News - 2024

വെനീസിൽ പ്രളയം: പ്രമുഖ ദേവാലയമായ സെന്റ് മാർക്ക് കത്തീഡ്രലില്‍ വൻനാശനഷ്ടം

സ്വന്തം ലേഖകന്‍ 15-11-2019 - Friday

വെനീസ്: അര നൂറ്റാണ്ടിനിടെ കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ഇറ്റലിയിലെ പ്രശസ്ത നഗരമായ വെനീസ് മുങ്ങി. ചരിത്രത്തിൽ ഒരു തവണ മാത്രമാണ് വെനീസിന്റെ ഭൂപ്രദേശങ്ങളിൽ ഇത്രയധികം വെള്ളം കയറിയിട്ടുളളത്. 85% ഭൂപ്രദേശവും വെള്ളത്തിനടിയിലായ നഗരത്തിലെ പ്രമുഖ കത്തോലിക്ക ദേവാലയമായ സെന്റ് മാർക്ക് ബസിലിക്കയില്‍ വെള്ളം കയറിയിട്ടുണ്ട്. 1200 വർഷത്തെ ചരിത്രത്തിൽ, ഇത് ആറാം തവണയാണ് ബസിലിക്കയിൽ വെള്ളം കയറുന്നത്. ബസിലിക്കയിൽ വെള്ളം കയറിയതിനാൽ പരിഹരിക്കാനാവാത്ത വിധം ദേവാലയത്തിന്റെ ഘടനയെ അത് ബാധിക്കുമെന്ന ആശങ്ക വെനീസ് ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ മൊറാഗ്ലിയ പങ്കുവെച്ചു.

1063 ലാണ് ഇപ്പോഴത്തെ ബസലിക്കയുടെ പണി ആരംഭിക്കുന്നത്. 1094-ൽ ബസിലിക്ക ദേവാലയത്തിന്റെ പ്രതിഷ്ഠ നടക്കുകയും, വിശുദ്ധ മാർക്കോസിന്റെ നാമം ദേവാലയത്തിന് നൽകപ്പെടുകയും ചെയ്തു. വെനീഷ്യൻ വ്യാപാരികൾ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ നിന്നും കൈമാറ്റം ചെയ്തെത്തിച്ച വിശുദ്ധ മർക്കോസിന്റെ ഭൗതികാവശിഷ്‌ടം പ്രധാന അൾത്താരയിലാണ് സൂക്ഷിച്ചിരുന്നത്. ബസിലിക്കയുടെ മാർബിളിൽ വരച്ചിരിക്കുന്ന ബൈബിൾ കഥകൾ ഏകദേശം എണ്ണായിരത്തോളം സ്ക്വയർ മീറ്ററുകൾ വരും. ഈ ദേവാലയമാണ് ഇപ്പോള്‍ വെള്ളപ്പൊക്കത്തിന്റെ ഇരയായിരിക്കുന്നത്. അതേസമയം വെനീസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.


Related Articles »