Youth Zone - 2024

ക്രിസ്തു സാക്ഷ്യത്തിന് വേദിയായി അമേരിക്കന്‍ ഫുട്ബോള്‍ മൈതാനങ്ങള്‍

സ്വന്തം ലേഖകന്‍ 15-10-2019 - Tuesday

കാന്‍സാസ് സിറ്റി: രാജ്യത്തുടനീളമുള്ള ഫുട്ബോള്‍ മൈതാനങ്ങളില്‍ ഒരുമിച്ച് കൂടി ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് അമേരിക്കയിലെ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍. ഏതാണ്ട് രണ്ടരലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് അമേരിക്കയിലുടനീളമുള്ള അഞ്ഞൂറോളം ഫുട്ബോള്‍ മൈതാനങ്ങളില്‍ സംഘടിപ്പിച്ച ‘വിശ്വാസത്തിന്റെ മൈതാനങ്ങള്‍’ (ഫീല്‍ഡ്സ് ഓഫ് ഫെയിത്ത്) എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മകളില്‍ പങ്കെടുത്തത്. പ്രാര്‍ത്ഥിക്കുവാനും, തങ്ങളുടെ അനുഭവസാക്ഷ്യങ്ങള്‍ പരസ്പരം പങ്കുവെക്കുവാനും, ബൈബിള്‍ വായനക്കായി തങ്ങളുടെ കൂട്ടുകാരെ ക്ഷണിക്കുവാനുമുള്ള അവസരമാണ് പതിനാറാമത് വാര്‍ഷിക ഫീല്‍ഡ്സ് ഓഫ് ഫെയിത്ത് കൂട്ടായ്മകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.

1954-ല്‍ ജെഫ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ മിസ്സോറിയിലെ കാന്‍സാസ് ആസ്ഥാനമായി സ്ഥാപിതമായ ക്രിസ്ത്യന്‍ സ്പോര്‍ട്സ് പ്രേഷിത കൂട്ടായ്മയായ ‘ഫെല്ലോഷിപ്പ് ഓഫ് ക്രിസ്ത്യന്‍ അത്ലറ്റ്സ്’ (എഫ്.സി.എ) ആണ് 2004-ല്‍ ഫീല്‍ഡ്സ് ഓഫ് ഫെയിത്തിന് ആരംഭം കുറിച്ചത്. ആയിരത്തോളം വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ കൂട്ടായ്മ ഇന്ന്‍ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു യേശുവിനെ പ്രഘോഷിക്കുന്ന പരിപാടിയായി മാറിക്കഴിഞ്ഞു. ഏകാന്തത, വിഷാദം, ആത്മഹത്യാ പ്രവണത, മദ്യം, ലഹരിപദാര്‍ത്ഥങ്ങള്‍, പ്രത്യാശയില്ലായ്മ തുടങ്ങിയ വെല്ലുവിളികളെ ക്രിസ്തുവിലുള്ള പ്രതീക്ഷ വഴി നേരിടുവാന്‍ തങ്ങളുടെ സുഹൃത്തുക്കളേ സഹായിക്കുകയാണ് ഈ കൂട്ടായ്മകളിലൂടെ വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നത്.

മോശം വാര്‍ത്തകള്‍ ഏറെ പ്രചരിക്കപ്പെടുന്ന ഈ ലോകത്ത് എഫ്.സി.എ യുടെ ഫീല്‍ഡ്സ് ഓഫ് ഫെയിത്ത് വഴി ആയിരകണക്കിന് യുവാക്കളുടെ ജീവിതങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുവെന്ന നല്ല വാര്‍ത്ത പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് എഫ്.സി.എ യുടെ പ്രേഷിത വിഭാഗം എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ കൂടിയായ ജെഫ് മാര്‍ട്ടിന്റെ പ്രതികരണം. കായിക മൈതാനങ്ങളിലൂടെ അനേകം പേരുടെ ജീവിതങ്ങളില്‍ യേശു പിടിമുറുക്കി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ മുഴുവന്‍ സ്കൂളുകളും വിദ്യാര്‍ത്ഥികളും പങ്കെടുക്കേണ്ട പരിപാടിയാണിതെന്നാണ് കൂട്ടായ്മയില്‍ പങ്കെടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടായ്മകളില്‍ ഏതാണ്ട് 2,40,000 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.


Related Articles »