Youth Zone - 2024

യുവജനങ്ങളുടെ സര്‍വ്വമത കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് പാപ്പ

സ്വന്തം ലേഖകന്‍ 06-09-2019 - Friday

മപൂത്തോ: ഫ്രാന്‍സിസ് പാപ്പയുടെ മൊസാംബിക്ക് അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ മപൂത്തോയിലെ മാസക്വീനി സ്റ്റേഡിയത്തില്‍ യുവജനങ്ങളുടെ സര്‍വ്വമത കൂട്ടായ്മയില്‍ പാപ്പ പങ്കെടുത്തു. വിവിധ മതക്കാരും, ഒരു വിശ്വാസസമൂഹത്തില്‍ ഉള്‍പ്പെടാത്തവരുമായ യുവജനങ്ങളുമായാണ് പാപ്പ കൂടിക്കാഴ്ച നടത്തിയത്. യുവജനങ്ങള്‍ നല്കിയ ഊഷ്മളമായ വരവേല്പിനും, അവരുടെ കലാപരിപാടികള്‍ക്കും നന്ദിപറഞ്ഞുകൊണ്ട് മാര്‍പാപ്പ പ്രഭാഷണം ആരംഭിച്ചു. യുവജനങ്ങളുടെ കൂടെയായിരിക്കുന്നത് തനിക്ക് സന്തോഷദായകവും, ഒപ്പം തന്റെ ഉത്തരവാദിത്ത്വവുമാണെന്നും ജീവന്‍റെ സന്തോഷം യുവജനങ്ങളിലാണ് പ്രസരിക്കുന്നതെന്നും പാപ്പ പറഞ്ഞു.

സമാധാനത്തിനായി വെല്ലുവിളികളെ അതിജീവിച്ച് യുവജനങ്ങള്‍‍ ഒരു കുടുംബംപോലെ സമ്മേളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതില്‍ പാപ്പാ അതിയായ സംതൃപ്തി രേഖപ്പെടുത്തി. ഇന്നത്തെ യുവതലമുറയ്ക്ക് അറിയാം, ഏതു മതത്തില്‍പ്പെട്ടവരായാലും എല്ലാവരും ഒരുമയോടെ ജീവിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. അത്രത്തോളം യുദ്ധവും, കലാപങ്ങളും, പീഡനങ്ങളും, കുടിയേറ്റത്തിന്‍റെ പ്രശ്നങ്ങളുമെല്ലാം നമുക്കു ചുറ്റും നടമാടുന്നുണ്ട്. സമാധാനമുള്ള ഒരു ജനസഞ്ചയത്തിന്‍റെ ചരിത്രമെഴുതേണ്ട പദ്ധതിയുടെ പ്രാധാന്യം യുവജനങ്ങള്‍ മറ്റാരെയുംകാള്‍ കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിനാല്‍ ഇന്നിന്‍റെ ചരിത്രത്തില്‍ പ്രത്യാശയുടെയും സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ഏടുകള്‍ എഴുതിച്ചേര്‍ക്കാന്‍ യുവതലമുറയ്ക്ക് സാധിക്കുമെന്ന ബോധ്യം കൈവെടിയരുതെന്നും പാപ്പ പറഞ്ഞു.


Related Articles »