News - 2024
വിശുദ്ധരുടെ പുണ്യപാത യുനെസ്കോയുടെ പൈതൃക പട്ടികയിലേക്ക്
സ്വന്തം ലേഖകന്‍ 25-08-2019 - Sunday
കാന്‍റര്‍ബറി: ഇംഗ്ലണ്ടിലെ കാന്‍റര്‍ബറിയില്‍ നിന്നു തുടങ്ങി റോമാ നഗരംവരെ നീളുന്ന ആയിരം വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള നടപ്പാത 'വിയ ഫ്രാന്‍സിജേനിയ' യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിലേക്ക്. ആയിരക്കണക്കിന് തീര്‍ത്ഥാടകരും, ജൊവാന്‍ ഓഫ് ആര്‍ക്ക്, സിയന്നായിലെ വിശുദ്ധ കാതറിൻ , വിശുദ്ധ ജെയിംസ്, വിശുദ്ധ ബെര്‍ണര്‍ഡ് തുടങ്ങിയ അനേകം വിശുദ്ധരും കാല്‍നട തീര്‍ത്ഥാടനം നടത്തിയ പാതയാണിത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്വിറ്റസര്‍ലണ്ട് ഇറ്റലി എന്നീ രാജ്യാതിര്‍ത്തികള്‍ കടന്നാണ് രണ്ടായിരം കി. മീ. ദൈര്‍ഘ്യമുള്ള ഈ തീര്‍ത്ഥാടനവഴി റോമിലെത്തുന്നത്.
യൂറോപ്പിന്‍റെ വടക്കന്‍ പ്രവിശ്യയിലൂടെ നീങ്ങുന്ന ഈ തീര്‍ത്ഥാടന വഴിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന ദേവാലയങ്ങളും ബസിലിക്കകളും, പുരാതനമായ വാസ്തുഭംഗിയുള്ള വീടുകളും, ചരിത്രസ്മാരകങ്ങളും, പഴയ സാങ്കേതികതയില്‍ പണിതീര്‍ത്ത പാലങ്ങളും, വഴിവിളക്കുകളും ശ്രദ്ധേയമാക്കുന്നു. നിത്യനഗരമായ റോമിലും, ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പായുടെയും സവിധത്തില്‍ എത്തിച്ചേരും മുന്‍പ് ഇറ്റലിയിലൂടെ മാത്രം സഞ്ചരിക്കുമ്പോള്‍ ഫ്രാന്‍സിജേന വഴിയില്‍ മുന്നൂറിലധികം ചരിത്ര സ്മാരകങ്ങളാണ് സ്ഥിതി ചെയ്യുന്നത്. 'വിയ ഫ്രാന്‍സിജേനിയ' സ്മാരകവും സാംസ്കാരിക പൈതൃകവുമാക്കി സംരക്ഷിക്കാന്‍ രാജ്യങ്ങള്‍ രേഖകളും സമ്മതിയും യുനേസ്ക്കോയ്ക്കു നല്കുന്ന ഔദ്യോഗിക ക്രമങ്ങള്‍ ആഗസ്റ്റ് 20-നാണ് ആരംഭിച്ചത്.