Youth Zone

ആയിരകണക്കിന് യുവജനങ്ങളെ സാക്ഷിയാക്കി പാക്കിസ്ഥാനില്‍ യുവജന വര്‍ഷത്തിന് ആരംഭം

സ്വന്തം ലേഖകന്‍ 19-11-2019 - Tuesday

ലാഹോര്‍: രാജ്യത്തെ മുഴുവന്‍ രൂപതകളില്‍ നിന്നുമുള്ള ആയിരകണക്കിന് യുവജനങ്ങളെ സാക്ഷിയാക്കി പാക്കിസ്ഥാനില്‍ യുവജന വര്‍ഷത്തിന് ആരംഭം. നവംബര്‍ 16ന് ലാഹോറിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് യുവജന വര്‍ഷത്തിന് ആരംഭമായത്. ഹൈദരാബാദ് രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് സാംസണ്‍ ഷുക്കാര്‍ഡിന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നിരവധി മെത്രാന്‍മാര്‍ സഹകാര്‍മ്മികരായി. പാക്കിസ്ഥാനിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫെ എല്‍ കാസിസ്, കര്‍ദ്ദിനാള്‍ ജോസഫ് കൗട്ട്സ്, അടക്കമുള്ള മെത്രാന്മാര്‍ യുവജന വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് മെഴുക് തിരികള്‍ കത്തിച്ചു.

വിദ്യാഭ്യാസ, സാമ്പത്തിക, ആത്മീയ മേഖലകളിലെ പുരോഗതിക്കായി പ്രതിജ്ഞാബദ്ധരായിരിക്കുവാന്‍ സഭ യുവജനങ്ങളെ ശക്തിപ്പെടുത്തുന്ന സമയമാണ് യുവജന വര്‍ഷമെന്ന് ദേശീയ യുവജന വര്‍ഷത്തിന്റെ കോര്‍ഡിനേറ്റര്‍ കൂടിയായ ബിഷപ്പ് സാംസണ്‍ ഷുക്കാര്‍ഡിന്‍ പറഞ്ഞു. ആധുനിക കാലഘട്ടത്തില്‍ യുവജനങ്ങളേയും, അവര്‍ നേരിടുന്ന വെല്ലുവിളികളേയും ശ്രവിക്കുവാനും അവരുടെ വളര്‍ച്ചയില്‍ സഹായിക്കുവാനുമുള്ള സമയമാണിതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മയക്കുമരുന്ന് പോലെയുള്ള ലഹരികള്‍ക്ക് അടിമയായി വിശ്വാസത്തില്‍ നിന്നും അകന്നു ജീവിക്കുന്ന യുവജനങ്ങളിലേക്ക് എത്തുവാന്‍ നമ്മള്‍ ശ്രമിക്കണമെന്നും അവരെ ശ്രവിക്കുവാന്‍ തയാറകണമെന്നും വൈദികരെയും സിസ്റ്റേഴ്സിനെയും മതബോധകരെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പാക്കിസ്ഥാനിലെ യുവജന വര്‍ഷത്തിന് സര്‍വ്വവിധ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ് പാപ്പ അയച്ച സന്ദേശം അപ്പസ്തോലിക പ്രതിനിധി ചടങ്ങില്‍വെച്ച് വായിച്ചു. വരും മാസങ്ങളില്‍ കത്തോലിക്ക വിശ്വാസത്തിലും സഹോദര സേവനത്തോടുള്ള തീക്ഷ്ണമായ ആഗ്രഹത്തിലും ഉത്ഥിതനായ ക്രിസ്തുവിനൊപ്പം പ്രാര്‍ത്ഥനയിലുള്ള ഐക്യത്തില്‍ വളരുവാനും, അതുവഴി ദൈവ സേവനത്തിനും, സഭാ സേവനത്തിനും തങ്ങളുടെ യുവത്വവും കഴിവുകളും വിനിയോഗിക്കുവാനും എവിടെ ആയിരിക്കുന്നുവോ അവിടെ സുവിശേഷത്തിന്റെ സാക്ഷികളാകുവാനും യുവജനങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

More Archives >>

Page 1 of 8