India - 2025
മാര്‍ ഈവാനിയോസ് തീര്‍ത്ഥാടന പദയാത്ര റാന്നിയില്‍ ആരംഭിച്ചു
സ്വന്തം ലേഖകന്‍ 11-07-2019 - Thursday
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തയും പുനരൈക്യശില്പിയുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 66ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച തീര്‍ത്ഥാടന പദയാത്ര റാന്നി പെരുനാട്ടില്‍ നിന്നാരംഭിച്ചു. സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സന്യസ്തരും കാഷായ വസ്ത്രധാരികളായ അല്മായരുമടങ്ങുന്ന തീര്‍ത്ഥാടകരാണ് അഞ്ചു ദിവസത്തെ കാല്‍നടയാത്രയിലൂടെ തിരുവനന്തപുരത്തെത്തുന്നത്.
പുനരൈക്യത്തിന്റെ ഈറ്റില്ലമായ പെരുന്നാട്ടിലെ മാമ്പാറ കുരിശുമല തീര്‍ത്ഥാടന ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമാണു പദയാത്രയ്ക്കു തുടക്കമായത്. വിശുദ്ധ കുര്‍ബാനയ്ക്കു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സാമുവേല്‍ മാര്‍ ഐറേനിയോസ്, ജോസഫ് മാര്‍ തോമസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.