Social Media - 2024

ചാന്ദ്രയാൻ രണ്ടും വിശുദ്ധ മേരി മാഗ്ദലീനയും

ഫാ. ക്ലീറ്റസ് കാരക്കാട്ട് 23-07-2019 - Tuesday

വർഷങ്ങൾ നീണ്ട ശാസ്ത്രപരീക്ഷണങ്ങളുടെ ഫലമായി വിഖ്യാതമായ ഒരു ബഹിരാകാശ നിരീക്ഷണ പഠനകേന്ദ്രത്തിൽ നിന്ന് ആകാശത്തെയും മേഘങ്ങളേയും കീറിമുറിച്ച്‌ ബഹിരാകാശത്തേക്ക്‌ കുതിച്ചുപൊന്തുന്ന ഇന്ത്യയുടെ അഭിമാന ഉപഗ്രഹം ചാന്ദ്രയാൻ രണ്ടും കത്തോലിക്കാസഭയിലെ വിശുദ്ധരുടെ പട്ടികയിലുള്ളതും യേശുക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ആദ്യസാക്ഷിയുമായ വിശുദ്ധ മേരി മാഗ്ദെലീനുമായി എന്തുബന്ധം എന്ന് ഒരുപക്ഷേ നമ്മിൽ പലരും ചോദിച്ചേക്കാം. വലിയൊരു ബന്ധമുണ്ട്‌, ഒരുപക്ഷേ ഈ ചാന്ദ്രദൗത്യത്തിന്റെപിന്നിൽ പലരും മനസിലാക്കാത്ത അറിയാത്ത അത്ഭുതകരമായൊരു ബന്ധം.

രണ്ടുനാൾ മുന്നേ നടക്കേണ്ടിയിരുന്ന ചാന്ദ്രയാൻ 2 ദൗത്യം സാങ്കേതികകാരണങ്ങളാൽ മാറ്റിവെക്കേണ്ടിവന്നു. എന്നാൽ യാദൃശ്‌ചികമാകാം വിക്ഷേപണത്തിനായി ശാസ്ത്രജ്ഞരുടെ സംഘം തിരഞ്ഞെടുത്തത്‌ ജൂലൈ മാസം 22 ന്‌. അന്നാണു കത്തോലിക്കാസഭ വിശുദ്ധമേരി മാഗ്ദെലേനയുടെ തിരുനാൾ ആഘോഷിക്കുന്നത്‌. 1960-ൽ തുമ്പയിൽ റോക്കറ്റുവിക്ഷേപണകേന്ദ്രം സ്ഥാപിക്കാൻ വേണ്ടി വിക്രം സാരാഭായിയും എ പി ജെ അബ്ദുൾ കലാമും തുമ്പയിലെ കത്തോലിക്കാദേവാലയം നിൽക്കുന്ന സ്ഥലത്തിനുവേണ്ടി തിരുവനന്തപുരം മെത്രാൻ ബെർണ്ണാഡ്‌ പെരെയ്‌ര പിതാവിനെ സമീപിച്ചപ്പോൾ വിശ്വാസികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി റോക്കറ്റ്‌ വിക്ഷേപണകേന്ദ്രത്തിനായി വിട്ടുകൊടുത്ത ദേവാലയത്തിന്റെ പേരു് സെന്റ്‌. മേരി മാഗ്ദെലീൻ എന്നായിരുന്നു.

അഗ്നിച്ചിറകുകൾ എന്ന തന്റെ ആത്മകഥയിൽ എ. പി ജെ അബ്ദുൾ കലാം ആ ചരിത്രസംഭവത്തെ ഇങ്ങനെ കുറിച്ചുവെച്ചു. "The St. Mary Magdalene church housed the first office of the Thumba Space Centre. The prayer room was my first laboratory, the bishop's room was my design and drawing office.” കൊല്ലങ്ങൾക്കിപ്പുറം 2019 ജൂലൈ മാസം ഇരുപത്തിരണ്ടാം തിയതി വിശുദ്ധ മേരി മാഗ്ദെലീന്റെ തിരുനാൾ ദിവസം ചാന്ദ്രയാൻ രണ്ട്‌ വിജയകരമായി വിക്ഷേപിക്കുമ്പോൾ ഇത്‌ കേരള കത്തോലിക്കാസഭയ്ക്കും അഭിമാനത്തിന്റെ നിമിഷമാണ്‌.

More Archives >>

Page 1 of 10