News - 2024

പെരിയാറില്‍ വൈദികനും വിദ്യാര്‍ത്ഥിയും മുങ്ങി മരിച്ചു; വൈദികന്റെ മരണം രക്ഷാപ്രവര്‍ത്തനത്തിനിടെ.

സ്വന്തം ലേഖകന്‍ 06-04-2016 - Wednesday

പെരുമ്പാവൂര്‍: മതബോധന രംഗത്തെ അവധിക്കാല വിശ്വാസപരിശീലനത്തിന് ശേഷം നടത്തിയ വിനോദയാത്രയില്‍ വൈദികനും വിദ്യാര്‍ഥിയും ഒഴുക്കില്‍പെട്ട് മരിച്ചു. പെരുമ്പാവൂര്‍, കടുവാള്‍ സെന്‍റ് ജോര്‍ജ്ജ് ഇടവക വികാരി ഫാ.അഗസ്റ്റിന്‍ വൈരോമൻ (36), കൂവപ്പടി സ്വദേശി ജോയല്‍ (14) എന്നിവരാണ് മരിച്ചത്. വിജയപുരം രൂപതയ്ക്കു കീഴിലുള്ള എല്ലാ ഇടവകകളിലും മതബോധന വിശ്വാസപരിശീലന ക്യാമ്പ് നടന്നു വരികയായിരിന്നു. പെരുമ്പാവൂര്‍ സെന്‍റ് ജോര്‍ജ്ജ് ദേവാലയത്തില്‍ നടന്ന ക്യാമ്പിന് ശേഷം വൈദികനും വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘം പെരിയാറിലേക്ക് യാത്ര തിരിക്കുകയായിരിന്നു. അവിടെ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ജോയല്‍, മുങ്ങി താഴുന്ന കണ്ട ഫാ.അഗസ്റ്റിന്‍ രക്ഷിക്കാനിറങ്ങി.

ജോയലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഫാദർ അഗസ്റ്റിനും ഒഴുക്കിൽപ്പെടുകയായിരിന്നു. ഇരുവരെയും രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ ജനുവരി 2 നു ഫാ.അഗസ്റ്റിന്‍ പൌരോഹിത്യജീവിതത്തിന്‍റെ 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിന്നു. വൈദികന്‍റെ മൃതദേഹം നാളെ രാവിലെ 8 മണി വരെ പെരുമ്പാവൂര്‍ സെന്‍റ്. ജോര്‍ജ്ജ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം മൂന്നാര്‍ മൌണ്ട് കാര്‍മ്മല്‍ ദേവാലയത്തിലേക്ക് കൊണ്ട് പോകും. മൃതസംസ്കാര ശുശ്രൂഷകള്‍ വൈകിട്ട് 3 മണിക്ക് ആരംഭിക്കും.

അകാലത്തില്‍ പൊലിഞ്ഞ അഗസ്റ്റിന്‍ അച്ചനും ജോയലിനും പ്രവാചകശബ്ദത്തിന്റെ ആദരാഞ്ജലികള്‍