Faith And Reason - 2024

യുവാക്കൾക്കുള്ള ആത്മീയ ശുശ്രൂഷകൾ ശക്തിപ്പെടുത്തുന്നില്ലങ്കിൽ 30 വർഷത്തിനുള്ളിൽ 3.5 കോടി ക്രിസ്ത്യന്‍ യുവജനങ്ങള്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുമെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകന്‍ 30-09-2019 - Monday

യുവാക്കൾക്ക് ക്രിസ്തുവിനെ വ്യക്തിപരമായി കണ്ടുമുട്ടാൻ സാധിക്കുന്ന രീതിയിലുള്ള ആത്മീയ ശുശ്രൂഷകൾ ശക്തിപ്പെടുത്തുന്നില്ലങ്കിൽ അടുത്ത മുപ്പതു വർഷത്തിനുള്ളിൽ 3.5 കോടി ക്രിസ്ത്യന്‍ യുവജനങ്ങള്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്.

വിവിധ റിപ്പോര്‍ട്ടുകളുടെ വിശകലനങ്ങളുടേയും, സര്‍വ്വേ ഫലങ്ങളുടേയും അടിസ്ഥാനത്തില്‍ പൈന്‍ ടോപ്‌ ഫൗണ്ടേഷനും, ദി വെരിത്താസ് ഫോറമും സംയുക്തമായാണ് 131 പേജുള്ള ‘ദി ഗ്രേറ്റ് ഓപ്പര്‍ച്ചുനിറ്റി’ എന്ന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. പ്യൂ റിസര്‍ച്ച്, ബെയ്ലര്‍ റിസര്‍ച്ച് എന്നിവക്ക് പുറമേ പബ്ലിക് റിലീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഗാല്ലപ് എന്നിവരുടെ സര്‍വ്വേ ഫലങ്ങളുമാണ് റിപ്പോര്‍ട്ടിനാധാരം. ഈ കാലഘട്ടത്തിൽ യുവാക്കൾ ക്രൈസ്തവ വിശ്വാസത്തിൽ നിന്നും അകലുന്നത് തടയുവാൻ ക്രൈസ്തവ സഭകള്‍ക്ക് കഴിയുകയില്ലെന്നാണ് റിപ്പോര്‍ട്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവരും, ‘ഡെയര്‍ റ്റു ഷെയര്‍’ യൂത്ത് മിനിസ്ട്രിയുടെ സ്ഥാപകനുമായ ഗ്രെഗ് സ്റ്റിയറും പറയുന്നത്.

യുവജനങ്ങള്‍ വിശ്വാസവുമായി അകലുന്ന പ്രവണത ഏറ്റവും ശക്തമാവുന്നത് അടുത്ത 30 വര്‍ഷങ്ങള്‍ക്കുള്ളിലായിരിക്കുമെന്നും, ഈ കാലയളവ് തന്നെയാണ് സുവിശേഷ പ്രഘോഷണത്തിനും, പ്രേഷിത പ്രവര്‍ത്തനത്തിനുമുള്ള ഏറ്റവും വലിയ അവസരമെന്നും സ്റ്റിയര്‍ പറയുന്നു. ഈ പ്രവണതയെ നേരിടുന്നതിനായി സഭകള്‍ തങ്ങളുടെ യുവജന കൂട്ടായ്മകളെ പുനര്‍സജ്ജീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറയുന്നു.

കുട്ടികളെയും യുവാക്കളെയും വിശ്വാസത്തിലേക്ക് ആകർഷിക്കുന്നതിനായി ദേവാലയങ്ങൾ കേന്ദ്രമാക്കി കലാ കായിക വിനോദങ്ങളും, സാമൂഹ്യ സമ്പർക്ക പരിപാടികളും സംഘടിപ്പിക്കുന്ന പ്രവണത അടുത്തകാലത്ത് വർദ്ധിച്ചു വരുന്നുണ്ട്. എന്നാൽ ഇത്തരം വിനോദങ്ങൾ ദേവാലയത്തിനു പുറത്തു, ആധുനിക ലോകത്ത് അതിനേക്കാൾ സമൃദ്ധമായും മനോഹരമായും ലഭിക്കുമെന്നിരിക്കെ, ഇത്തരം 'പരിപാടി'കൾക്കൊന്നും യൂവാക്കളെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്താൻ സാധിക്കുകയില്ല എന്ന യാഥാർഥ്യം സഭാനേതൃത്വം തിരിച്ചറിയണം. ദേവാലയങ്ങളും, മതബോധനവും, ആത്മീയ ശുശ്രൂഷകളും യുവാക്കൾക്ക് ക്രിസ്തുവിനെ വ്യക്തിപരമായി കണ്ടുമുട്ടാൻ സഹായകമാകുന്നില്ലങ്കിൽ അവർക്ക് വിശ്വാസത്തിൽ ഉറച്ചുനിൽക്കുക സാധ്യമല്ല.

പത്തും പന്ത്രണ്ടും വർഷം മതബോധനം നേടിയിട്ടും രണ്ടുവരി സ്വയംപ്രേരിത പ്രാർത്ഥന പോലും ചൊല്ലാൻ ഒരു കുട്ടിക്കു കഴിയുന്നില്ലെങ്കിൽ നമ്മുടെ മതബോധന രീതിക്ക് കാര്യമായ എന്തോ തകരാറു സംഭവിച്ചിരിക്കുന്നു എന്നുവേണം കരുതാൻ. ഏതാനും ചില വിശ്വാസസത്യങ്ങൾ കാണാതെ പഠിച്ച് പരീക്ഷയിൽ മാർക്കു മേടിക്കുന്ന "മിടുക്കന്മാരെ" സൃഷ്ടിക്കുന്ന മതബോധന സംവിധാനങ്ങളിൽ നിന്നും, ഏതു സാഹചര്യത്തിലും ക്രിസ്തുവിൽ വിശ്വസിക്കാൻ കഴിയുന്ന വിശ്വാസ വീരന്മാരെ വാർത്തെടുക്കുന്ന രീതിയിലേക്ക് നമ്മുടെ മതബോധന സംവിധാനങ്ങൾ രൂപപ്പെടുന്നില്ലങ്കിൽ വലിയ ദുരന്തമായിരിക്കും നമ്മെ കാത്തിരിക്കുക.

"സുവിശേഷം പ്രചരിപ്പിക്കുകയും, വിശ്വാസികളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യത്തക്ക രീതിയില്‍ യൂത്ത് മിനിസ്ട്രികള്‍ പുനര്‍ രൂപീകരിക്കേണ്ട സമയമായി. കൂട്ടായ്മകളല്ല ദൗത്യമാണ് പ്രധാനം. കാര്യമുള്ള എന്തെങ്കിലും ചെയ്യുവാനായി യുവജനങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്. അവരെ ഒരുക്കുന്നതിനായി യൂത്ത് മിനിസ്ട്രി നേതാക്കളെ സജ്ജരാക്കേണ്ടതുമുണ്ട്. ഓരോ നഗരത്തിലേയും യുവജന കൂട്ടായ്മകള്‍ ഒരുമിക്കുകയും സുവിശേഷം പങ്കുവെക്കുകയും വേണം" സ്റ്റിയര്‍ വിവരിച്ചു.


Related Articles »