India - 2025
പ്രളയ ബാധിതരായ പന്ത്രണ്ട് കുടുംബങ്ങള്‍ക്കു വില്ലകള്‍ കൈമാറാന്‍ മച്ചിപ്ലാവ് ദേവാലയം
സ്വന്തം ലേഖകന്‍ 11-07-2019 - Thursday
അടിമാലി: പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടമായ നിര്‍ധനരായ പന്ത്രണ്ടു കുടുംബങ്ങള്‍ക്കു വില്ലകള്‍ കൈമാറാന്‍ അടിമാലി മച്ചിപ്ലാവ് അസീസി ദേവാലയം ഒരുങ്ങുന്നു. ഇടവകാംഗങ്ങള്‍ ചേര്‍ന്നു പള്ളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 30 സെന്റ് ഭൂമിയില്‍ വില്ലയൊരുക്കാന്‍ തീരുമാനിച്ചതോടെയാണു പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ടവര്‍ക്ക് പുതുജീവിതത്തിന് ചിറകു മുളച്ചത്. ആറു വില്ലകള്‍ പള്ളിയോടു ചേര്‍ന്നും ശേഷിക്കുന്നവ ഇടവകയുടെ വിവിധ ഭാഗങ്ങളിലുമായാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. സൗഹൃദത്തിന്റെ വഴികളില്‍ കണ്ടുമുട്ടിയ ബംഗളൂരു മത്തിക്കര ഇടവക 10 വീടുകള്‍ക്കു പൂര്‍ണമായും രണ്ടു വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കും സാമ്പത്തിക സഹായം നല്‍കിയതായി മച്ചിപ്ലാവ് പള്ളി വികാരി ഫാ. ജയിംസ് മാക്കിയില്‍ പറഞ്ഞു.
സിഎസ്എസ്ആര്‍ സന്യാസ സഭ പ്രൊവിന്‍ഷ്യല്‍ ടീം ഒരു വീടിന്റെ നിര്‍മാണത്തിനു ഭൂമി നല്‍കി. സിഎംസി സന്യാസി സമൂഹം, കേരള ഗവണ്മെസന്റ് , സിഎംഐ ഹൈദരാബാദ് മേരിമാത പ്രോവിന്‍സ്, ഫാ. മിനേഷ് പുത്തന്‍പുരയുടെ നേതൃത്വത്തിലുള്ള രാമപുരം സിഎംഐ പബ്ലിക് സ്‌കൂള്‍, വിവിധ സന്യാസ സമൂഹങ്ങള്‍, സഹകരണ ബാങ്കുകള്‍, പൊതുസ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങി പൊതുസമൂഹത്തിന്റെ പിന്തുണയോടെയാണ് അസീസി വില്ല പൂര്‍ത്തിയാകുന്നത്. 2018 ഡിസംബര്‍ 23ന് ശിലാസ്ഥാപനം നടത്തിയ വില്ലകളുടെ നിര്‍മാണം പൂര്‍ത്തീയായിരിക്കുകയാണ്. 14ന് ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വെഞ്ചരിപ്പ് നിര്‍വഹിക്കും.