News - 2024

കത്തോലിക്ക കോണ്‍ഗ്രസ് പ്രഥമ ആഗോള സമ്മേളനത്തിന് തിരി തെളിഞ്ഞു

01-10-2019 - Tuesday

ദുബായ്: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ ദുബായില്‍ സംഘടിപ്പിച്ച പ്രഥമ ആഗോള സമ്മേളനത്തില്‍ തിരിതെളിഞ്ഞു. ഓരോ മനുഷ്യനും അപരനുവേണ്ടി സൃഷ്ടിക്കപ്പെട്ടവനാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് സഭയിലും സമൂഹത്തിലും ജനങ്ങളുടെ എല്ലാ ജീവിത മേഖലകളിലും സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസിലൂടെ സമൂഹത്തിന്റെ പൂര്‍ണ സംരക്ഷണത്തിനായി പദ്ധതികള്‍ ആരംഭിക്കുക എന്നതാണ് ഗ്ലോബല്‍ മീറ്റിന്റെ മുഖ്യ ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.

ക്രിസ്തുവില്‍ എല്ലാ വിശ്വാസികളും ഒരേ സാഹോദര്യമാണ് അനുഭവിക്കുന്നതെന്ന് ഉദ്ഘാടന സന്ദേശം നല്‍കിയ യുഎഇ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ പ്രസ്താവിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണം നടത്തി. രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട്, ബെന്നി പുളിക്കക്കര, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, സോണി മനോജ് എന്നിവര്‍ സംസാരിച്ചു.

സമൂഹത്തിന്റെ ശാക്തീകരണം എന്ന വിഷയത്തില്‍ ഇസാഫ് ചെയര്‍മാന്‍ പോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. പി.ജെ. ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗം തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടന്‍ എംപി, രാഷ്ട്ര ദീപിക ലിമിറ്റഡ് എംഡി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ജോണിക്കുട്ടി തോമസ്, സിജില്‍ പാലക്കലോടി, മുന്‍ എംപി പി.സി. തോമസ്, ബെന്നി ആന്റണി, റോയി വര്‍ഗീസ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »