Social Media - 2020

ജീവിതം നിലയില്ലാ കയത്തിൽ, സഹായിക്കേണ്ടത് ഇനിയാണ്..!

ഫാ. ബിവാള്‍ഡിന്‍ തേവര്‍ക്കുന്നേല്‍ 11-08-2019 - Sunday

ഇന്നലെ പ്രളയം ഒരു കൗതുക കാഴ്ചയായിരുന്നു. എന്നാൽ ഇന്ന് അതൊരു നൊമ്പരക്കാഴ്ചയാണ്. കാരണം ഇന്നലെ പോയത് പതഞ്ഞൊഴുകുന്ന പുഴയും ദേശീയ പാതയിലെ വെള്ളക്കെട്ടും കാണാനായിരുന്നെങ്കിൽ ഇന്ന് പോയത് ഒരു ദുരിതാശ്വാസ ക്യാമ്പിലാണ്. ഇന്നലെ കൂട്ടുപുഴ പാലത്തിനടിയിലൂടെ പതഞ്ഞൊഴുകിയ കലക്കവെള്ളം ഇന്നു കണ്ട മനുഷ്യരുടെ ജീവിതങ്ങളെ നെടുനീളത്തിൽ കീറി മുറിച്ചാണ് ആർത്തലച്ച് കടന്നു പോയതത്രെ!

അവിടെ ചോരമണത്തത് വെറുതെയായിരുന്നില്ല!!!

അടിസ്ഥാന സൗകര്യങ്ങളൊരുക്കി ആശ്വാസവാക്കുകളുമായി ഒരു നാട് മുഴുവൻ കൂടെയുണ്ടെങ്കിലും ദുരിതം പേറി ക്യാമ്പിലെ ക്ലാസ് മുറികളിൽ അടുക്കിയിട്ട ബെഞ്ചുകൾക്ക് മുകളിലും നിലത്തു വിരിച്ച പായകളിലുമൊക്കെയായി കാൽമുട്ടുകൾക്കിടയിൽ ശിരസ് പൂഴ്ത്തിയിരിക്കുന്ന മനുഷ്യരുടെയെല്ലാം മുഖത്ത് എന്തൊരു ദൈന്യതയാണ്. ഒരായുസിന്റെ അധ്വാനം മുഴുവൻ വെള്ളത്തിൽ കുതിർന്ന് കിടക്കമ്പോൾ എങ്ങനെയാണ് അവരുടെ മുഖത്ത് പ്രസാദമുണ്ടാവുക? ജീവൻ മാത്രമേ ഇപ്പോൾ അവരുടെ കൈയിലുള്ളൂ, ജീവിതം നിലയില്ലാ കയത്തിൽ തന്നെയാണ്. മുഴുവനില്ലെങ്കിലും ഇത്തിരിയെങ്കിലും തിരികെ കിട്ടുമെന്ന പ്രത്യാശയാവണം ശോഭയേറെയില്ലെങ്കിലും നനഞ്ഞു കൂമ്പിയ കൺപോളകൾക്കിടയിൽ, മുനിഞ്ഞു കത്തുന്ന റാന്തൽ വിളക്കിന്റെ നാളത്തെ അനുസ്മരിപ്പിക്കുന്ന വിധം, എപ്പോഴോ കണ്ട ഇത്തിരിവെട്ടം. അവരുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോൾ മനുഷ്യൻ എന്ന വാക്കിന്റെ ഇതൾ വിടർന്നു വരുന്നു.

ശരിക്കും ആരാണ് മനുഷ്യൻ - രണ്ടു കാലിൽ നിവർന്നു നിൽക്കുന്ന ജീവനുള്ള ശരീരത്തെ വിളിക്കാവുന്ന പേരൊന്നുമല്ല അത്. അങ്ങനെയെങ്കിൽ ജീവൻ കയ്യിലുണ്ടായിട്ടും പിന്നെന്തിനാണ് ഈ മനുഷ്യർ ഇങ്ങനെ പാതി പിളർന്ന് നിൽക്കുന്നത്. ഒരാളെ അയാളാക്കുന്നതിന്റെ പാതിയും അയാൾക്ക് പുറത്താണ് എന്നതുതന്നെ കാരണം. അയാളിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്ന മേൽവിലാസം മുതൽ സമൂഹത്തിന്റെ തരംതിരിവുകളിൽ അയാൾ അടയാളപ്പെടുത്തപ്പെടുന്ന മാനദണ്ഡങ്ങൾ വരെ അയാൾക്ക് പുറത്തുള്ള കാര്യങ്ങളുമായി, ഒരായുസിന്റെ അധ്വാനം കൊണ്ട് സ്വരുക്കൂട്ടി തന്റെ ചിറകുകൾക്ക് കീഴിലൊതുക്കി വച്ചിരിക്കുന്നവയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അങ്ങനെ കുറ്റിയടിച്ച് കെട്ടിയിരിക്കുന്ന മാടിനെ പോലെ അയാളുടെ ജീവിതത്തിനും ഒരു വ്യാസം നിശ്ചയിക്കപ്പെടുന്നു. ആ വൃത്തത്തെയാണ് ജീവിതം എന്ന് വിളിക്കുന്നത്.

ജീവനും ജീവിതവും ചേരുന്നതാണ് മനുഷ്യൻ. മലവെള്ളത്തിൽ നിന്ന് കൈപിടിച്ച് കരയ്ക്ക് കയറ്റിയത് ജീവനെ മാത്രമാണ്. അതുകൊണ്ടാണ് ദുരിതാശ്വാസ ക്യാമ്പിലെ ചോരാത്ത മേൽക്കൂരയ്ക്ക് കീഴിലെ കട്ടിയുള്ള കമ്പളത്തിനടിയിലും അയാൾ തണുത്ത് വിറങ്ങലിച്ച് പോകുന്നത്. ജീവൻ മാത്രമാണ് കരയ്ക്കിരിക്കുന്നത്. ജീവിതം ചേറിൽ പുതഞ്ഞും കലക്കവെള്ളത്തിൽ കുതിർന്നും കിടക്കുകയാണപ്പോഴും. വീട്, കുടുംബം, സമ്പാദ്യം ഒക്കെ നഷ്ടപ്പെടുമ്പോൾ ഒരാൾ നാല്പതോ അൻപതോ അതിലേറെയോ വർഷങ്ങളുടെ അധ്വാനം കൊണ്ട് ആയിത്തീർന്ന അയാളല്ലാതായി മാറുന്നു. കാരണം സ്വന്തമായുണ്ടായിരുന്നവയായിരുന്നു അയാളെ അയാളാക്കി മാറ്റിയത്. അതിൽപ്പരം അയാൾക്കിനി എന്ത് മുറിവുണ്ടാകാനാണ്?

ജീവൻ സംരക്ഷിക്കുന്നതോടൊപ്പം ജീവിതത്തെ കരുപ്പിടിപ്പിക്കാൻ കൂടെ സഹായിക്കേണ്ടത് അനിവാര്യമായി മാറുന്നത് അവിടെയാണ്. ചുവടുറപ്പിക്കാനൊരിടമുണ്ടെങ്കിലല്ലേ മുന്നോട്ട് അടുത്ത ചുവട് വയ്ക്കാനാവൂ. അതുകൊണ്ട് പ്രളയകാലത്തെ സഹായങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷണ സാധനങ്ങളിലും, വസ്ത്രങ്ങളിലും, സാനിറ്ററി പാഡകളിലുമൊന്നും ഒതുങ്ങിപ്പോകരുത്. ക്യാമ്പുകളിൽ അവരുടെ ജീവനെ പൊതിഞ്ഞു പിടിക്കുന്ന കരുതലിന്റെ കരങ്ങളാവുക, ആത്മാവിന്റെ വിങ്ങലിൽ ആശ്വാസത്തിന്റെ മൊഴികളാവുക, തുളുമ്പുന്ന മിഴികളൊപ്പുന്ന കനിവുള്ള കൂട്ടാവുക. ക്യാമ്പിനപ്പുറം നിവർന്നു നിൽക്കാൻ അവരെ സഹായിക്കുന്ന ഊന്നുവടികളാവുക. ഇടം കണ്ടെത്താൻ അവർക്ക് തുണയാവുക.

ക്യാമ്പിന് ശേഷമാണ് ദുരിതബാധിതർക്ക് സഹായം കൂടുതൽ ആവശ്യമുള്ളത്. ക്യാമ്പിൽ എല്ലാമെല്ലാമായിരുന്നിട്ട് അതിനപ്പുറം വെള്ളം നക്കിത്തുടച്ച ചില ശൂന്യതകളിലേക്ക് അവരെ വിട്ടിട്ട് പോരാൻ കഴിയുന്നതെങ്ങനെയാണ്? പ്രളയകാലത്ത് അവരുടെ ജീവനെ ചേർത്തു പിടിച്ചതുപോലെ പ്രളയാനന്തരം അവരുടെ ജീവിതത്തെക്കൂടി ചേർത്തു പിടിക്കാനുള്ള കടമ ദുരിതം ബാധിക്കാത്ത എല്ലാവർക്കുമില്ലേ?


Related Articles »