Faith And Reason - 2024

ഫിലിപ്പീൻസ് സുവിശേഷവത്ക്കരണത്തിന്റെ 500 വര്‍ഷം: ലോഗോ പുറത്തിറക്കി

സ്വന്തം ലേഖകന്‍ 26-09-2019 - Thursday

മനില: സുവിശേഷവത്കരണത്തിന്റെ അഞ്ഞൂറാം വാർഷികത്തോടനുബന്ധിച്ചു ഔദ്യോഗിക ലോഗോയും വിഷയവും ഫിലിപ്പീന്‍സ് കത്തോലിക്ക മെത്രാൻ സമിതി പുറത്തിറക്കി. സുവിശേഷത്തിന്റെ 500 വർഷങ്ങൾ എന്ന പേരിൽ 'ദാനമായി നൽകുവിൻ' എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അധ്യായം എട്ടാം വാക്യമാണ് 2021 ലെ ആഘോഷങ്ങൾക്കുള്ള പ്രമേയമായി നല്‍കിയിരിക്കുന്നത്. ഔദ്യോഗിക മുദ്രയിലെ വിവിധ അടയാളങ്ങൾ മെത്രാൻ സമിതി ജനറൽ സെക്രട്ടറി ഫാ. മാർവിൻ മെജിയ വിശദീകരിച്ചു. പോർച്ചുഗീസ് സഞ്ചാരിയായ ഫെർഡിനാൻഡ് മഗല്ലൻ സെബു ദ്വീപിൽ സ്ഥാപിച്ച കുരിശു ക്രൈസ്തവ വിശ്വാസത്തെ സൂചിപ്പിക്കുന്നു. നാവികരായ യാത്രക്കാർ കൊണ്ടുവന്ന വിശ്വാസത്തെയും സഭയെയും കൂദാശകളെയും സൂചിപ്പിക്കുന്നതാണ് കപ്പൽ എന്ന പ്രതീകം.

മാമ്മോദീസയിലെ ദൈവീക ജീവനെയും പരിശുദ്ധാത്മാവിനെയും സൂചിപ്പിക്കുന്ന പ്രാവ്, ലോകം മുഴുവൻ സുവിശേഷമെത്തണമെന്ന ആഗ്രഹത്തോടെ സഭയെ ഏല്പിച്ചിരിക്കുന്ന ദൗത്യമാണ് വൃത്താകൃതിയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ഫാ. മെജിയയുടെ വിശദീകരണത്തിൽ പറയുന്നു. ഫിലിപ്പീൻസിലെ ആദ്യ മാമ്മോദീസ എന്ന ഫെർണാണ്ടോ അമോർസോളോയുടെ പെയിന്റിംഗ് ആശയമാണ് ലോഗോയുടെ കേന്ദ്ര ഭാഗം. ദേശീയ പതാകയിലെ സൂര്യനെ മുദ്രണം ചെയ്തിരിക്കുന്നത് നവജീവിതം, പുതിയ തുടക്കം, ഉത്ഥിതനായ ക്രിസ്തു, രക്ഷയുടെ പ്രത്യാശ എന്നിവയെ എടുത്തുകാണിക്കുന്നു. രക്തവർണമായ മീന്‍ രക്തസാക്ഷികളുടെ ചുടുനിണത്താൽ വളർന്ന ക്രൈസ്തവ വിശ്വാസത്തെ സൂചിപ്പിക്കുന്നു.

ഫിലിപ്പീൻസ് കത്തോലിക്ക വിശ്വാസത്തെ സ്വീകരിച്ചതിന്റെ പ്രതീകമാണ് 2021-ലെ വിവിധ ആചരണങ്ങളെന്ന് മനില സഹായമെത്രാനും എപ്പിസ്കോപ്പൽ കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ബ്രോഡറിക്ക് പബിലോ നേരത്തെ വ്യക്തമാക്കിയിരുന്നു. 1521 ൽ പോർച്ചുഗീസ് സഞ്ചാരിയായ ഫെർഡിനാൻഡ് മഗല്ലനാണ് ക്രൈസ്തവ വിശ്വാസം ഫിലിപ്പീന്‍സില്‍ എത്തിച്ചത്. രാജ്യത്തെ സുവിശേഷവത്ക്കരണത്തിന്റെ അഞ്ഞൂറാം വാർഷികത്തിന് ഒരുക്കമായി 2012 മുതൽ ഓരോ വർഷവും വിവിധ ആചരണങ്ങള്‍ നടത്തുന്നുണ്ട്. ലോകത്തെ മൂന്നാമത്തെ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പീന്‍സിലെ ആകെ ജനസംഖ്യയുടെ എൺപത്തിയൊന്ന് ശതമാനവും കത്തോലിക്ക വിശ്വാസികളാണ്


Related Articles »