News

മാതൃഭൂമി ഓഫീസിന് മുന്നില്‍ നൂറുകണക്കിന് സന്യസ്ഥരുടെ പ്രതിഷേധ കൂട്ടായ്മ

സ്വന്തം ലേഖകന്‍ 05-09-2019 - Thursday

കണ്ണൂര്‍: ക്രൈസ്തവ സന്യസ്ഥരെ താറടിച്ചുകാണിക്കുവാനും സന്യാസത്തെ വളരെ നീചമായ രീതിയില്‍ അവഹേളിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ കണ്ണൂര്‍ മാതൃഭൂമി ഓഫീസിന് മുന്നില്‍ നൂറുകണക്കിന് സന്യസ്ഥരുടെ പ്രതിഷേധകൂട്ടായ്മ. സന്തോഷത്തോടെയും അഭിമാനത്തോടെയും തങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന സന്യാസത്തെ അവഹേളിക്കരുതെന്നും തങ്ങളെ അപമാനിക്കരുതെന്നും സന്യാസം തങ്ങള്‍ക്കു ക്ലേശമോ വേദനയോ അല്ലെന്നും സന്യസ്ഥര്‍ പറഞ്ഞു. വേദനയിലും ദുഃഖത്തിലും പുഞ്ചിരിക്കുന്ന മുഖത്തോടെ പ്രേഷിതമേഖലയിലേക്ക് ഇറങ്ങിച്ചെല്ലുന്നവരാണ് തങ്ങളെന്ന് സിസ്റ്റര്‍ എമസ്റ്റീന ഡിഎസ്എസ് പറഞ്ഞു. സംതൃപ്തിയുടെ മുഖമാണ് സന്യാസത്തിന്. ഏതു പ്രതിസന്ധിയിലും പ്രേഷിതപ്രവര്‍ത്തനത്തിന് ധൈര്യമുള്ളവരാണ് ഞങ്ങള്‍. എത്രതന്നെ പരിഹസിച്ചാലും ദൈവസ്‌നേഹത്തിലധിഷ്ഠിതമായ ഞങ്ങളുടെ സന്യാസത്തെ ദുര്‍ബലപ്പെടുത്താനാകില്ലെന്നും സിസ്റ്റര്‍ എമസ്റ്റീന കൂട്ടിച്ചേര്‍ത്തു.

സന്യസ്തര്‍ക്കുനേരേ നടക്കുന്നത് ബോധപൂര്‍വമായ പീഡനമാണെന്നും അതിനെ പ്രതിരോധിക്കാന്‍ തങ്ങളെ ഇനിയും തെരുവിലിറക്കരുതെന്നും സിസ്റ്റര്‍ നോബിള്‍ മേരി എഫ്‌സിസി പറഞ്ഞു. നിവൃത്തികേടുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇത്തരമൊരു പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടിവന്നത്. ഞങ്ങളെ വേട്ടയാടാന്‍ ഇറങ്ങിയിരിക്കുന്നവരോട് സഹതാപമാണ് തോന്നുന്നത്. ഞങ്ങളുടെ ജീവിതം എങ്ങനെയാണെന്നും ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അറിയാന്‍ കണ്ണുതുറന്ന് ചുറ്റും നോക്കിയാല്‍ മതി. അസത്യമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമുമ്പ് മാധ്യമപ്രവര്‍ത്തകര്‍ അതുചെയ്യണം. സന്തോഷത്തോടെയും ഉത്തരവാദി!ത്തത്തോടെയും പ്രേഷിതപ്രവര്‍ത്തനം ചെയ്യുന്നവരാണ് ഞങ്ങള്‍.

വിശുദ്ധ മദര്‍ തെരേസയെപ്പോലെ ഏതു പ്രതികൂല സാഹചര്യങ്ങളിലും പ്രേഷിതവേല ചെയ്യാന്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂവെന്നും സിസ്റ്റര്‍ നോബിള്‍ മേരി പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് മുന്നൂറോളം സന്യസ്തര്‍ പങ്കെടുത്ത പ്രതിഷേധകൂട്ടായ്മ കണ്ണൂരില്‍ നടന്നത്. ജപമാല കൈയിലെടുത്ത് പ്രാര്‍ത്ഥിച്ചതിനു ശേഷം മെഴുകുതിരി കത്തിച്ച് കറുത്ത തുണി ഉപയോഗിച്ച് കണ്ണു കെട്ടിയാണ് സന്യസ്ഥര്‍ പ്രതിഷേധം അറിയിച്ചത്.

കണ്ണൂര്‍, തലശേരി രൂപതകളിലെ ഏതാനും വൈദികരും ഐക്യദാര്‍ഢ്യ സന്ദേവുമായി സ്ഥലത്തെത്തിയിരിന്നു. തുടര്‍ച്ചയായ നിയമ ലംഘനങ്ങളെ തുടര്‍ന്നു എഫ്‌സി‌സി സമൂഹം പുറത്താക്കിയ കന്യാസ്ത്രീയെ കൂട്ടിപ്പിടിച്ചു സമര്‍പ്പിത ജീവിതത്തെ തേജോവധം ചെയ്യുന്ന രീതിയില്‍ മാതൃഭൂമി ഞായറാഴ്ച സപ്ലിമെന്റിലെ ഒരു പേജ് മാറ്റിവെച്ചിരിന്നു. ഇതിനെതിരെയാണ് സന്യസ്ഥര്‍ ഒന്നടങ്കം സംഘടിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ മുഖ്യധാര മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് പുറത്തുവന്നിരിക്കുകയാണ്. നൂറുകണക്കിന് സന്യസ്ഥരുടെ പ്രതിഷേധം മാധ്യമങ്ങള്‍ കണ്ടില്ലെന്ന്‍ നടിക്കുകയായിരിന്നു.


Related Articles »