News - 2024

കുടുംബത്തെ സംബന്ധിച്ച മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനം ഏപ്രിൽ 8-ന് പുറത്തിറങ്ങും

സ്വന്തം ലേഖകൻ 01-04-2016 - Friday

കുടുംബത്തെ സംബന്ധിച്ച സിനിഡിന്റെ പഠനത്തെ അടിസ്ഥാനമാക്കിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനം ഏപ്രിൽ 8, വെള്ളിയാഴ്ച്ച പുറത്തിറക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.

സന്ദേശത്തിന് വത്തിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന പേര് 'സ്നേഹത്തിന്റെ സന്തോഷം' എന്ന അർത്ഥം വരുന്ന 'Amoris Laetitia' എന്നാണ്.

മെത്രാൻ സിനിഡിന്റെ ജനറൽ സെക്രട്ടറി കർദ്ദിനാൾ ലൊറെൻസോ ബാൽഡിസെരി, വിയന്നയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ക്രിസ്റ്റോഫ് ഷോൺബോം എന്നിവരാണ് രേഖയുടെ പ്രസിദ്ധീകരണം നിർവ്വഹിക്കുന്നത്.

ടോർവെ ഗേറ്റയിലെ യൂണിവേഴ്സിറ്റി ഓഫ് റോമിൽ ധാർമ്മിക തത്വചിന്തയുടെ അദ്ധ്യാപകനായ പ്രഫസർ ഫ്രാൻസെസ്ക്കോ മിയാന, അദ്ദേഹത്തിന്റെ ഭാര്യ പ്രഫസർ ഗ്യുസെപിന ഡി സിമോൺ (തിയോളജിക്കൽ ഫാക്കൽട്ടിയിൽ അദ്ധ്യാപിക) എന്നിവർ കുടുബങ്ങളുടെ പ്രതിനിധികളായി തദവസരത്തിൽ സന്നിഹിതരായിരിക്കും.

വത്തിക്കാൻറെ പാരമ്പര്യമനുസരിച്ച്, സിനിഡിന്റെ അന്തിമ നിഗമനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും മാർപാപ്പയുടെ പ്രബോധനമെന്ന്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പീട്രോ പരോളിൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

270 ബിഷപ്പുമാർ പങ്കെടുത്ത കുടുംബസിനിഡ് മൂന്നാഴ്ച്ച നീണ്ടുനിന്നു. സിനിഡിൽ ക്രൈസ്തവ കുടുംബങ്ങളിലെ പ്രശ്നങ്ങളോടൊപ്പം വിവാഹമോചിതരുടെ പുനർവിവാഹത്തെ പറ്റിയും സ്വവർഗ്ഗ ബന്ധങ്ങളെ കുറിച്ചും ചർച്ചകൾ ഉണ്ടായിരുന്നു.