Youth Zone - 2024

'കേരളത്തിലെ ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളുടെ എളുപ്പത്തിലുള്ള ഇരകള്‍': ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍

24-09-2019 - Tuesday

ന്യൂഡല്‍ഹി: ഇസ്ലാമിക തീവ്രവാദികളുടെ എളുപ്പത്തിലുള്ള ഇരകളാണ് കേരളത്തിലെ ക്രൈസ്തവരെന്നും ലവ് ജിഹാദിലൂടെ തീവ്രവാദികള്‍ അവരുടെ ലക്ഷ്യം നടപ്പാക്കുകയാണെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍. ആശങ്കാജനകമായ ഈ പ്രവണതയെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ടു വിശദമായ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടിയെടുക്കണമെന്നും ആവശ്യമായ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട്ടും ഡല്‍ഹിയിലും മലയാളികളായ ക്രൈസ്തവ പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നു പരാതി കിട്ടിയിട്ടുണ്ട്. സൗഹൃദം നടിച്ച് കോളജ് വിദ്യാര്‍ത്ഥിനിക്കു ലഹരി കലര്‍ത്തിയ പാനീയം നല്‍കിയ മാനംഭംഗപ്പെടുത്തുകയും മൊബൈലില്‍ വീഡിയോ പകര്‍ത്തുകയും ചെയ്ത ശേഷമായിരുന്നു ഇസ്ലാമിലേക്കു മതം മാറുന്നതിനു നിര്‍ബന്ധിച്ചത്. ഇതിനു തയാറാകാതിരുന്ന കോഴിക്കോട്ടെ കുട്ടിയെ തട്ടിക്കൊണ്ടുപോകാനും കോളജ് ഹോസ്റ്റലില്‍ നിന്നു തട്ടിക്കൊണ്ടു പോകാനും ശ്രമം ഉണ്ടായി. ഭീകരതയുടെ ഇരകളെ ഉപയോഗിച്ച് ലവ് ജിഹാദിലൂടെ ക്രൈസ്തവ സമുദായത്തിലെ ആളുകളെ കെണിയിലാക്കി സംഘടിത മതപരിവര്‍ത്തനം നടത്തിവരുന്നതായ റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടാമത്തെ സംഭവത്തില്‍ ഡല്‍ഹിയിലെ മലയാളി ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുഹമ്മദ് സിദ്ദിഖി എന്നയാള്‍ തട്ടിക്കൊണ്ടു പോയി പശ്ചിമേഷ്യന്‍ രാജ്യത്തേക്കു കടത്തുകയായിരുന്നു. ഐഎസില്‍ അടിമയായി ഉപയോഗിക്കുന്നതിനു പോലുള്ള വളരെ ഗുരുതരമായ ദുഷ്ടലക്ഷ്യങ്ങളോടെ പെണ്‍കുട്ടിയെ വഞ്ചിച്ചും തെറ്റിദ്ധരിപ്പിച്ചും മസ്തികഷാളനത്തിലൂടെയും തട്ടിക്കൊണ്ടു പോയതായാണു പരാതി. മുന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാതാപിതാക്കളുടെ ആശങ്കയും ഭയപ്പാടും തെറ്റാകില്ല.

കേരളത്തില് നറന്ന് ഐഎസില്‍ ചേര്‍ന്ന 21 പേരില്‍ അഞ്ചു പേര്‍ ക്രൈസ്തവരില്‍ നി‍ന്നു മതം മാറ്റിയവരാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാമൂഹ്യതിന്മയ്‌ക്കെതിരേ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) സാമൂഹ്യ സൗഹാര്‍ദത്തിനും വിജിലന്‍സിനുമായുള്ള കമ്മീഷന്‍ പ്രചാരണം തുടങ്ങിയെന്നും ന്യൂനപക്ഷ കമ്മീഷന്‍ ദേശീയ ഉപാധ്യക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2005 മുതല്‍ 2012 വരെ 4,000 പെണ്‍കു‍ട്ടികള്‍ മതംമാറ്റി വിവാഹിതരായതായി കമ്മീഷന്റെ പ്രസിദ്ധീകരണമായ ജാഗ്രതയില്‍ ഉണ്ടെന്നും ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടി. ഈ പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കപ്പെടുകയോ, സ്വാതന്ത്ര്യമില്ലാതെ വല്ലാത്ത ദുരവസ്ഥയിലാകുകയോ ചെയ്യപ്പെടുന്നുവെന്നും പ്രസിദ്ധീകരണത്തിലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

2006നുശേഷം 2,600 ക്രൈസ്തവ യുവതികള്‍ ഇസ്ലാമിലേക്കു മതം മാറ്റപ്പെട്ടതായി ഇന്ത്യ ടുഡേ വാരിക കെസിബിസിയുടെ 2009ലെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി പറയുന്നു. കേരളത്തിലെ മതസൗഹാര്‍ദത്തിനു ഭീഷണിയാകാവുന്ന ഗൗരവമായ കാര്യമാണിത്.

ഭൂരിഭാഗം സംഭവങ്ങളിലും ഇരകള്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമായിട്ടുണ്ട്. ഇവരെ ഭീകരപ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നു. സംഘടിത മതപരിവര്‍ത്തന ഭീകര ഗ്രൂപ്പുകളെ ഭയന്ന് മിക്കപ്പോഴും ഇരകളുടെ വീട്ടുകാര്‍ സംഭവം റിപ്പോര്‍ട്ടു ചെയ്യാന്‍ പോലും മടിക്കുകയാണെന്നും പ്രസ്താവനയില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് ഗൗരവത്തോടെ കാണുകയും അന്വേഷണത്തിന് എന്‍ഐഎയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

More Archives >>

Page 1 of 6