Social Media

പള്ളിയും പട്ടക്കാരനും ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്ന ദുരന്തേട്ടനും നടക്കാത്ത സ്വപ്നങ്ങളും

ഫാ.ജെയ്സൺ മുളേരിക്കൽ സി.എം.ഐ 06-11-2019 - Wednesday

മുരളീ തുമ്മാരുകുടിയെ എനിക്കിഷ്ടമാണ്. രണ്ടു കാലഘട്ടങ്ങളിലാണ് പഠിച്ചതെങ്കിലും കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംങ്ങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ് ഞങ്ങളിരുവരും എന്നത് കൊണ്ട് മാത്രമല്ല സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ശാസ്ത്ര സാങ്കേതിക ദുരന്തനിവാരണ വിവരങ്ങൾ പൊതുനന്മയ്ക്ക് ഉതകും വിധം സരളമായും സമഗ്രമായും പങ്കുവയ്ക്കാനുള്ള അദ്ദേഹത്തിന്റെ സവിശേഷ സിദ്ധി കൂടെ കൊണ്ടുകൂടെയാണത്. അദ്ദേഹത്തിന് കേരള പൊതു സമൂഹത്തിലുള്ള സ്ഥാനത്തെക്കുറിച്ച് ഞാൻ പ്രത്യേകിച്ച് വിശദീകരിച്ച് പറയേണ്ട കാര്യവുമില്ല.

പക്ഷെ ഈയിടയ്ക്കായി ശാസ്ത്ര, പൊതു വിഷയങ്ങൾക്കൊപ്പം താൻ സ്വപ്നം കാണുന്ന കിനാശ്ശേരിയെ കുറിച്ചും, നവ കേരളത്തെ കുറിച്ചുമുള്ള ചില സ്വകാര്യസ്വപ്നങ്ങൾ കൂടെ വരികൾക്കിടയിലൂടെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. പൂട്ടിനിടയിൽ പീരയെന്നോണം ഇടുന്നതു കൊണ്ട് വായനക്കാർ അറിയാതെ തന്നെ അവരുടെ അബോധ മനസ്സിലേക്ക് തന്റെ "രഹസ്യ" വിചാരങ്ങൾ കടത്തിവിടാമെന്നൊരു മോഹം അതിനു പിന്നിലില്ലേയെന്നൊരു സംശയം. അതുകൊണ്ടൊരു പ്രതികരണം അർഹതപ്പെട്ടതാണെന്ന് കരുതുന്നതുകൊണ്ടാണ് ഈ കുറിപ്പ്.

സംഗതി സിമ്പിളാണ്, പവ്വർഫുള്ളും. കിനാശ്ശേരിയെ കുറിച്ചും, നവകേരളത്തെയും കുറിച്ച് സ്വപ്നം കാണുന്ന കൂട്ടത്തിൽ പള്ളിക്കും പട്ടക്കാരനുമിട്ട് ഒരു കൊട്ട് കൊടുക്കും. പള്ളിയും, പട്ടക്കാരനും ഒരു അനാവശ്യമാണെന്നും, ദുരന്തനിവാരണത്തിനായി യൂറോപ്പിൽ ഓടി നടക്കുമ്പോൾ പള്ളി ഇല്ലായതായി കണ്ടെത്തിയെന്നും, അതു കൊണ്ട് അവരില്ലാത്ത കേരളമാണ് മധുര മനോജ്ഞമായ കേരളമെന്നും ഇടയ്ക്കിടെ ഒരു തട്ടുതട്ടും.

സഭയുടെ ആരാധനക്രമമനുസരിച്ച് പള്ളിക്കുദാശക്കാലം തുടങ്ങിയതേയുള്ളൂ, ഇന്നലെ. പത്രോസേ നീ പാറയാകുന്നു, ഈ പാറമേൽ എന്റെ പള്ളി ഞാൻ പണിയും, നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല എന്ന ഈശോ മിശിഹായുടെ ഉറപ്പായിരുന്നു കുർബാന മധ്യേയുള്ള സുവിശേഷ ഭാഗം. ആ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലൊരു ഉറപ്പല്ല എന്നതാണ് പ്രശ്നം. ഒരു പന്തക്കുസ്താ നാളിൽ പതിനൊന്ന് പേരും പരിശുദ്ധ മറിയവും ഒന്ന് ചേർന്ന് വിളിച്ചു പറഞ്ഞ യേശുവിന്റെ ജീവിതകഥ ഓരോ കാലഘട്ടത്തിലുമുണ്ടായ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ചരിത്രത്തിൽ ഇടമുറിയാതെ രണ്ടായിരം വർഷത്തോളമായി നിലനിൽക്കുന്ന ഒരേയൊരു പ്രസ്ഥാനമായി മാറിയതിനു പിന്നിൽ മാനുഷിക ബുദ്ധിക്ക് അതീതമായ ചില രഹസ്യങ്ങൾ ഉണ്ട്. ഈ രഹസ്യാത്മകത, ദൈവീകത തന്നെയാണെന്നാണ് ഞങ്ങളുടെ ഒരു ഇത്.

പണ്ട് നെപ്പോളിയൻ ബോണോപ്പാർട്ട് ലോകം മുഴുവൻ വിറപ്പിച്ച് കഴിഞ്ഞപ്പോൾ വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന കർദ്ദിനാൾ കൊൺസാൾവിയുടെ അടുക്കൽ ചെന്നൊരു കാച്ച് കാച്ചി; വരുതിക്ക് നിന്നില്ലെങ്കിൽ തകർത്തു കളയും തന്റെ സഭയെ! കർദ്ദിനാൾ പുഞ്ചിരിച്ചു കൊണ്ട് നർമ്മബുദ്ധ്യാ തട്ടി വിട്ടു എന്നാണ് കേൾക്കുന്നത്, "പിന്നല്ലേ, കഴിഞ്ഞ 1800 വർഷമായിട്ട് എല്ലാ മാർപ്പാപ്പമാരും, മെത്രാന്മാരും, അച്ചന്മാരും ഒരുമിച്ച് നിന്ന് പണിതിട്ട് സാധിച്ചിട്ടില്ല, പിന്നല്ലേ ഒരു നെപ്പോളിയൻ ബോണോപ്പാർട്ട്?". ശിരസ്സ് ക്രിസ്തുവാണെങ്കിലും ഉടല് ബലഹീനരായ മനുഷ്യരായതുകൊണ്ട് എന്നും സഭയ്ക്ക് പരിമിതികൾ ഉണ്ടായിട്ടുണ്ട്.

സഭാംഗങ്ങൾക്കു മാത്രമേ സഭയെ പരിക്കേൽപ്പിക്കുവാൻ എന്നെങ്കിലും സാധിച്ചിട്ടുള്ളു. ഭൂമി വിവാദവും, പള്ളി പിടിക്കൽ വിവാദവും, കന്യാസ്ത്രീ വിവാദവുമെല്ലാം ഇത്തരത്തിലുള്ള സഭയുടെ പരിമിതികളാണ്. രണ്ടു സഹസ്രാബ്ദത്തിന്റെ ചരിത്രഭാരം പേറുന്നത് കൊണ്ട് ഈ വലിയ കപ്പലിന്റെ ദിശയെന്ന് തിരിക്കുവാൻ അൽപ്പം സമയമെടുക്കും. പക്ഷെ അത് തിരിയുകയും അത് വഹിക്കുവാൻ ഉദ്ദേശിച്ചവരെ കുത്തിനിറച്ച് കൊണ്ട് നേർവഴിയേ സ്വർഗ്ഗോത്മുഖമായി ചരിക്കുകയും ചെയ്യും, കാരണം കപ്പിത്താൻ നേരത്തേ പറഞ്ഞ പുള്ളിയാ, ഞങ്ങൾ അല്ല.

പിന്നെ, ദൈവം, സ്വർഗ്ഗം, ഗോഡ് ഓഫ് ദി ഗാപ്പ്സ്, എല്ലാവരുടെയും വയറൊന്ന് നിറഞ്ഞാൽ ഗ്യാപ്പ് ഫില്ലായി, പിന്നെന്ത് ദൈവം എന്ന ആർഗ്യുമെന്റ്. ഒറ്റ പ്രശ്നമേയുള്ളൂ. ഗ്യാപ്പ് ഫില്ലാകില്ല, ഒരിക്കലും - പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് പോയാലും അണുവിന്റെ അഗാധതയിലേക്ക് പോയാലും. പണ്ട് അഞ്ചാം ക്ലാസിൽ കണക്ക് ടീച്ചർ ഒരു ചോദ്യം ചോദിച്ചു. ഒരു സ്കെയിലിലെ ഒരു സെന്റിമീറ്ററിനിടയിൽ എത്ര മിഡ് പോയിന്റുണ്ട്‌? ഉത്തരം കുറെ പറഞ്ഞെങ്കിലും സിസ്റ്റർ അതൊന്നും സമ്മതിച്ചല്ല - അപ്പോ, ആ രണ്ട് പോയിന്റിന്റെ ഇടയിൽ ഒരു മിഡ് പോയിന്റില്ലേ. ശരിയല്ലേ, ഒരു സെന്റിമീറ്ററിന്റെയല്ല, മില്ലീമീറ്ററിന്റെ ഇടയിൽ പോലുമുള്ള (എത്ര ചെറിയ അളവെടുത്താലും അതിനിടയിലുള്ള) മിഡ് പോയിന്റുകളുടെ എണ്ണം അനന്തമാണ്.

പിന്നെയാണ് ലോകത്തിലെ എല്ലാ ഗ്യാപ്പും കണ്ട് പിടിച്ച് ദൈവത്തെ ഇല്ലാതാക്കാൻ സാധിക്കുമെന്നും അതോടൊപ്പം പള്ളിയും പട്ടക്കാരനും ഇല്ലാതാകമെന്ന വ്യാമോഹം. അത് ഹെയ്സൺബർഗ് അൺസെർട്ടേൺട്ടി പ്രിൻസിപ്പിൾ പോലൊന്നാണ് - അണുവിന്റെ വേഗവും സ്ഥാനവും ഒരുമിച്ച് പിടിക്കാൻ പറ്റാത്തത് പോലെ, ഗ്യാപ്പിനെ കൊന്ന് ദൈവത്തെയും കൊല്ലാനാവില്ല. വേറെ വഴി വല്ലതും നോക്കേണ്ടി വരും.

പിന്നെ സാമൂഹികശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോൾ ലേറ്റസ്റ്റ് സെൻസേഷനായ യുവാൽ നോഹാ ഹരാരിയെ വിട്ടു കളയരുത്. അദ്ധേഹത്തിന്റെ സാപ്പിയൻസും, ഹോമോ ദേവൂസും വായിക്കാതിരിക്കാൻ തരമില്ലെന്നറിയാം. അവരുടെ മൂന്നാമത്തെ പുസ്തകത്തിൽ ടെക്നോളജി മനുഷ്യനെ തന്നെയങ്ങ് മിമിക് ചെയ്തു കളയുസോൾ പ്രത്യേകിച്ച് പണിയൊന്നും ചെയ്യേണ്ടി വരാത്ത മനുഷ്യർ യൂണിവേഴ്സൽ ബേസിക് ഇൻകം കൊണ്ട് ജീവിതം സർഗ്ഗാത്മകമാക്കുമ്പോൾ - നമ്മുടെ നോക്കുകൂലിതന്നെ; ആ ആശയം ആദ്യമായി ചൂണ്ടിക്കാണിച്ചത് ഞാനാണെന്നും അതിന് ശേഷം മുരളിയേട്ടൻ അതൊരു പോസ്റ്റാക്കിയെന്നുമാണ് എന്റെ ഓർമ്മ - ഒരിക്കലും അവനിൽ നിന്നും എടുത്ത് കളയരുത് എന്ന് പറയുന്ന ഒരു കാര്യമുണ്ട്- അത് അവന്റെ ദൈവവും വിശ്വാസവുമാണ്. ( Ref: 21 Lessons for the 21st Century, Yuval Noah Harari).

നാലാം വ്യാവസായിക വിപ്ലവത്തിൽ നിർമ്മിത ബുദ്ധിക്ക് പണയം വച്ചൊഴിയേണ്ടി വരുന്ന ജോലികളിൽ ഏറ്റവും സേഫായി തുടരുവാൻ സാധ്യതയുള്ള സേവനം പൗരോഹിത്യം തന്നെയായിരിക്കുമെന്ന ആധുനീക നിരീക്ഷണങ്ങളും മുരളിയേട്ടൻ ശ്രദ്ധിക്കാതിരിക്കാൻ തരമില്ലയെന്നും കരുതുന്നു. അത് കൊണ്ട് സഭയിവിടുണ്ടാകും, പ്രത്യേകിച്ച്, ഭാരതത്തിലും കേരളത്തിലും. അതിന്റെ കാരണങ്ങൾ വിശദമായി പിന്നെ പറയാം. അതാണ് ഞാൻ കാണുന്ന കിണാശ്ശേരി!

വാൽകഷ്ണം: ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് മുരളിയേട്ടനോട് എന്തെങ്കിലും വിരോധമുള്ളതായി ആരും കരുതി പൊങ്കാലയിടാൻ വന്നേക്കരുതേ.

പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെന്ന് തോന്നാമെങ്കിലും ഞങ്ങൾ തമ്മിലുള്ള അന്തർധാര വളരെ സജീവമാണ്. ദുരന്തേട്ടന് പട്ടക്കാരെ വേണം, ഞങ്ങൾക്ക് അദ്ദേഹത്തെ പെരുത്ത് ഇഷ്ടമാണ് താനും. അദ്ദേഹത്തിന്റെ വളരെ പ്രിയപ്പെട്ട മകന്റെ ബിരുദ പഠനത്തിനായി തിരഞ്ഞെടുത്തത് ഈ പട്ടക്കാർ നടത്തുന്ന കലാലയമാണ്; ജാതി മത നാസ്തിക പരിഗണനകൾക്കതീതമായി, എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന മാനേജ്മെന്റ് സീറ്റുകളിൽ ഒന്ന് കൊടുത്തത് സഭയുമാണ്.

ഫാ.ജെയ്സൺ മുളേരിക്കൽ സി.എം.ഐ

More Archives >>

Page 1 of 11