Youth Zone - 2024

ചരിത്ര നിയോഗം: ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനായി ഫാ. സ്റ്റെപാന്‍ സുസ്

സ്വന്തം ലേഖകന്‍ 19-11-2019 - Tuesday

ല്വിവിവ്: ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍ എന്ന ഖ്യാതിയുമായി യുക്രൈന്‍ കത്തോലിക്കാ സഭയിലെ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഫാ. സ്റ്റെപാന്‍ സുസ്. യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ല്വിവിവ് അതിരൂപതയിലെ പുരോഹിതനായ ഫാ.സ്റ്റെപാന്‍ സുസിനെ ക്യിവ്-ഹാലിച്ച് മേജര്‍ അതിരൂപതയിലെ കൂരിയ മെത്രാനായി തിരഞ്ഞെടുക്കുന്നതിനുള്ള അംഗീകാരം നവംബര്‍ 15 വെള്ളിയാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പ നല്‍കിയത്. ഇതോടെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനായി മാറുകയാണ് മുപ്പത്തിയെട്ടുകാരനായ ഫാ. സ്റ്റെപാന്‍ സുസ്.

1981-ല്‍ ല്വിവിവിലാണ് നിയുക്ത മെത്രാന്റെ ജനനം. ഇപ്പോള്‍ യുക്രൈന്‍ കത്തോലിക്കാ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന ല്വിവിവിലെ ഹോളി സ്പിരിറ്റ്‌ തിയോളജിക്കല്‍ സെമിനാരിയിലെ പഠനത്തിനു ശേഷം 2005-ല്‍ ഡീക്കന്‍ പട്ടവും, 2006 ജൂണ്‍ 30-ന് പൗരോഹിത്യ പട്ടം സ്വീകരിച്ചു. ല്വിവിവ് നാഷണല്‍ ഗ്രൗണ്ട് ഫോഴ്സസ് അക്കാദമി എന്ന മിലിട്ടറി വിദ്യാഭ്യാസ സ്ഥാപനം ഉള്‍പ്പെടെ വിവിധ പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചാപ്ലൈനായി സേവനം ചെയ്ത ഫാ. സുസ് 2008-2012 കാലയളവില്‍ ല്വിവിവിലെ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ അതിരൂപതയില്‍ സൈനീക സേവനം ചെയ്യുന്നവരുടെ അജപകാലക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

2012 മുതല്‍ സൈനീകരുടേയും, വിദ്യാര്‍ത്ഥികളുടേയും അജപാലക മേല്‍നോട്ടത്തിനു പുറമേ ‘സെയിന്റ്സ് പീറ്റര്‍ ആന്‍ഡ്‌ പോള്‍ ഗാരിസണ്‍ ഇടവക’ വികാരിയുമായി സേവനം ചെയ്തുവരവേയാണ് മെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. 1954-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പോളണ്ടിലെ ക്രാക്കോ അതിരൂപതയുടെ സഹായമെത്രാനായി സ്ഥാനം ഏറ്റെടുത്തപ്പോള്‍ അദ്ദേഹത്തിനും മുപ്പത്തിയെട്ടു വയസ്സു മാത്രമായിരിന്നു പ്രായമെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്.

More Archives >>

Page 1 of 9