Youth Zone - 2024

ദൈവവിളി വര്‍ദ്ധനവിനായി ദേശീയ ദൈവവിളി വാരവുമായി നെതർലാന്‍റ്

സ്വന്തം ലേഖകന്‍ 30-10-2019 - Wednesday

ആംസ്റ്റര്‍ഡാം: പ്രാര്‍ത്ഥനയും വിവിധങ്ങളായ പ്രവര്‍ത്തനങ്ങളും വഴി വൈദികരുടെയും സന്യസ്തരുടെയും എണ്ണത്തിലുള്ള കുറവു നികത്താന്‍ ദേശീയ ദൈവവിളി വാരവുമായി യൂറോപ്യന്‍ രാജ്യമായ നെതർലാന്‍റ്. നവംബർ 3 ഞായർ മുതൽ 9 ശനിവരെ നെതർലാന്റില്‍ എല്ലാ രൂപതകളേയും ഉൾപ്പെടുത്തിക്കൊണ്ടാണ് ദേശീയ ദൈവവിളി വാരം നടക്കുക. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പ്രാർത്ഥന ശുശ്രൂഷകളില്‍ പൗരോഹിത്യത്തിലേക്കും, ഡീക്കൻ പട്ടത്തിലേക്കും സന്യാസജീവിതത്തിലേക്കുള്ള വിളിയായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. സഭയിൽ സന്യസ്ഥ വിളിയുടെ അടിസ്ഥാന ആവശ്യത്തിന് ഊന്നൽ നൽകാനാണ് ദൈവവിളി ആചരണമെന്ന് ഡച്ച് സന്യാസസഭകളുടെ കോൺഫറൻസുമായി ഒന്നിച്ച് വാരത്തിനു നേതൃത്വം നൽകുന്ന ദേശീയ മെത്രാൻ സംഘത്തിന്‍റെ കുറിപ്പിൽ പറയുന്നു.

ഡച്ച് കത്തോലിക്ക സഭയുടെ മദ്ധ്യസ്ഥനായ വിശുദ്ധ വില്ലിബ്രോഡിന്‍റെ തിരുനാളുമായി ബന്ധപ്പെട്ടാണ് വാരാചരണം നടക്കുന്നതു എന്നതും ശ്രദ്ധേയമാണ്. വിശ്വാസികൾ പുതിയ ദൈവവിളികൾക്കായി ആവശ്യപ്പെടുന്നില്ലെങ്കിൽ, കർത്താവു പോലും അത് നൽകില്ലെന്നു വൈദിക വിദ്യാർത്ഥികളുടെ ഫൊര്‍മേഷന്‍ ഡയറക്ടര്‍ ഫാ.പാട്രിക് കൂയിപ്പേഴ്സ് പറഞ്ഞു. താൻ അനുഭവിച്ച വിഷമ ഘട്ടങ്ങളിലും ധൈര്യത്തോടെ വിശ്വാസം പ്രചരിപ്പിച്ച വില്ലിബ്രോർഡ് ഒരു തുടർ മാതൃകയാണെന്നും, വാരാചരണം വഴി നെതർലാന്‍റിലെ ഉയർന്നു വരുന്ന വൈദികരുടെയും, പല സന്യാസസഭകളിലുമുള്ള അംഗങ്ങളുടെ കുറവും ഗൗരവമായ പ്രശ്നമാണെന്ന് ഉയർത്തി കാണിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »