Meditation - April 2019

നമ്മുക്കായി ബലിയായവനില്‍ നാം ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.

സ്വന്തം ലേഖകന്‍ 11-04-2016 - Monday

"ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു" (യോഹ 20:1).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 11

ഭദ്രമായും അടച്ചിരുന്ന കല്ലറയുടെ വാതിൽ തകര്‍ക്കപ്പെടാതെ തന്നെ, നിശബ്ദതയിൽ ആ കല്ലറയ്ക്കകത്ത് യേശുവിന്‍റെ മരണാനന്തര പ്രക്രിയ അരങ്ങേറി. ദുഃഖ വെള്ളിയാഴ്ച്ച സന്ധ്യക്ക് യേശുവിന്റെ സംസ്കാരത്തിന് ശേഷം കല്ലറയ്ക്ക് മുൻപിൽ വച്ചിരുന്ന ആ കല്ല്‌ മറ്റെല്ലാ കല്ലറയ്ക്കും മുന്പിൽ സ്ഥാപിക്കുന്ന കല്ല് പോലെ തന്നെയായിരുന്നു. സാബത്ത് കഴിഞ്ഞു വരുന്ന ആദ്യ വിനാഴികകളിൽ എന്തിനാവും ഈ കല്ല്‌ സാക്ഷ്യം വഹിക്കുക? കല്ലറയുടെ വാതിൽക്കൽ നിന്നും മാറ്റി വയ്ക്കപെട്ട ആ കല്ലിനു എന്താവും പറയുവാൻ ഉണ്ടാവുക? എന്താണ്‌ അത് വിളിച്ചു പറയുക?

ഇത്തരം സന്ദേഹങ്ങളിൽ, സുവിശേഷങ്ങളിൽ സംതൃപ്തമായ മാനുഷികമായ ഒരു ഉത്തരവും നമുക്ക് കാണുവാൻ കഴിയുകയില്ല. മഗ്ദലന മറിയത്തിന്റെ അധരങ്ങളും അത് പറയുന്നില്ല. യേശുവിന്റെ ശരീരം കല്ലറയില്ല്ലായെന്ന് കണ്ട് ഭയചകിതയായ അവള്‍ പത്രോസ്സിനോടും, യേശു ഏറ്റം സ്നേഹിച്ച മറ്റേ അപ്പസ്തോലനോടും പറയുവാനായി ഓടി. അവരെ കണ്ടപ്പോള്‍ അവളുടെ വാക്കുകള്‍ ഇപ്രകാരമായിരിന്നു, "അവർ നാഥനെ കല്ലറയിൽ നിന്നും മാറ്റിയിരിക്കുന്നു. എന്നാൽ അവനെ എവിടെ വച്ചു എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ". മഗ്ദലന മറിയത്തിന്റെ അധരങ്ങൾക്ക് മാനുഷികമായ തലത്തിലുള്ള അർത്ഥം കണ്ടുപിടിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

അവളുടെ വാക്കുകള്‍ കേട്ടയുടനെ, ശിമയോൻ പത്രോസും മറ്റേ ശിഷ്യനും കല്ലറയിലേയക്ക് അതിവേഗം ഓടി ചെല്ലുന്നു, അതിനകത്തേയ്ക്ക് ആദ്യം പ്രവേശിച്ച പത്രോസ് കണ്ടത് ശൂന്യമായ കല്ലറ ആയ്യിരുന്നു. എന്നാൽ, അവനെ പൊതിഞ്ഞിരുന്ന കച്ച താഴെ കിടക്കുന്നതും കണ്ടു. പിന്നാലെ മറ്റേ ശിഷ്യനും അകത്തു പ്രവേശിച്ചു. അവനും യേശുവിനെ കണ്ടെത്താന്‍ സാധിച്ചില്ല. 'അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു എന്ന തിരുവെഴുത്ത് അവർ അതുവരെ മനസ്സിലാക്കിയിരുന്നില്ല' (യോഹ.20:9). എന്നാല്‍, മനുഷ്യന്‍ കല്ലറയുടെ കവാടം അടയ്ക്കുന്ന കല്ലിനാൽ, മരണത്തിന്റെ മുദ്രയാൽ യേശുവിനെ കീഴ്പെടുത്തുവാൻ ആവില്ലായെന്നു എന്ന് അവര്‍ പിന്നീട് ഗ്രഹിച്ചു.

പലപ്പോഴും ജീവിതത്തിന്റെ വിവിധങ്ങളായ പ്രശ്നങ്ങളില്‍ നമ്മില്‍ പലരും ദൈവത്തെ കാണാന്‍ ശ്രമിക്കാറില്ല. നമ്മുക്കായി സ്വജീവന്‍ ബലിയായി നല്കിയ, എന്നാല്‍ ഇന്നും ജീവിക്കുന്ന ദൈവം നമ്മുടെ ഒപ്പമുണ്ടെന്ന ചിന്ത നമ്മുക്ക് പ്രത്യാശ പകരും. ഈ പ്രത്യാശ അനുദിന ജീവിതത്തിലെ സഹനങ്ങളില്‍, ദുഃഖങ്ങളില്‍ നമ്മുക്ക് ഏറെ ആശ്വാസം പകരുമെന്ന കാര്യത്തില്‍ സംശയമില്ല.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 6.4.80)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »