Faith And Reason

ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് സ്കോട്ട്‌ലൻഡിലെ ജയിലിൽ

സ്വന്തം ലേഖകന്‍ 18-09-2019 - Wednesday

എഡിന്‍ബര്‍ഗ്: ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് വണക്കത്തിനായി സ്കോട്ട്‌ലൻഡിലെ ഏറ്റവും വലിയ ജയിലായ എച്ച് എം ബി ബാർലീനിയിലെത്തിച്ചു. ഗ്ലാസ്ഗോ ആർച്ച് ബിഷപ്പ് ഫിലിപ്പ് തർത്താഗ്ലിയ ഭൗതികാവശിഷ്ടത്തെ അനുഗമിച്ച് ജയിലിലെത്തിയിരുന്നു. തടവുപുള്ളികള്‍ക്കും ജയിലിലെ ഉദ്യോഗസ്ഥർക്കുമായി വിശുദ്ധ കുർബാന അര്‍പ്പിച്ച അദ്ദേഹം വിശുദ്ധ തെരേസയെ മാതൃകയാക്കി ദിവസത്തിലുടനീളം ചെറിയ നന്മകൾ ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ചു. ജയിൽജീവിതം മൂലം ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയോട് കുറച്ചു നല്ല വാക്കുകൾ പറയുക, ജയിൽ ഉദ്യോഗസ്ഥരുമായി കൂടുതൽ സഹകരിക്കുക തുടങ്ങിയ കാര്യങ്ങൾ നിസ്സാരമായി അവർക്ക് ചെയ്യാൻ സാധിക്കുമെന്നും ആർച്ച് ബിഷപ്പ് ഫിലിപ്പ് തർത്താഗ്ലിയ പറഞ്ഞു.

ജയിൽവാസം, എളുപ്പമല്ലെന്നും, അതിനാൽ തന്നെ അവരുടെ വേദനകളും, സഹനങ്ങളും സഹതടവുകാരുടെ നിയോഗത്തിനായി ദൈവത്തിന് സമർപ്പിക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്ത് ചെല്ലുമ്പോൾ മെച്ചപ്പെട്ട ജീവിതം നയിക്കാനായി ജയിലിൽ ലഭിക്കുന്ന അവസരങ്ങൾ വിനിയോഗിക്കണമെന്നും അദ്ദേഹം തടവുപുള്ളികകളോട് ആഹ്വാനം ചെയ്തു. ഓഗസ്റ്റ് 29-നാണ് വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് അടങ്ങുന്ന പേടകം സ്കോട്ട്‌ലൻഡിലെത്തിച്ചത്. രാജ്യത്തെ എട്ടു രൂപതകളിലൂടെയാണ് തിരുശേഷിപ്പ് പ്രയാണം കടന്നുപോകുന്നത്.

More Archives >>

Page 1 of 13