Social Media - 2024

ദുഷ്ട്ടനെ പനപോലെ വളര്‍ത്തുന്ന ബൈബിളിലെ ദൈവം?

ഫാ. ബിബിൻ മഠത്തിൽ 16-07-2019 - Tuesday

ഇന്നും വീണ്ടും ആ മണ്ടത്തരം കേട്ടു. ഏത്? “ദുഷ്ടനെ ദൈവം പന പോലെ വളർത്തും” എന്ന് ബൈബിളിൽ ഉണ്ടെന്ന്... വിശ്വാസികളും അവിശ്വാസികളും രാഷ്ട്രീയക്കാരും അരാഷ്ട്രീയക്കാരുമൊക്കെ ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണു “ദുഷ്ടനെ ദൈവം പന പോലെ വളർത്തും” എന്ന ബൈബിൾ വചനം. സോറി. സത്യത്തിൽ അങ്ങനൊരു വചനം ബൈബിളിൽ ഇല്ല. കണ്ണു തള്ളണ്ട. ബൈബിൾ മുഴുവൻ വായിച്ചു നോക്കിക്കൊള്ളൂ..!

ബൈബിൾ പ്രകാരം പന പോലെ വളരുന്നത ദുഷ്ടനല്ല, നീതിമാനാണ് സങ്കീർത്തനം 92:12 പറയുന്നു “നീതിമാന്‍മാര്‍ പനപോലെ തഴയ്ക്കും; ലബനോനിലെ ദേവദാരുപോലെ വളരും.” മരുഭൂമിയിലെ കഠിനമായ ചൂടിനെ അതിജീവിച്ച് വളരുന്ന മരമാണു പന. മരുഭൂമിയിലൂടെ അലയുന്ന യാത്രികർക്ക് തണൽ നൽകുന്നതും അവർക്കു മധുരമായ കായ്കനികൾ നൽകുന്നതും പനയാണ്. ചുറ്റും വളരുന്ന മറ്റൊന്നിനും ബാധയുണ്ടാക്കാതെ എപ്പോഴും മുകളിലോട്ട് വളരുന്ന ഒന്നാണു പന. ഇത് നീതിമാന്റെ പ്രതീകമാണ്. പ്രതികൂലസാഹചര്യത്തിലും തഴച്ചുവളരുന്നവനും മറ്റുള്ളവർക്ക് തണലാകുന്നവനും അവരുടെ ജീവിതത്തിൽ സഹായി ആകുന്നവനും എപ്പോഴും ദൈവത്തെ നോക്കി മറ്റുള്ളവർക്ക് ബാധയാകാതെ വളരുന്നവനുമാണ് നീതിമാൻ.

ഇനി ദുഷ്ടന്റെ വളർച്ചയെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. “ദുഷ്ടർ പുല്ലു പോലെ മുളച്ചു പൊങ്ങുന്നു; തിന്മ ചെയ്യുന്നവർ തഴച്ചു വളരുന്നു; എങ്കിലും അവർ എന്നേക്കുമായി നശിപ്പിക്കപ്പെടും.” (സങ്കീർത്തനം 92:7‌). അതായത് ദുഷ്ടന്റെ വളർച്ച പെട്ടെന്നായിരിക്കും. പക്ഷെ അതിനു അധികം ആയുസുണ്ടാകില്ല. മറ്റൊരിടത്ത് വചനം പറയുന്നു. “ദുഷ്ടന്‍ പ്രബലനാകുന്നതും ലബനോനിലെ ദേവദാരുപോലെ ഉയര്‍ന്നുനില്‍ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീടു ഞാന്‍ അതിലെ കടന്നുപോയപ്പോള്‍അവനവിടെ ഉണ്ടായിരുന്നില്ല; അവനെ അന്വേഷിച്ചു, കണ്ടില്ല.” (സങ്കീർത്തനം 37:35-36). “ലബനോനിലെ ദേവദാരു പോലെ” എന്ന് പി. ഒ. സി ബൈബിൾ തർജ്ജമ ചെയ്തിരിക്കുന്നത് ഗ്രീക്കിൽ (സെപ്തുഅജിന്റ്) നിന്നാണ്.

എന്നാൽ ഹീബ്രു ബൈബിളിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നത് “പ്രാദേശികമായ (അല്ലെങ്കിൽ സ്വദേശികമായ) പച്ചവൃക്ഷം പോലെ” എന്നാണ്. ഹീബ്രു വേർഷൻ ആണു ഇവിടെ കൂടുതൽ ശരി. സ്വദേശികമായ പച്ചവൃക്ഷം എന്നത് നമ്മുടെ ആൽമരം പോലെ ഉള്ളതാണ്. ഇംഗ്ലീഷ് തർജ്ജമ ആയ കിംഗ് ജയിംസ് വേർഷനിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നത് “I have seen the wicked in great power, and spreading himself like a green bay tree.| (Ps. 37:35 KJV). എന്നാണ്.

എന്താണു ആൽമരത്തിന്റെ പ്രത്യേകത? പനമരത്തിൽ നിന്നു വ്യത്യസ്തമാ‍യി ആൽമരം തഴച്ചു വളരുന്നത് ജലം ഉള്ളിടത്താണ്. മാത്രമല്ല, അതിൽ നിന്നു തണൽ ലഭിക്കുമെന്നല്ലാതെ കായ്കനികൾ ഒന്നും ലഭിക്കില്ല. അതിന്റെ തടിയും ഉപയോഗപ്രദമല്ല. അതു വളരുന്നതും മുകളിലേക്കല്ല, മറിച്ച് വശങ്ങളിലേക്കാണ്. അതിനാൽ തന്നെ അതിനടിയിലൊ വശങ്ങളിലൊ നിൽക്കുന്ന യാതൊന്നിനെയും വളരാൻ അത് അനുവദിക്കുകയുമില്ല. ദുഷ്ടന്റെ വളർച്ചയും ഏകദേശം ഇതു പോലെ ആയിരിക്കും.

“ദുഷ്ടനെ ദൈവം പന പോലെ വളർത്തും” എന്ന് പറയുന്നതിനൊ എഴുതുന്നതിനൊ മുമ്പ് ഇനിയെങ്കിലും ഓർക്കുക... നിങ്ങൾക്ക് അത് പറയാം. പക്ഷെ അത് ബൈബിളിൽ ഉള്ളതല്ല..!

More Archives >>

Page 1 of 10