India - 2024

മിഷ്ണറി ചൈതന്യം സഭയുടെ മുഖമുദ്രയാകണം: ആർച്ച് ബിഷപ്പ് സൂസപാക്യം

05-08-2019 - Monday

കൊച്ചി: ശരിയായ അറിവിന്റെ വെളിച്ചത്തിലുള്ള പ്രേഷിത ചൈതന്യമാണ് സഭക്കുണ്ടാകേണ്ടതെന്ന് ആർച്ച് ബിഷപ്പ് സൂസപാക്യം. മൗണ്ട് സെൻറ് തോമസിൽ മെത്രാന്മാരുടെയും ദൈവ ശാസ്ത്രജ്ഞരുടെയും ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രേഷിതർ മാതൃകയിലൂടെ സാക്ഷ്യം നൽകുന്നവരും പ്രേഷിത സഹനവും രക്തസാക്ഷിത്വവും ഏറ്റെടുക്കാൻ സന്നദ്ധരുമാകണം. മതത്തിന്റെ ആത്മാവ് ചോർത്തിക്കളയുകയും മതം രാഷ്ട്രീയ അധികാരത്തിനുള്ള ഉപാധിയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമീപകാല സാഹചര്യങ്ങളിൽ സത്യത്തിനു സാക്ഷികൾ ആകുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്.

എന്നാൽ സത്യത്തിന്റെ വെളിച്ചമാണ് സമൂഹത്തെ പ്രകാശിപ്പിക്കേണ്ടതും നയിക്കേണട്തും. മനുഷ്യനെയും ലോകത്തെയും ദൈവത്തെയും സംബന്ധിക്കുന്ന വെളിച്ചമാണ് മതങ്ങൾ പങ്കുവെക്കുന്നത്. ദൈവീകമായ വെളിച്ചമില്ലെങ്കിൽ ജീവിതം ഇരുളടഞ്ഞതാകും. മിഷനറിമാർ ആത്മീയവെളിച്ചം പകരുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു. ആർച്ചു ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ്, ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, ഡോ. ക്ളമന്റ് വള്ളുവശ്ശേരി, ഡോ. ജോയി പുത്തൻവീട്ടിൽ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. 2019 ഒക്ടോബർ മാസം ഫ്രാൻസിസ് പാപ്പ അസാധാരണ പ്രേഷിത മാസമായി പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സഭയുടെ പ്രേഷിത ദൗത്യം എന്ന വിഷയം ദൈവശാസ്ത്ര സമ്മേളനം തെരഞ്ഞെടുത്തത്.


Related Articles »