Faith And Reason

പോളണ്ടിലെ സ്വാതന്ത്ര്യ ദിന റാലിയില്‍ മുഴങ്ങിയത് യേശു നാമവും മരിയന്‍ സ്തുതിഗീതവും

സ്വന്തം ലേഖകന്‍ 13-11-2019 - Wednesday

വാഴ്സോ: കത്തോലിക്കാ വിശ്വാസ മൂല്യങ്ങളിലൂടെ മാത്രമേ പോളണ്ടിന്റെ ധാര്‍മ്മിക നവീകരണം സാധ്യമാവുകയുള്ളുവെന്ന് ഉറക്കെ പ്രഖ്യാപിച്ച് പോളിഷ് ജനതയുടെ സ്വാതന്ത്ര്യ ദിന റാലി. ദിവ്യകാരുണ്യ നാഥന്റെ ചിത്രങ്ങളും, വെള്ളയും ചുവപ്പും കലര്‍ന്ന പോളിഷ് പതാകയും കൈകളിലേന്തി മരിയന്‍ ഗാനങ്ങളും, ‘ക്രിസ്തുരാജന്‍ നീണാള്‍ വാഴട്ടെ’ എന്ന മുദ്രാവാക്യങ്ങളുമായി കുട്ടികളടക്കം ഏതാണ്ട് ഒന്നരലക്ഷത്തോളം ആളുകളാണ് സ്വാതന്ത്ര്യ ദിന റാലിയില്‍ പങ്കെടുത്തത്.

നവംബര്‍ പതിനൊന്നിന് പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിലെ അലിജെ ജെറോസോളിംസ്കി സ്ട്രീറ്റില്‍ നിന്നും ആരംഭിച്ച റാലി പോണിയാടോവ്സ്കി പാലത്തില്‍ കൂടി നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിച്ചു. പോളണ്ടിന്റെ വിഭജന കാലഘട്ടത്തില്‍ പരിശുദ്ധ കന്യകാമാതാവിനോട് രാഷ്ട്രത്തിന്റെ സംരക്ഷണം അപേക്ഷിച്ചുകൊണ്ട് പാടിയ പരമ്പരാഗത ഗീതം 'ഞങ്ങളുടെ രാജ്യത്തെ കാത്തുസംരക്ഷിക്കൂ’ എന്ന ഗാനം മുഴക്കിയായിരിന്നു റാലിയെന്നത് ശ്രദ്ധേയമായി. റാലിയുടെ മദ്ധ്യേ റോഡില്‍ മുട്ടുകുത്തി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു അനേകര്‍ പരസ്യമായി വിശ്വാസ പ്രഘോഷണം നടത്തി.

രാജ്യത്തെ കത്തോലിക്ക വിശ്വാസത്തിനുള്ള സ്വാധീനത്തെ കുറിച്ച് ഇന്‍ഡിപെന്‍ഡന്റ് മാര്‍ച്ച് അസോസിയേഷന്‍ പ്രസിഡന്റ് റോബര്‍ട്ട് ബാകിവിക്സ് സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവരിച്ചു. സ്വാതന്ത്ര്യ ദിന റാലി രാജ്യം കത്തോലിക്കാ വിശ്വാസത്തിലേക്ക് മടങ്ങിപോകുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും, രാജ്യത്തിന്റെ കത്തോലിക്കാ വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ വൈദികര്‍ നിര്‍ണ്ണായക പങ്കുവഹിക്കേണ്ടതുണ്ടെന്നും പ്രതികൂലമായ ഈ സമയത്ത് നമ്മള്‍ ദൈവമാതാവിനെ വിളിച്ചപേക്ഷിക്കുകയാണ് വേണ്ടതെന്നും ബാകിവിക്സ് പറഞ്ഞു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ജനിക്കുന്നതിന് രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് 1918 നവംബര്‍ 11-നാണ് റഷ്യ, ഓസ്ട്രിയ രാജ്യങ്ങളിലായി വിഭജിച്ചു കിടന്ന പോളണ്ട് സ്വാതന്ത്ര്യം നേടുന്നത്.


Related Articles »