News - 2024

അമേരിക്കയില്‍ വാഹനാപകടത്തില്‍ അന്തരിച്ച ഷില്ലോംഗ് ആർച്ച് ബിഷപ്പിന്റെ മൃതസംസ്ക്കാരം 23ന്

സ്വന്തം ലേഖകന്‍ 18-10-2019 - Friday

കാലിഫോര്‍ണിയ/ ബെംഗളൂരു: അമേരിക്കയില്‍ വാഹനാപകടത്തില്‍ അന്തരിച്ച ഷില്ലോംഗ് ആർച്ച് ബിഷപ്പ് ഡൊമിനിക് ജാല എസ്.ഡി.ബിയുടെ മൃതസംസ്ക്കാരം ഒക്ടോബർ 23 ബുധനാഴ്ച നടക്കും. ഷില്ലോംഗ് പരിശുദ്ധ കന്യകമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന അന്തിമ ശുശ്രൂഷകള്‍ക്ക് വിവിധ ബിഷപ്പുമാര്‍ കാര്‍മ്മികത്വം വഹിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ദിവ്യബലിക്ക് ശേഷമാണ് ദേവാലയാങ്കണത്തിൽ ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ പതിനേഴിന് ഷില്ലോംഗിൽ നിന്നും റോമിലേക്ക് അഡ് ലിമിന സന്ദർശനത്തിനായി യാത്രയായ അദ്ദേഹം ഇംഗ്ലീഷ് ലിറ്റർജി അന്താരാഷ്ട്ര കമ്മീഷൻ സമ്മേളനത്തിനായി അമേരിക്കയിലെത്തിയപ്പോഴാണ് അപകടം നടന്നത്.

ഒക്ടോബർ പത്തിന് കാലിഫോർണിയയിലെ ക്ലിയർ ലേക്കിലേക്കു പോകുമ്പോള്‍ ഓക്‌ലാൻഡ് കൊലുസാ കൗണ്ടിയിൽവെച്ച് ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരിന്നു. ആര്‍ച്ച് ബിഷപ്പ് ജാലയെ കൂടാതെ മലയാളി വൈദികന്‍ മൂവാറ്റുപുഴ രണ്ടാർ സെയ്ന്റ് മൈക്കിൾസ് ഇടവകാംഗമായ ഫാ. മാത്യു വെള്ളാങ്കലും മരണമടഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഒക്ടോബർ പതിനാറിന് ലഭിച്ച മൃതദേഹം മക്കനറി മൂർ ഫ്യൂണറൽ ഹോമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഔദ്യോഗിക നടപടികൾ പൂര്‍ത്തിയാക്കി ഒക്ടോബർ 20നു ഭൗതിക ശരീരം ഇന്ത്യയിൽ എത്തിക്കും.

ആസാമിലെ ഗുവാഹത്തി എയർപോർട്ടിൽ നിന്നും സലേഷ്യൻ പ്രോവിൻഷ്യൽ ഹൗസിലും ബർണിഹത്ത്‌ ഇടവക, നൊങ്പൊഹ, ഉംസണിങ്, മൗലായി ഇടവകകളില്‍ ആര്‍ച്ച് ബിഷപ്പിന്റെ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കും. ഒക്ടോബർ 21 മുതൽ കത്തീഡ്രൽ ദേവാലയത്തിൽ വിശ്വാസികൾക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ അവസരമൊരുക്കും. വൈദികനായി നാൽപത്തിയൊന്ന് വർഷവും ബിഷപ്പായി പത്തൊൻപതു വർഷവും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 2015 മുതൽ ഭാരതത്തിലെ ലത്തീന്‍ മെത്രാൻ സമിതി സി‌സി‌ബി‌ഐയുടെ ലിറ്റർജി കമ്മീഷൻ ചെയര്‍മാന്‍ പദവിയും ഇംഗ്ലീഷ് ലിറ്റർജി അന്താരാഷ്ട്ര കമ്മീഷൻ അംഗമായും അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.


Related Articles »