Events

ഒരുക്കങ്ങൾ പൂർത്തിയായി: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: മരിയ ഭക്തിയുടെ സുവിശേഷവുമായി ഫാ. നടുവത്താനി: ആത്മാഭിഷേക ശുശ്രൂഷയുമായി ഷിനോജച്ചനും ബ്രദർ അനി ജോണും

ബാബു ജോസഫ് 11-10-2019 - Friday

ബെർമിങ്ഹാം: അനുഗ്രഹ വർഷത്തിനൊരുങ്ങി സെന്റ് കാതറിൻ ഓഫ് സിയന. പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ജപമാല മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കുമ്പോൾ സ്ഥിരം വേദിയായ ബഥേൽ കൺവെൻഷൻ സെന്ററിന് പകരം സെന്റ് കാതറിൻ ഓഫ് സിയന വേദിയാകും. ഇത്തവണ കുട്ടികൾക്കൊഴികെയുള്ള ശുശ്രൂഷകൾ മലയാളത്തിൽ മാത്രമായിരിക്കും. നവംബർ മാസം മുതൽ വീണ്ടും സ്ഥിരമായി ബഥേൽ സെന്ററിൽത്തന്നെ കൺവെൻഷൻ നടക്കും.

ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി, പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ, ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷൻ ഇത്തവണ സെഹിയോൻ മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഷിനോജ് കളരിക്കൽ , സെഹിയോൻ യുകെ യുടെ മുഴുവൻസമയ ശുശ്രൂഷകനും വചനപ്രഘോഷകനുമായ ബ്രദർ അനി ജോൺ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.

പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും.

കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം സെന്റ് കാതറിൻ ഓഫ് സിയന ചർച്ചിലേയ്ക്ക് ക്ഷണിക്കുന്നു.


Related Articles »