India - 2024

ആരോടും വിദ്വേഷമില്ല, സിനഡിന്റെ കൂട്ടായ്മ കാത്തുസൂക്ഷിക്കും: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 10-07-2019 - Wednesday

കൊച്ചി: ആരോടും വിദ്വേഷമില്ലായെന്നും എത്രമാത്രം ക്ലേശങ്ങളുണ്ടായാലും സഭയിലെ മെത്രാന്മാരോടു ചേര്‍ന്ന് സിനഡിന്റെ കൂട്ടായ്മ കാത്തുസൂക്ഷിക്കുമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റ് റിട്ടേണീസ് ഫോറത്തിന്റെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സിനഡിന്റെ തീരുമാനങ്ങളോട് ഏവരും സഹകരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സഭാ വിഷയങ്ങള്‍ പരിഹരിക്കാന്‍ വത്തിക്കാന്‍ സിനഡിനെയാണു ചുമതലപ്പെടുത്തിയിട്ടുള്ളത്. ക്ഷമിക്കാനും സ്‌നേഹിക്കാനും ഏവരും പരിശ്രമിക്കണം. ചില മാധ്യമങ്ങള്‍ സഭാ വിഷയങ്ങളെ അവതരിപ്പിക്കുന്ന ശൈലി പരിശോധിക്കണം. പലപ്പോഴും സഭയെക്കുറിച്ചു സമൂഹത്തിനു തെറ്റിദ്ധാരണകളുണ്ടാവാന്‍ മാധ്യമ വാര്‍ത്തകള്‍ കാരണമാകാറുണ്ട്. അന്യനാട്ടില്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസപൈതൃകം പുതുതലമുറയ്ക്കു കൈമാറുന്നതിന് കുവൈറ്റിലെ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ വഹിച്ച പങ്ക് ശ്ലാഘനീയമാണെന്നും മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ജേക്കബ് പൈനാടത്ത് അധ്യക്ഷത വഹിച്ചു.

കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ദിവ്യബലിയര്‍പ്പിച്ചു. അല്‍മായരുടെ ഇടപെടലുകളും അറിവുകളും ആധ്യാത്മികമായ ബോധ്യങ്ങളും സഭയുടെ വളര്‍ച്ചയ്ക്കു സഹായകമാണെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. പ്രാര്‍ത്ഥനയില്‍ ഒരുമിച്ചു ജീവിച്ചു മക്കളുടെ ഉന്നമനത്തിനും വിശ്വാസം പകര്‍ന്നു കൊടുക്കാനും പ്രവാസികള്‍ നല്‍കുന്ന മാതൃക അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. സിബിസിഐ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍, എസ്എംസിഎ കുവൈറ്റ് ജനറല്‍ സെക്രട്ടറി ജോയി തുന്പശേരി, ട്രഷറര്‍ ജോര്‍ജ് ചാക്കോ, ജോയിന്റ് സെക്രട്ടറി ലിയോ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 254