Thursday Mirror

ദൈവ മാതാവിന്റെ നിത്യ കന്യകാത്വത്തില്‍ വിശ്വസിച്ചിരുന്ന അഞ്ച് പ്രമുഖ പ്രൊട്ടസ്റ്റന്റ് നേതാക്കള്‍

സ്വന്തം ലേഖകന്‍ 14-11-2019 - Thursday

ക്രിസ്തു ജനിക്കുന്ന സമയത്തും, അതിന് മുന്‍പും, പിന്‍പും പരിശുദ്ധ കന്യകാമാതാവ് കന്യക തന്നെയാണെന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത്. എന്നാല്‍ മരിയ ഭക്തിയെ തള്ളിക്കളഞ്ഞും യേശുവിനെ ഗര്‍ഭം ധരിച്ച് പ്രസവിച്ചതോടെ മാതാവിന്റെ കന്യകാത്വം നഷ്ടമായെന്നും മറിയത്തിന് വേറെ മക്കളുണ്ടെന്നും പ്രചരണം നടത്തുന്ന പ്രൊട്ടസ്റ്റന്‍റ് അനുഭാവികള്‍ നിരവധിയാണ്. അടുത്ത നാളുകളില്‍ ഇത്തരത്തിലുള്ള പ്രചാരണം കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. എന്നാല്‍ ആദ്യകാല പ്രൊട്ടസ്റ്റന്റ് നേതാക്കളുടെ ചരിത്രം പരിശോധിച്ചാല്‍ കത്തോലിക്ക സഭയുടെ വിശ്വാസ സത്യത്തെ അംഗീകരിച്ചിരിന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ദൈവ മാതാവിന്റെ കന്യകാത്വത്തില്‍ വിശ്വസിച്ചിരിന്ന പ്രൊട്ടസ്റ്റന്‍റ് സഭകളുടെ എക്കാലത്തെയും പ്രസിദ്ധിയാര്‍ജ്ജിച്ച അഞ്ചു നേതാക്കളെയാണ് ഇന്നു പരിചയപ്പെടുന്നത്.

1) മാര്‍ട്ടിന്‍ ലൂഥര്‍ ‍

പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ കാരണക്കാരനായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് മാര്‍ട്ടിന്‍ ലൂഥര്‍. മാര്‍പാപ്പയുടെ അപ്രമാദിത്വം, ബൈബിളിലെ ചില പഴയ നിയമ ഭാഗങ്ങള്‍ തുടങ്ങിയ പല പ്രധാന കത്തോലിക്കാ വിശ്വാസങ്ങളേയും അദ്ദേഹം നിരാകരിച്ചുവെങ്കിലും മാതാവിന്റെ നിത്വകന്യകാത്വത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ വിശ്വസിച്ചിരുന്നു. ദൈവ മാതാവിന്റെ കന്യകാത്വത്തെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇപ്രകാരമാണ്;

“മറിയത്തിന്റെ കന്യകാത്വപരമായ ഗര്‍ഭധാരണത്തിന്റെ യഥാര്‍ത്ഥവും സ്വാഭാവികവുമായ ഫലമായിരുന്നു നമ്മുടെ രക്ഷകനായ യേശു ക്രിസ്തു. ഇതൊരു പുരുഷന്റെ സഹകരണത്തോടെ ആയിരുന്നില്ല, അതിനു ശേഷവും അവള്‍ കന്യകയായി തന്നെ തുടര്‍ന്നു. ക്രിസ്തുവായിരുന്നു മറിയത്തിന്റെ ഏക മകന്‍, ക്രിസ്തുവിനെയല്ലാതെ മറ്റുമക്കളെ അവള്‍ പ്രസവിച്ചിട്ടുമില്ല. യേശു ‘സഹോദരന്‍മാര്‍’ എന്ന് അഭിസംബോധന ചെയ്തിരുന്നത് സ്വന്തക്കാരെയാണ് എന്നു ചിന്തിക്കുന്നവരെയാണ് ഞാന്‍ അനുകൂലിക്കുന്നത്. യഹൂദന്മാര്‍ എപ്പോഴും തങ്ങളുടെ സ്വന്തക്കാരെ ‘സഹോദരന്‍മാരെ’ എന്നാണ് അഭിസംബോധനചെയ്തിരുന്നത്.”

2) ജോണ്‍ കാല്‍വിന്‍ ‍

പല പ്രധാന കത്തോലിക്കാ സിദ്ധാന്തങ്ങളേയും നിഷേധിച്ച പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിലെ പ്രമുഖ വ്യക്തിയായിരിന്നു ജോണ്‍ കാല്‍വിന്‍. എന്നാല്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ നിത്യകന്യകാത്വത്തെ അദ്ദേഹം അംഗീകരിക്കുന്നു. ‘ആരാണ് എന്റെ അമ്മയും സഹോദരങ്ങളും' എന്ന് യേശു അഭിസംബോധന ചെയ്യുന്ന വിശുദ്ധ ലിഖിതങ്ങളിലെ തിരുവെഴുത്തുകള്‍ ചൂണ്ടിക്കാട്ടി പരിശുദ്ധ കന്യകാമറിയത്തിന്റെ നിത്യ കന്യകാത്വത്തെ നിഷേധിക്കുന്നവര്‍ അജ്ഞരാണ് എന്നാണു കാല്‍വിന്‍ പറഞ്ഞിട്ടുള്ളത്.

3) ഹള്‍ഡ്രിക്ക് സ്വിങ്ലി ‍

മാര്‍ട്ടിന്‍ ലൂഥറിന്റെ സമകാലികനായിരുന്ന സ്വിസ്സ് പരിഷ്കര്‍ത്താവായിരുന്നു ഹള്‍ഡ്രിക്ക് സ്വിങ്ലി. കടുത്ത പ്രൊട്ടസ്റ്റന്‍റ് അനുഭാവി. എന്നാല്‍ പരിശുദ്ധ കന്യകാമാതാവിന്റെ നിത്യകന്യകാത്വത്തെക്കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: “സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ ദൈവപുത്രനെ നമുക്ക് സമ്മാനിച്ച മറിയം വിശുദ്ധിയുള്ള കന്യകയായിരുന്നു, ശിശുവിന്റെ ജനനസമയത്തും, ജനനത്തിനു ശേഷവും അവള്‍ കന്യകയായി തന്നെ തുടര്‍ന്നുവെന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.” (സ്വിങ്ലി ഓപ്പറ, കോര്‍പ്പസ് റിഫര്‍മേറ്റോറം, ബെര്‍ലിന്‍, 1905, v.1, p. 424)

4) തോമസ്‌ ക്രാമ്മര്‍ ‍

ഹെന്‍റി എട്ടാമന്റെ മതവിഭാഗീയതയുടെ കാലഘട്ടത്തില്‍ കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായിരുന്നു തോമസ്‌ ക്രാമ്മര്‍. അതിനുശേഷം ആംഗ്ലിക്കന്‍ സഭാ സ്ഥാപനത്തിലെ ഏറ്റവും പ്രമുഖരില്‍ ഒരാളായി അദ്ദേഹം മാറി. എങ്കിലും, പൗരാണിക ക്രിസ്തീയ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹവും മറ്റ് പ്രധാന ആംഗ്ലിക്കന്‍ സഭാ നേതാക്കളും ദൈവമാതാവിന്റെ നിത്യ കന്യകാത്വത്തില്‍ ശക്തമായി വിശ്വസിച്ചിരുന്നുവെന്നാണ് ചരിത്രം.

5) ജോണ്‍ വെസ്ലി ‍

ലോകവ്യാപകമായി മെത്തഡിസ്റ്റ് പ്രസ്ഥാനത്തിന് ആരംഭം കുറിച്ചത് ജോണ്‍ വെസ്ലിയുടെ പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു. കത്തോലിക്കാ സിദ്ധാന്തങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും, ദൈവമാതാവിന്റെ നിത്യ കന്യകാത്വത്തില്‍ അദ്ദേഹവും വിശ്വസിച്ചിരുന്നു. കത്തോലിക്കര്‍ക്കെഴുതിയ കത്തില്‍ അദ്ദേഹം പറയുന്നത് : “പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളാല്‍, ദൈവീകതയോടും, മാനുഷിക പ്രകൃതങ്ങളോടും കൂടി പരിശുദ്ധ കന്യകാമറിയത്തിന് മനുഷ്യനായി പിറന്ന പുത്രനാണ് യേശുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. യേശുവിനെ പ്രസവിച്ച ശേഷവും മാതാവ് ശുദ്ധിയുള്ളവളും, കന്യകയുമായി തന്നെ തുടര്‍ന്നു.”

പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിന്റെ ചരിത്രത്തില്‍ നിരവധി പേര്‍, പരിശുദ്ധ മറിയം നിത്യകന്യകയാണെന്ന കത്തോലിക്ക സഭയുടെ വിശ്വാസ സത്യത്തെ ഇത്തരത്തില്‍ അംഗീകരിക്കുന്നു. യാഥാര്‍ത്ഥ്യം ഇതാണെങ്കിലും തിരുവചനത്തെ സ്വന്തം ഇഷ്ട്ടത്തിന് അനുസരിച്ചു വളച്ചൊടിച്ചു ദൈവമാതാവിന്റെ നിത്യകന്യകാത്വത്തെ എതിര്‍ക്കുന്നവര്‍ ധാരാളമുണ്ടെന്നത് വേദനാജനകമായ വസ്തുതയാണ്. ഈ സാഹചര്യത്തില്‍ വിശ്വാസികളായ നമ്മുക്ക് ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന രണ്ടു കാര്യങ്ങളാണ് ഉള്ളത്. അവരുടെ അജ്ഞത ദൂരീകരിക്കുവാന്‍ ഈ അറിവ് ഷെയര്‍ ചെയ്യുക, വിശ്വാസ സത്യത്തെ ഉള്‍ക്കൊള്ളുവാനുള്ള ബോധ്യം അവരില്‍ നിറയുന്നതിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക. ആവേ മരിയ ‍


Related Articles »