Faith And Reason - 2024

തിരുവോസ്തിയിലെ യേശുവിന്റെ നിറസാന്നിധ്യം ഉറക്കെ പ്രഖ്യാപിച്ച് അമേരിക്കന്‍ മെത്രാന്‍

സ്വന്തം ലേഖകന്‍ 21-09-2019 - Saturday

പിയോറിയ: വാഷിംഗ്‌ടണ്‍ ആസ്ഥാനമായുള്ള പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയില്‍ ഭൂരിഭാഗം പേരും തിരുവോസ്തിയില്‍ യേശുവിന്റെ സജീവസാന്നിധ്യമുണ്ടെന്ന് വിശ്വസിക്കാത്തവരാണെന്ന പഠനഫലം പുറത്തുവന്ന സാഹചര്യത്തില്‍ പ്രത്യേക പ്രതികരണവുമായി പിയോറിയ രൂപത മെത്രാന്‍ ഡാനിയല്‍ ജെങ്കി. ദിവ്യകാരുണ്യ നാഥനായ യേശുക്രിസ്തു തിരുവോസ്തിയില്‍ സന്നിഹിതനാണെന്ന സത്യം വിശ്വാസികളെ ബോധ്യപ്പെടുത്തേണ്ടത് തന്റെ കടമയാണെന്നും, ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള സഭാപ്രബോധനം ആധികാരിക തിരുവെഴുത്തുകളിലൂടെയും, പാരമ്പര്യത്തിലൂടെയും ദൈവം നമുക്ക് നല്‍കിയ സത്യമാണെന്നും മെത്രാന്റെ പ്രതികരണത്തില്‍ എടുത്തുപറയുന്നു.

'2020 ഫെസ്റ്റിവല്‍ ലെറ്റര്‍' എന്ന തലക്കെട്ടോടു കൂടിയാണ് പ്രതികരണം. തിരുവോസ്തിയെ സംബന്ധിച്ച ചില അടിസ്ഥാന തത്വങ്ങള്‍ വിശദമാക്കുവാന്‍ ശ്രമിക്കേണ്ടത് തന്റെ കടമയാണെന്ന് കരുതുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പ് തന്റെ പ്രതികരണം ആരംഭിച്ചിരിക്കുന്നത്. ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള സഭാ പ്രബോധനത്തില്‍ ഭൂരിഭാഗം കത്തോലിക്കരും വിശ്വസിക്കുന്നില്ലെന്ന കാര്യം തന്നെ ഞെട്ടിച്ചുവെന്നാണ് മെത്രാന്‍ പറയുന്നത്. പരിശുദ്ധാത്മാവിന്റെ ഇടപെടലില്‍ വാഴ്ത്തപ്പെട്ട ഓസ്തിയും വീഞ്ഞും യേശുവിന്റെ തിരു ശരീര രക്തങ്ങളായി മാറുന്നു. അതിനാല്‍ പരിശുദ്ധ ദിവ്യകാരുണ്യത്തെ നമ്മള്‍ ശരിയാംവിധം അംഗീകരിക്കുകയും ആരാധിക്കുകയും വേണം. ഇത് നിഷേധിക്കുന്ന കത്തോലിക്കന്‍ വിശ്വാസബോധ്യങ്ങള്‍ക്ക് പുറത്തായിരിക്കും എന്ന മുന്നറിയിപ്പും മെത്രാന്‍ നല്‍കുന്നുണ്ട്.

സഭാപ്രബോധനങ്ങളെ വെള്ളം ചേര്‍ക്കാതെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കേണ്ട ചുമതല പുരോഹിതര്‍ക്കും അത്മായര്‍ക്കും ഒരുപോലെയുണ്ട്. അതിനാല്‍ ദൈവീക സത്യങ്ങള്‍ വരും തലമുറക്ക് പകര്‍ന്നു നല്‍കുവാനായി പുരോഹിതരും വിശ്വാസികളും ദൈവതിരുമുമ്പാകെ ഉത്തരവാദിത്വമുള്ളവരാണെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ കുറച്ചു തലമുറകള്‍ക്ക് സഭയുടെ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പറഞ്ഞുകൊടുക്കുന്നതില്‍ സഭ പരാജയപ്പെട്ടെന്നും, വിശ്വാസത്തില്‍ നിന്നും പലരും അകന്നുപോയതിന്റെ കാരണമിതാണെന്നും ബിഷപ്പ് പറയുന്നു.

ദൈവത്തിന്റെ ഭവനമായിരിക്കേണ്ട ദേവാലയങ്ങള്‍ ഹോട്ടലുകളുടെ സ്വീകരണ മുറി പോലെയായി മാറി. ദേവാലയത്തില്‍ പാലിക്കേണ്ട നിശബ്ദത, മുട്ടുകുത്തി നമസ്കാരം, കുരിശടയാളം, മുട്ടിന്മേല്‍ നില്‍ക്കല്‍, ഭക്തിയില്‍ അധിഷ്ഠിതമായ ദേവാലയ നിര്‍മ്മാണ ശൈലി, ബലിപീഠത്തിന്റെ സ്ഥാനം, മെഴുകുതിരികള്‍, വിശുദ്ധ കുര്‍ബാനക്കിടയിലെ മണിയടി, കുര്‍ബാനക്ക് മുന്‍പും പിന്‍പുമുള്ള പ്രാര്‍ത്ഥന തുടങ്ങിയ ആചാരങ്ങള്‍ സഭയില്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. നാം എങ്ങനെയാണോ പ്രാര്‍ത്ഥിക്കുന്നത് അതുപോലെയായിരിക്കും നമ്മുടെ ജീവിതമെന്നും, നമ്മുടെ വിശ്വാസത്തിനനുസരിച്ച് പെരുമാറിയില്ലെങ്കില്‍ പെരുമാറ്റത്തിനനുസരിച്ച് വിശ്വസിക്കുന്നവരായി നാം മാറുമെന്ന മുന്നറിയിപ്പും മെത്രാന്‍ നല്‍കുന്നു.


Related Articles »