India - 2025
സമര്‍പ്പിത വഴിയില്‍ പിച്ച്ഡിയുടെ തിളക്കവുമായി സന്യാസിനി സഹോദരങ്ങള്‍
സ്വന്തം ലേഖകന്‍ 25-06-2019 - Tuesday
കൊച്ചി: സമര്‍പ്പിത ശുശ്രൂഷയുടെ വഴിയില്‍ പിച്ച്ഡി നേട്ടത്തിന്റെ തിളക്കവുമായി സന്യാസിനി സഹോദരങ്ങള്‍ ശ്രദ്ധ നേടുന്നു. കറുകുറ്റി കല്ലറ ചുള്ളി വീട്ടില്‍ പരേതനായ കെ.പി. കുഞ്ഞുവറീതിന്റെയും നെയ്തി വര്‍ഗീസിന്റെയും മക്കളും സിഎംസി സന്യാസിനി സമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രോവിന്‍സ് അംഗങ്ങളുമായ സിസ്റ്റര്‍ പ്രസാദയും സഹോദരി സിസ്റ്റര്‍ ജീസ ഗ്രേസുമാണു വ്യത്യസ്ത വിഷയങ്ങളില്‍ അടുത്തടുത്ത ദിവസങ്ങളില്‍ ഡോക്ടറേറ്റ് നേടിയത്.
ചെന്നൈയിലെ സവീത യൂണിവേഴ്‌സിറ്റിയില്‍ നിന്നു ജീറിയാട്രിക് മെഡിസിന്‍ രംഗത്തെ ഗവേഷണപഠനത്തിനാണു സിസ്റ്റര്‍ പ്രസാദ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. വയോജനമന്ദിരങ്ങളിലെ അന്തേവാസികളുടെ വിവിധ പ്രശ്‌നങ്ങളും തെറാപ്പി ചികിത്സകളിലൂടെ അവയ്ക്കുള്ള പരിഹാരവും ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടിയിരിന്നു. വയോധികരെ പാര്‍പ്പിക്കുന്ന കരിയാടിലെ മരിയന്‍ ഹോസ്പീസില്‍ ശുശ്രൂഷ ചെയ്തിരിന്നതിനാല്‍ തനിക്ക് അവിടുത്തെ അനുഭവങ്ങളും അറിവുകളും ഗവേഷണ പഠനത്തില്‍ സഹായകമായെന്നു നിലവില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ വകുപ്പുമേധാവി കൂടിയായ സിസ്റ്റര്‍ പ്രസാദ പറയുന്നു.
കോയന്പത്തൂര്‍ അവിനാശിലിംഗം യൂണിവേഴ്‌സിറ്റിയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ ശാസ്ത്രപഠനത്തില്‍ മീഡിയയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചു നടത്തിയ ഗവേഷണത്തിനാണ് സിസ്റ്റര്‍ ജീസ ഗ്രേസ് പിഎച്ച്‌ഡി നേടിയത്. നിലവില്‍ അങ്കമാലി സ്‌നേഹസദന്‍ കോളജ് ഓഫ് സ്‌പെഷല്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പലാണു സിസ്റ്റര്‍ ജീസ ഗ്രേസ്. സമര്‍പ്പിത ജീവിതത്തിനിടയില്‍ ഉന്നതവിദ്യാഭ്യാസത്തിന് അവസരം ലഭിച്ചതിലും വിജയകരമായി പൂര്‍ത്തിയാക്കാനായതിലും അഭിമാനമുണ്ടെന്നു സിസ്റ്റര്‍ പ്രസാദയും സിസ്റ്റര്‍ ജീസയും പറഞ്ഞു.
