Faith And Reason

ലോക ബാസ്കറ്റ്ബോള്‍ താരത്തില്‍ നിന്നും കര്‍ത്താവിന്റെ മണവാട്ടിയിലേക്ക്

സ്വന്തം ലേഖകന്‍ 07-08-2019 - Wednesday

വില്ലനോവ: ലോകം അറിയുന്ന ബാസ്കറ്റ്ബോള്‍ താര പദവിയില്‍ നിന്ന്‍ കര്‍ത്താവിന്റെ മണവാട്ടിയായി കന്യാസ്ത്രീ മഠത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഏകാന്ത ജീവിതം നയിക്കുന്നതിനായി വില്ലനോവയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ ബാസ്കറ്റ്ബോള്‍ താരം ഷെല്ലി പെന്നെഫാദര്‍ തീരുമാനിച്ചപ്പോള്‍ അമ്പരപ്പോടെയാണ് അവളെ അറിയാവുന്നവര്‍ അത് കേട്ടത്. ഏറെ പേര്‍ ആഗ്രഹിച്ചിട്ടും ലഭിക്കാത്ത പ്രൊഫഷണല്‍ ജീവിതവും സമ്പത്തും പ്രശസ്തിയും നിമിഷ നേരം കൊണ്ട് വേണ്ടെന്ന് വെച്ചെന്ന് കേട്ടപ്പോള്‍ തന്നെ പലരും സ്തബ്ദരായി. വില്ലനോവയിലെ പുരുഷ വനിതാ ബാസ്കറ്റ്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച സ്കോറിനുടമയായ ഷെല്ലിയുടെ ആവേശോജ്ജ്വലമായ ദൈവവിളിയുടെ കഥ സ്പോര്‍ട്സ് ചാനലായ ഇ.എസ്.പി.എന്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. അത് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്.

കോളേജ് പഠനത്തിനു ശേഷം ജപ്പാനിലെത്തിയ ഷെല്ലി പ്രൊഫഷണല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരിക്കെ ടീമിനു ഉണ്ടായ അത്ഭുതകരമായ ഉയര്‍ച്ചയാണ് അവളുടെ ജീവിതത്തെ മാറ്റിമറിച്ചത്. തന്റെ ടീമിനെ ഏറ്റവും അവസാന സ്ഥാനത്ത് നിന്നും പ്ലേഓഫിലേക്ക് എത്തിക്കുവാന്‍ ദൈവവുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയായിരിന്നു അവളുടെ സന്യാസ ജീവിതത്തിലേക്കുള്ള ആദ്യ ചവിട്ടുപ്പടി. തന്റെ സമയവും മത്സര സീസണിനു ശേഷമുള്ള ബോണസും പെന്‍സില്‍വാനിയയിലെ മദര്‍ തെരേസ കോണ്‍വെന്റിനു നല്‍കാമെന്നായിരുന്നു ഷെല്ലി ദൈവത്തിനു കൊടുത്ത വാക്ക്. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം 1991-ലാണ് ഷെല്ലി തന്റെ ദൈവവിളിക്ക് പ്രത്യുത്തരം നല്‍കിയത്.

തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ഷെല്ലിയെ ലോകത്തെ ഏറ്റവും ധനികരായ വനിതാ ബാസ്കറ്റ്ബോള്‍ താരങ്ങളില്‍ ഒരാളാക്കി മാറ്റാവുന്ന രണ്ടുലക്ഷം ഡോളര്‍ വാര്‍ഷിക ശമ്പളത്തിന്റെ കരാര്‍ ഉപേക്ഷിച്ചുകൊണ്ട് 1991 ജൂണ്‍ 8-ന് വിര്‍ജീനിയയിലെ അലെക്സാണ്ട്രിയയിലുള്ള പുവര്‍ ക്ലയേഴ്സ് കന്യാസ്ത്രീ മഠത്തില്‍ കഠിനമായ ചിട്ടകളോട് കൂടിയ ആത്മീയ ജീവിതം അവള്‍ ആരംഭിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 1994-ല്‍ നിത്യവൃതവാഗ്ദാനം സ്വീകരിച്ച ഷെല്ലി ഇന്ന് സിസ്റ്റര്‍ റോസ് മേരിയാണ്. കോണ്‍ഗ്രിഗേഷന്‍റെ നിയമമനുസരിച്ച് 25 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് അവള്‍ക്ക് തന്റെ കുടുംബാംഗങ്ങളേയും പ്രിയപ്പെട്ടവരേയും പുല്‍കാന്‍ സാധിക്കുകയുള്ളൂ.



25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ജൂണ്‍ 9-ന് ഷെല്ലി തന്റെ കുടുംബാംഗങ്ങളേയും, പഴയ കോച്ചിനേയും, സഹകളിക്കാരേയും കണ്ടു. ആശ്ലേഷത്തോടെ എല്ലാവരെയും പുല്‍കുന്ന സിസ്റ്റര്‍ റോസ് മേരിയുടെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. കഴിഞ്ഞ 25 വര്‍ഷമായി ഈ ദിവസത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്‌ അമ്മ മേരി ജെയിന്‍ വീട്ടില്‍ മെഴുകുതിരി കത്തിച്ചു വെച്ചിട്ടുണ്ടായിരുന്നുവെന്നു ഇഎസ്പിഎന്നിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശേഷിക്കുന്ന ജീവിതവും ക്രിസ്തുവിനായി പൂര്‍ണ്ണമായി നല്‍കിക്കൊണ്ട് തന്നെ ഭരമേല്‍പ്പിച്ച ദൌത്യങ്ങള്‍ കൂടുതല്‍ തീക്ഷ്ണതയോടെ തുടരാനാണ് സിസ്റ്റര്‍ റോസ് മേരിയുടെ തീരുമാനം.

More Archives >>

Page 1 of 11