Life In Christ - 2025

മ്യാന്മറില്‍ രക്തസാക്ഷിത്വം വരിച്ച ഇറ്റാലിയന്‍ വൈദികന്‍ വാഴ്ത്തപ്പെട്ട പദവിയിൽ

സ്വന്തം ലേഖകന്‍ 21-10-2019 - Monday

ക്രീമ, ഇറ്റലി: ഭാരതത്തിന്റെ അയല്‍രാജ്യമായ മ്യാന്മറിൽ രക്തസാക്ഷിത്വം വരിച്ച, ഇറ്റാലിയന്‍ വൈദികന്‍ ഫാ. ആൽഫ്രഡോ ക്രെമോണെസിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് തിരുസഭ ഉയർത്തി. ലോക മിഷ്ണറി ഞായറിന്റെ തലേദിവസമായ ശനിയാഴ്ച ഇറ്റലിയിലെ ക്രീമയിലുളള അസംപ്ഷൻ ഓഫ് ദി വെർജിൻ മേരി കത്തീഡ്രൽ ദേവാലയത്തിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരു സംഘത്തിന്റെ ചുമതല വഹിക്കുന്ന കർദ്ദിനാൾ ആഞ്ചലോ ബെച്യു തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്രീമ രൂപതയുടെ മെത്രാൻ ഡാനിയേൽ ജിയാനോട്ടിയുടെയും, മ്യാൻമാറിലെ തൗൻഗുഗു രൂപതയുടെ മെത്രാൻ, ഐസക് ഡാനുവിന്റെയും നൂറുകണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തിലായിരിന്നു പ്രഖ്യാപനം. പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ മിഷനിലെ അംഗമായിരുന്നു ഫാ. ആൽഫ്രഡോ ക്രമോണാസി.

1902-ല്‍ ഇറ്റലിയിലെ റിപ്പാള്‍ട്ട ഗൂറിനയില്‍ ജനിച്ച ആൽഫ്രഡോ കേവലം ഇരുപതു വയസ്സുള്ളപ്പോള്‍ മിഷ്ണറിയാകാന്‍ ഉറച്ച തീരുമാനമെടുത്തു. മിഷ്ണറിമാരെ കുറിച്ചുള്ള മാഗസിനുകളും ബുക്കുകളുമാണ് അദ്ദേഹത്തിന്റെ മിഷന്‍ തീക്ഷ്ണതയെ ജ്വലിപ്പിച്ചത്. വെറും 23 വയസ്സു മാത്രമുണ്ടായിരിന്നപ്പോള്‍ ക്രൈസ്തവ വിശ്വാസം കാര്യമായി എത്താത്ത മ്യാന്‍മറിലേക്ക് അദ്ദേഹം യാത്രതിരിച്ചു. അധികം വൈകാതെ 1925-ല്‍ അദ്ദേഹം ഗോത്രവംശജര്‍ താമസിക്കുന്ന ബാഗോ മേഖലയിലെ ഡോനോകൊയില്‍ തന്റെ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുലര്‍ച്ചെ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ചു ആരാധനയില്‍ പങ്കുചേര്‍ന്നാണ് അദ്ദേഹം തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

പ്രതിസന്ധികളെയും ഭീഷണികളെയും വകവെക്കാതെ ആയിരങ്ങള്‍ക്കു അദ്ദേഹം ക്രിസ്തുവിനെ നല്കി. 1953-ല്‍ മ്യാന്‍മറില്‍ ആഭ്യന്തര കലഹം രൂക്ഷമായപ്പോള്‍ റിബലുകള്‍ക്കൊപ്പം വൈദികനും ജനങ്ങളും നിലകൊണ്ടുവെന്ന് ആരോപിച്ചു അദ്ദേഹത്തെ വെടിവെച്ചു കൊലപ്പെടുത്തുകയായിരിന്നു. ക്രിസ്തുവിനോടുള്ള സ്നേഹത്താൽ തന്റെ ജീവൻ ഉദാരമായി നൽകിയ വാഴ്ത്തപ്പെട്ട ആൽഫ്രഡോ, ഇന്ന് ക്രീമ രൂപതയോടും, മിഷ്ണറിമാരോടും, സഭ മുഴുവനോടും തന്റെ ജീവിത സാക്ഷ്യം മുന്നിൽ നിർത്തി സംസാരിക്കുകയാണെന്നും നാമകരണ വേളയില്‍ കർദ്ദിനാൾ ബെച്യു പറഞ്ഞു.

വിശ്വാസത്തിനുവേണ്ടി മരിക്കാനുള്ള അനുഗ്രഹം ചിലർക്കു മാത്രമേ ലഭിക്കുകയുള്ളൂവെന്നും, എന്നാൽ നമ്മളെല്ലാം വിശ്വാസത്തില്‍ ജീവിക്കാൻ വിളിക്കപ്പെട്ടവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മിഷ്ണറി ജീവിതത്തിന്റെ സൗന്ദര്യത്തെപ്പറ്റി യുവജനങ്ങൾക്ക് ചിന്തിക്കാൻ ഫാ. ആൽഫ്രഡോ ക്രമോണാസിയുടെ ജീവിതസാക്ഷ്യം ഒരു പ്രചോദനമാണെന്നും കർദ്ദിനാൾ ബെച്യു കൂട്ടിച്ചേർത്തു.


Related Articles »