India - 2024

ക്രൈസ്തവരോട് കടുത്ത അനീതി: ന്യൂനപക്ഷ കമ്മീഷന്റെ ഇരട്ടത്താപ്പ് വീണ്ടും

സ്വന്തം ലേഖകന്‍ 27-08-2019 - Tuesday

കോട്ടയം: ന്യൂനപക്ഷ മതവിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അപേക്ഷ ക്ഷണിച്ച പ്രഫ. മുണ്ടശേരി സ്‌കോളര്‍ഷിപ്പ് വിതരണത്തിലും കടുത്ത അനീതി. മുസ്ലിം വിഭാഗത്തിന് 80 ശതമാനവും മറ്റ് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുംകൂടി 20 ശതമാനവും എന്ന അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്ന്‍ അവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മറ്റ് ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ നിലനില്‍ക്കുന്ന അനീതി ഇതിലും ആവര്‍ത്തിച്ചിരിക്കുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണ് ഈ സ്കോളര്‍ഷിപ്പ്. നൂറ് സ്‌കോളര്‍ഷിപ്പ് അനുവദിച്ചാല്‍ 80 എണ്ണം മുസ്ലിം വിഭാഗത്തിലും ബാക്കി എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുംകൂടി 20 എണ്ണവും എന്നതാണ് സ്ഥിതി.

ക്രിസ്ത്യന്‍, സിക്ക്, ജൈന, ബുദ്ധ തുടങ്ങിയ ബാക്കി എല്ലാ വിഭാഗങ്ങള്‍ക്കും കൂടിയാണ് 20 ശതമാനം നല്‍കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഒരു വിഭാഗത്തെ പ്രത്യേകം പരിഗണിച്ചു വന്‍തോതില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും മറ്റു വിഭാഗങ്ങള്‍ക്കു പേരിനു മാത്രം അനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നതു സാമാന്യനീതിക്കു നിരക്കുന്നതല്ലെന്ന് ക്രൈസ്തവ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വിവിധ ജില്ലകളില്‍ നടത്തിയ സിറ്റിംഗുകളില്‍ െ്രെകസ്തവ സംഘടനകള്‍ അടക്കം പങ്കെടുത്തു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണത്തില്‍ നിലനില്‍ക്കുന്ന കടുത്ത അനീതി കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.

മുസ്ലിം പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിച്ച പാലോളി കമ്മീഷന്റെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 80:20 അനുപാതം തുടരുന്നതെന്ന വാദമാണ് ന്യൂനപക്ഷ വകുപ്പ് അടക്കം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, ഒരു വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ മാത്രം പഠനവിധേയമാക്കി അവര്‍ക്ക് അമിതമായി ആനുകൂല്യങ്ങള്‍ കൊടുക്കുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുന്നതു ശരിയല്ലെന്നു മറ്റു ക്രൈസ്തവര്‍ ഒന്നടങ്കം പറയുന്നു. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാനും ന്യൂനപക്ഷവകുപ്പും സര്‍ക്കാരും തയാറാകണമെന്നും ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. ന്യൂനപക്ഷ കമ്മീഷന്റെ അനീതിക്കെതിരെ നവമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.




Related Articles »