Meditation. - April 2024

ക്രിസ്തുവിന്റെ സഹനങ്ങളെ നമ്മുടെ ജീവിതത്തില്‍ ഭാഗഭാക്കുക.

സ്വന്തം ലേഖകന്‍ 01-04-2016 - Friday

"നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു" (റോമ 8:18).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 1

ജീവിതത്തിലെ പ്രശ്നങ്ങളെ പറ്റിയുള്ള ചിന്ത മനുഷ്യനെ ആന്തരികമായ സംഘർഷത്തിനു അടിമയാക്കുന്നു. മറ്റുള്ളവരിൽ നിന്നും സഹായം സ്വീകരിക്കുവാൻ താൻ അർഹനല്ല എന്നും താന്‍ ഒന്നിന്നും കൊള്ളില്ലാത്തവനാണെന്നുമുള്ള ചിന്ത അവനെ കൂടുതല്‍ തളര്‍ത്തുന്നു. എന്നാല്‍ ഒരു വ്യക്തി തന്റെ കുരിശ്‌ വഹിക്കുമ്പോൾ ആദ്ധ്യാത്മികമായി യേശുക്രിസ്തുവിന്റെ കുരിശുമായി ഐക്യപ്പെടുത്തുകയാണ് ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ രക്ഷാകര സഹനത്തിന്റെ അർത്ഥം ആ വ്യക്തിക്ക് വെളിപ്പെട്ടു കിട്ടുന്നു.

രക്ഷാകര സഹനത്തിന്റെ അർത്ഥം, യേശുവിന്റെ സഹനത്തിന്റെ തലത്തിൽ നിന്നും മാനുഷികമായ തലത്തിൽ ആ വ്യക്തി ഉൾകൊള്ളുമ്പോള്‍ അത് തന്റെ സ്വന്തം വ്യക്തിപരമായ പ്രതികരണമായി മാറുന്നു. അപ്പോഴാണ്‌ ഒരുവൻ തന്റെ സഹനത്തിൽ ആന്തരികമായ സമാധാനവും അതിലപ്പുറം ആധ്യാത്മികമായ ആഹ്ലാദവും അനുഭവിക്കുക. ഈ വിധത്തിലുള്ള ആഹ്ലാദത്തെ പൗലോസ്‌ ശ്ലീഹ കൊളോസ്സോസ്കാർക്ക് എഴുതിയ ലേഖനത്തിൽ ഇങ്ങിനെ പറയുന്നു: 'നിങ്ങളെ പ്രതി എന്റെ സഹനങ്ങളിൽ ഞാൻ സന്തോഷിക്കുന്നു'.

ചുരുക്കത്തില്‍ യേശുക്രിസ്തുവുമായി ഐക്യപ്പെട്ടുള്ള രക്ഷാകര സഹനത്തിൽ നാം ഏർപ്പെടുമ്പോൾ കുറ്റബോധവും, നിരാശയും നിറഞ്ഞ ചിന്ത നമ്മുടെ ജീവിതത്തില്‍ നിന്ന്‍ വിട്ടു പോകുന്നു. ആഴമായ വിശ്വാസത്തിൽ, ക്രിസ്തുവിന്റെ സഹനത്തിൽ നാം ഭാഗഭാക്കാകുമ്പോൾ, ക്രിസ്തു തന്റെ ശരീരത്തിൽ സഹിച്ച സഹനത്തെ നമ്മുടെ സഹനവുമായി ചേര്‍ത്തു വെക്കുമ്പോള്‍ നമ്മുടെ ദുഃഖങ്ങള്‍ ലഘൂകരിക്കപ്പെടുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ജീവിതത്തിലെ സഹനങ്ങള്‍ ക്രിസ്തുവിനോട് ചേര്‍ത്തു വെക്കുമ്പോള്‍ അത് രക്ഷാകരസഹനമായി മാറുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.5.84)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »