India - 2025
കര്‍ദ്ദിനാളിനെതിരെയുള്ള വ്യാജ രേഖ: ഒരാള്‍ കൂടി പിടിയില്‍
സ്വന്തം ലേഖകന്‍ 12-07-2019 - Friday
കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വിഷ്ണു റോയി എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. നേരത്തെ കേസില്‍ അറസ്റ്റിലായ ആദിത്യ എന്ന പ്രതിയുടെ സുഹൃത്താണ് ഇയാള്‍. ബാംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. നേരത്തെ വ്യാജരേഖ ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തെന്ന്‍ കണ്ടെത്തിയ എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ പിടികൂടിയതോടെയാണ് കേസിലെ ചുരുളഴിഞ്ഞത്.
കര്‍ദ്ദിനാളിന്റെ മുന്‍ ഓഫീസ് സെക്രട്ടറിയും മുരിങ്ങൂര്‍ വികാരിയുമായ വൈദികന്‍ വ്യാജരേഖ ചമയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും വൈദികരുടെ പേര് ഉള്‍പ്പെടാതിരിക്കാനാണ് ഫാ. പോള്‍ തേലക്കാട്ടിന് രേഖ നേരിട്ട് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടതെന്നും ആദിത്യന്‍ പോലീസിനോട് വെളിപ്പെടുത്തിയിരിന്നു. ഇക്കാര്യം പോലീസ് പിന്നീട് സ്ഥിരീകരിച്ചു. വിഷ്ണുവിന്റെ അറസ്റ്റോടെ കര്‍ദ്ദിനാളിനെതിരെയുള്ള വ്യാജ ആരോപണത്തിന്റെ ചുരുള്‍ വരും ദിവസങ്ങളില്‍ അഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.