Youth Zone - 2024

ലഹരിക്കും വിഷാദ രോഗത്തിനുമെതിരെ പ്രാര്‍ത്ഥന ഉയര്‍ത്തി കൗമാരക്കാരുടെ 70 മൈല്‍ കാല്‍നട യാത്ര

സ്വന്തം ലേഖകന്‍ 03-09-2019 - Tuesday

പോര്‍ട്ട്‌ലാന്‍ഡ്: തങ്ങളുടെ തലമുറയിലെ നിരവധി ജീവിതങ്ങളെ ബാധിച്ചിരിക്കുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, വിഷാദരോഗം, ആത്മഹത്യ എന്നിവക്കെതിരെ എഴുപതു മൈല്‍ നീണ്ട കാല്‍നട പ്രാര്‍ത്ഥനാ തീര്‍ത്ഥാടനവുമായി കൗമാരക്കാര്‍. അമേരിക്കന്‍ സംസ്ഥാനമായ മെയ്നെയിലെ പോര്‍ട്ട്‌ലാന്‍ഡ് നഗരത്തില്‍ നിന്നുള്ള പതിനൊന്ന് കൗമാരക്കാരാണ് തങ്ങളുടെ വിശ്വാസ സാക്ഷ്യം ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുത്തത്. ഓഗസ്റ്റ് 21നു മെയ്നെയിലെ ഓഗസ്റ്റായിലുള്ള സെന്റ്‌ മേരി ഓഫ് അസംപ്ഷന്‍ ദേവാലയത്തില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനം നാലു ദിവസങ്ങള്‍ക്ക് ശേഷം ബാങ്ങോര്‍ നഗരത്തിലെ സെന്റ്‌ ജോണ്‍ കത്തോലിക്ക ദേവാലയത്തിലാണ് സമാപിച്ചത്. ഓരോ ദിവസവും ജപമാലയും, കരുണ കൊന്തയും ഇതര പ്രാര്‍ത്ഥനകളും തുടര്‍ച്ചയായി ചൊല്ലിക്കൊണ്ടായിരുന്നു യാത്ര.

തീര്‍ത്ഥാടനത്തിലുടനീളം സെമിത്തേരികള്‍ കാണുമ്പോഴൊക്കെ അവിടെ നിന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവും നന്മനിറഞ്ഞ മറിയവും ചൊല്ലുകയും ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കളുടെ മോക്ഷത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. പ്രത്യേക ആശീര്‍വ്വാദത്തോടെയായിരുന്നു ഓരോ ദിവസത്തെ യാത്രയും തുടങ്ങിയിരുന്നത്. തങ്ങളുടെ നിയോഗങ്ങളുടെ പ്രതീകമാണ് പതാകയിലെ വര്‍ണ്ണങ്ങളെന്നും, കക്കയുടെ പുറംതോട് വിശുദ്ധ യാക്കോബുമായി ബന്ധപ്പെട്ട ക്രിസ്തീയ തീര്‍ത്ഥാടനത്തിന്റെ അടയാളമാണെന്നും തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച പാട്രിക് കാര്‍ട്ടര്‍ എന്ന പതിനെട്ടുകാരന്‍ വിവരിച്ചു.

തീര്‍ത്ഥാടനത്തിന് പോര്‍ട്ട്‌ലാന്‍ഡ് രൂപതയുമായി ബന്ധമൊന്നുമില്ലെങ്കിലും ദൈവനിയോഗവുമായി ബന്ധപ്പെട്ട് രൂപത സംഘടിപ്പിച്ച ഒരു പരിപാടി വഴിയാണ് ഈ കൗമാരക്കാര്‍ പരസ്പരം കണ്ടുമുട്ടുകയും തീര്‍ത്ഥാടനത്തിനുള്ള പദ്ധതിയിടുകയും ചെയ്തത്. തങ്ങളുടെ ജീവിതത്തേപ്പോലും നേരിട്ട് ബാധിച്ചിട്ടുള്ളതിനാലാണ് ലഹരിയുടെ അടിമത്വവും, വിഷാദരോഗവും, ആത്മഹത്യാ പ്രവണതയും പ്രാര്‍ത്ഥനാ നിയോഗമായി തിരഞ്ഞെടുത്തതെന്നും ദേശീയ ശരാശരിയില്‍ വളരെ ഉയര്‍ന്ന ആത്മഹത്യാ നിരക്കാണ് മെയ്നയിലേതെന്നും കാര്‍ട്ടര്‍ പറഞ്ഞു. ഭ്രൂണഹത്യയുടെ അവസാനത്തിനുവേണ്ടിയും തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തവര്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചു. ഭാവിയില്‍ ഈ തീര്‍ത്ഥാടനം കൂടുതല്‍ വിപുലീകരിക്കുവാനാണ് ഇവരുടെ പദ്ധതി.

More Archives >>

Page 1 of 5