News

വി. മുരളീധരൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

13-10-2019 - Sunday

വത്തിക്കാന്‍ സിറ്റി: മദർ മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ സംബന്ധിക്കുന്ന ഇന്ത്യൻ സംഘത്തെ നയിച്ചു കൊണ്ട് വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകൾക്ക് മുൻപ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശംസകൾ അറിയിക്കാൻ മാർപാപ്പ മുരളീധരനോട് അഭ്യർത്ഥിച്ചു.

കൂടിക്കാഴ്ചക്കൊടുവിൽ മഹാത്മ ഗാന്ധിയുടെ വ്യാഖ്യാനത്തോടു കൂടിയ ഭഗവദ് ഗീതയും കേരളത്തിലെ ക്ഷേത്ര ഉത്സവങ്ങളിൽ പരമ്പരാഗത രീതിയിൽ എഴുന്നെള്ളിപ്പിന് ഉപയോഗിക്കുന്ന തിടമ്പേന്തിയ നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരൻ മാർപാപ്പയ്ക്ക് സമ്മാനിച്ചു. വത്തിക്കാൻ സ്റ്റേറ്റിന്റെ വിദേശകാര്യ മന്ത്രി പദവി വഹിക്കുന്ന കർദ്ദിനാൾ പോൾ ഗല്ലാഗറുമായും വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി.


Related Articles »