‍റെ ആകസ്മിക മരണത്തിന്റെ ഞെട്ടലില്‍ മുംബൈയിലെ ക്രൈസ്തവര്‍. സാകിനാക്ക മേരി മാതാ ഇടവകാംഗമായ ഡീക്കന്‍ ജെറിൻ ജോയ്‌സൺ ചിറ്റലപ്പിള്ളിയാണ് ഇന്നലെ രാത്രി നെരൂൾ സെന്റ് ലിറ്റിൽ ഫ്ലവർ ദേവാലയത്തില്‍ ദിവ്യകാരുണ്യം സക്രാരിയിലേക്ക് മാറ്റുന്നതിനിടെയാണ് കുഴഞ്ഞു വീണ് മരിച്ചത്. കല്യാണ്‍ രൂപതക്കു വേണ്ടി ഡിസംബറിൽ തിരുപട്ടം സ്വീകരിക്കാനിരിക്കവെയാണ് ജെറിന്‍ നിത്യതയിലേക്ക് യാത്രയായത്. കുഴഞ്ഞുവീണ ഉടനെ അടുത്തുള്ള ടെർണ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണത്തിന് തലേ ദിവസമായിരുന്നു ജെറിനു 27 വയസ്സ് പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം പൂനയിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മുംബൈ ഹിന്ദുജ ഹോസ്പിറ്റലിലെ ചികിത്സയിലായിരുന്നു ജെറിൻ. പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതിന് ശേഷമാണ് വീണ്ടും ശുശ്രൂഷയില്‍ സജീവമായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 13നായിരിന്നു ഡീക്കന്‍ പട്ടം സ്വീകരിച്ചത്. സംസ്കാര ചടങ്ങുകൾ ജൂൺ 25ചൊവ്വാഴ്ച സാകിനാക്കയിലെ മേരി മാതാ പള്ളിയിൽ നടക്കുമെന്ന്‍ കല്യാണ്‍ രൂപത അറിയിച്ചു.

More Archives >>

Page 1 of 252