News - 2024

ബുര്‍ക്കിനോ ഫാസോയില്‍ കുരിശുരൂപം ധരിച്ചതിന് ക്രൈസ്തവരെ കൊലപ്പെടുത്തി

സ്വന്തം ലേഖകന്‍ 29-08-2019 - Thursday

ബാനി: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയിലെ ബാനി ഗ്രാമത്തില്‍ നാലോളം ക്രൈസ്തവ വിശ്വാസികളെ കുരിശുരൂപം ധരിച്ചതിന്റെ പേരില്‍ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി. ഇക്കഴിഞ്ഞ ജൂണ്‍ 27ന് നടന്ന സംഭവം അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (ACN) ആണ് കഴിഞ്ഞ ദിവസം പുറംലോകത്തെ അറിയിച്ചത്. ഔവാഹിഗൌയാ രൂപതാംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് രാജ്യത്തിന്റെ വടക്ക്കിഴക്കന്‍ മേഖലയിലുള്ള ഡോരി രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ലോറന്റ് ബിര്‍ഫുവോരെ ഡാബിരെ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബുര്‍ക്കിനാ ഫാസോയില്‍ ഈ വര്‍ഷം ക്രൈസ്തവര്‍ക്ക് നേര്‍ക്ക് നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്.

ബാനി ഗ്രാമവാസികളെല്ലാം ഒത്തുകൂടിയിരുന്ന അവസരത്തില്‍ തീവ്രവാദികളെത്തി കൂടിയിരുന്നവരോടെല്ലാം നിലത്ത് കിടക്കുവാന്‍ ആജ്ഞാപിച്ചു. അവരെ പരിശോധിച്ച ശേഷം കുരിശുരൂപം ധരിച്ചിരുന്ന 4 പേരെ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നു. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ഗതിയും ഇതുതന്നെയായിരിക്കുമെന്ന് ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയ ശേഷമാണ് തീവ്രവാദികള്‍ പോയതെന്നും ബിഷപ്പ് ഡാബിരെ വിവരിച്ചു. ജോലിയോ കൂലിയോ ഇല്ലാത്തതിനാല്‍ നിരവധി ഇസ്ലാമിക യുവാക്കള്‍ ജിഹാദി സംഘടനകളില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും കഴിഞ്ഞ 3 വര്‍ഷമായി ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.

ബുര്‍ക്കിനോ ഫാസോയിലെ ഇസ്ലാമിക തീവ്രവാദികള്‍ക്ക് പുറത്തുനിന്നുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ സജീവമാണ്. തീവ്രവാദികള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ആഫ്രിക്കയില്‍ നിര്‍മ്മിക്കുന്നവയല്ലെന്നും, ബുര്‍ക്കിനാ ഫാസോയിലെ സൈന്യത്തിന്റെ പക്കല്‍ ഇത്രയും ആയുധങ്ങള്‍ ഇല്ലെന്നും ബിഷപ്പ് വെളിപ്പെടുത്തി. തീവ്രവാദികള്‍ക്ക് എവിടെനിന്നുമാണ് ഇത്രയധികം ആയുധങ്ങള്‍ ലഭിക്കുന്നതെന്നും, ആരാണ് അവരെ പിന്തുണക്കുന്നതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. രാജ്യത്തെ ക്രിസ്ത്യാനികളുടെ സാന്നിധ്യം തുടച്ചു നീക്കുകയാണ് തീവ്രവാദികളുടെ ലക്ഷ്യമെന്നും മെത്രാന്‍ പറഞ്ഞു.

ഇസ്ലാമിക തീവ്രവാദികള്‍ക്ക് പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നത് തടയുവാനും, ബുര്‍ക്കിനോ ഫാസോയിലെ നിരപരാധികളായ ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്കുള്ള അക്രമങ്ങള്‍ തടയുവാനും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായവും ബിഷപ്പ് തേടിയിട്ടുണ്ട്. രാജ്യത്തു ഇരുപതോളം ക്രൈസ്തവരാണ് ഈ വര്‍ഷം ഇതുവരെ ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 60 ശതമാനം മുസ്ലീങ്ങള്‍ ഉള്ള ബുര്‍ക്കിനാ ഫാസോയില്‍ വെറും ഇരുപതു ശതമാനം മാത്രമാണ് ക്രൈസ്തവര്‍.


Related Articles »