Faith And Reason - 2024

ക്രിസ്ത്യന്‍ സ്കൂളുകളിൽ യോഗ പരിശീലിപ്പിക്കുന്നതിനെതിരെ ഐറിഷ് ബിഷപ്പ്

സ്വന്തം ലേഖകന്‍ 23-10-2019 - Wednesday

ഡബ്ലിന്‍: ക്രൈസ്തവ വിശ്വാസത്തിന് ഘടകവിരുദ്ധമായ യോഗ, രൂപതയ്ക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനെതിരെ നിർദ്ദേശവുമായി ഐറിഷ് കത്തോലിക്ക ബിഷപ്പിന്റെ കത്ത്. അയർലണ്ടിലെ, വാട്ടർഫോഡ് ആൻഡ് ലിസ്മോർ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് അൽഫോൻസസ് കുളളിനനാണ് യോഗ ക്രൈസ്തവ വിശ്വാസ വിരുദ്ധമാണെന്നും ഓരോരുത്തരുടെയും ഹൃദയങ്ങൾ ദൈവത്തിങ്കലേക്ക് തുറക്കാൻ യോഗ കൊണ്ട് സാധിക്കില്ലെന്നും വിശദീകരിച്ചുകൊണ്ട് തന്റെ രൂപതയ്ക്കു കീഴിലുള്ള ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളുകള്‍ക്ക് കത്തെഴുതിയിരിക്കുന്നത്.

ഓരോ അധ്യായന ദിവസത്തിന്റെയും കേന്ദ്ര ഭാഗവും, താക്കോലും പ്രാർത്ഥനയാണെന്ന് വിശദീകരിച്ചാണ് അദ്ദേഹത്തിന്റെ കത്ത് ആരംഭിക്കുന്നത്. തക്കതായ സ്ഥലവും, സന്ദർഭവും, സമയവും നൽകുകയാണെങ്കിൽ സ്വാഭാവികമായി തന്നെ കുട്ടികൾ പ്രാർത്ഥിക്കാൻ ആരംഭിക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ദിവ്യകാരുണ്യ ആരാധനയുടെ സമയത്തും, ജപമാല ചൊല്ലുമ്പോഴും, ഏതെങ്കിലും ബൈബിൾ ഭാഗം ധ്യാനിക്കുമ്പോഴുമെല്ലാം തനിക്ക് തന്നെ അത് അനുഭവിച്ചറിയാൻ സാധിച്ചിട്ടുണ്ട്.

യോഗയെ പറ്റിയും, മൈൻഡ് ഫുൾനസിനെ പറ്റിയും ഒരുപാടുപേർ തന്നോട് ചോദ്യം ഉന്നയിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. യോഗ നമ്മെ ക്രിസ്തുവിലേക്ക് അടുപ്പിക്കുമോ, അതല്ലെങ്കിൽ ക്രിസ്തുവിനെ മാറ്റി പ്രതിഷ്ഠിക്കാൻ ഇടയാക്കുമോ എന്ന മറുചോദ്യമാണ് ബിഷപ്പ് കുളളിനൻ തിരിച്ചു ചോദിക്കുന്നത്. യോഗ ക്രൈസ്തവ വിശ്വാസത്തിൽ നിന്നും ജന്മമെടുത്തതല്ലെന്നും, അത് ഇടവക സ്കൂൾ സമ്പ്രദായത്തിന് യോജിച്ചതല്ലെന്നും കത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നു. മൈൻഡ് ഫുൾനസിനെതിരെയും ബിഷപ്പ് ശക്തമായ മുന്നറിയിപ്പ് നൽകുന്നു.

നമ്മുടെ ഹൃദയങ്ങൾ ദൈവത്തിങ്കലേക്ക് തുറക്കാൻ, യോഗ കൊണ്ട് സാധിക്കില്ലെന്ന് 2015-ൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ പ്രസംഗ ഭാഗത്തിലെ വാക്കുകളും ബിഷപ്പ് അൽഫോൻസസ് കുളളിനൻ തന്റെ കത്തിൽ ഉദ്ധരിക്കുന്നുണ്ട്. അസാധാരണ മിഷൻ മാസവും, ജപമാല മാസവുമായ ഒക്ടോബറിൽ, ജപമാല പ്രാര്‍ത്ഥനയില്‍ ദിവ്യകാരുണ്യത്തിന്റ മുൻപിൽ സമയം ചെലവഴിക്കാൻ കുട്ടികളെ സഹായിക്കാനും അദ്ദേഹം കത്തിലൂടെ ആഹ്വാനം ചെയ്തു. വിലമതിക്കാനാവാത്ത സമാധാനം, യേശുക്രിസ്തുവിൽ കണ്ടെത്താൻ സാധിക്കുമെന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കത്ത് അവസാനിപ്പിക്കുന്നത്.

യോഗ ക്രിസ്തീയ വിശ്വാസത്തിന് ചേര്‍ന്നതല്ലായെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ലേഖനങ്ങള്‍ "പ്രവാചക ശബ്ദം" ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷയത്തെ പറ്റി കൂടുതലായി മനസ്സിലാക്കുന്നതിന് ഈ ലേഖനങ്ങള്‍ സഹായകരമാകും.

യോഗ സാര്‍വ്വത്രീകമാക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയുക

യോഗയെപ്പറ്റി കേരളസഭ വ്യഗ്രതപ്പെടേണ്ടതുണ്ടോ?

'ഓം' എന്ന മന്ത്രം ക്രൈസ്തവ പ്രാർത്ഥനകളിൽ ഉപയോഗിക്കരുത്

----

യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1

യോഗയുടെ തത്വശാസ്ത്രം സഭയെ പടുത്തുയര്‍ത്തുകയല്ല, പടുക്കുഴിയിലാക്കുന്നു: ഭാഗം 2

ക്രിസ്തീയതയില്‍ 'യോഗ' കുടിയിരുത്താനുള്ള നീക്കം ഏത് ആത്മാവിന്റേതാണെന്ന് തിരിച്ചറിയുക: ഭാഗം 3

യോഗ വിഷയത്തില്‍ കെസിബിസിയുടെ പുനർവിചിന്തനം അനിവാര്യം: അവസാന ഭാഗം


Related Articles »