Faith And Reason

സിഡ്നിയിൽ ക്രിസ്തുരാജന്റെ തിരുനാള്‍ ദിനത്തില്‍ ആയിരങ്ങളുടെ ദിവ്യകാരുണ്യ റാലി

സ്വന്തം ലേഖകൻ 25-11-2019 - Monday

സിഡ്നി: യേശുവിന്റെ രാജത്വ തിരുനാള്‍ ദിനമായ ഇന്നലെ പരിശുദ്ധ ദിവ്യകാരുണ്യത്തിലുള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന ‘വോക്ക് വിത്ത് ക്രൈസ്റ്റ്’ വാര്‍ഷിക ദിവ്യകാരുണ്യ റാലിയിൽ ആയിരങ്ങളുടെ പങ്കാളിത്തം. ഏതാണ്ട് അയ്യായിരത്തോളം വിശ്വാസികളാണ് ഈ വര്‍ഷത്തെ വോക്ക് വിത്ത് ക്രൈസ്റ്റ് റാലിയില്‍ പങ്കെടുത്തത്. സെന്റ്‌ പാട്രിക്ക് ചര്‍ച്ച് ഹില്ലില്‍ നിന്നും ഉച്ചകഴിഞ്ഞ് 2.30-ന് ആരംഭിച്ച് 1.5 കിലോമീറ്റര്‍ കാല്‍നടയായി നടന്ന്‍ സെന്റ്‌ മേരീസ് കത്തീഡ്രലില്‍ അവസാനിച്ച റാലിക്ക് സിഡ്നി മെത്രാപ്പോലീത്ത റവ. ആന്തണി ഫിഷര്‍ ഓ.പി നേതൃത്വം നല്‍കി.

പിറ്റ് സ്ട്രീറ്റിലൂടെ റാലി ഹണ്ടര്‍ സ്ട്രീറ്റില്‍ പ്രവേശിച്ചപ്പോള്‍ വിശ്വാസികള്‍ ഒന്നടങ്കം ജപമാല ചൊല്ലുകയും, സ്തുതി ആരാധന ഗീതങ്ങൾ പാടുകയും ചെയ്തു. നൂറുകണക്കിന് ആളുകളാണ് റാലി കാണുവാനായി റോഡിനിരുവശവും തടിച്ചു കൂടിയത്. ക്രൈസ്തവ വിശ്വാസത്തിന്റെ ആധാരശിലയാണ് പരിശുദ്ധ ദിവ്യകാരുണ്യമെന്ന് കത്തീഡ്രലിന്റെ പുറത്തുവെച്ച് നടത്തിയ പ്രസംഗത്തില്‍ ബിഷപ്പ് ഫിഷര്‍ പറഞ്ഞു. സിഡ്നിയിലെ കുട്ടികള്‍ ചെറുപ്പക്കാര്‍, കുടുംബങ്ങള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിന് ഈ റാലിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    

വിശുദ്ധ കുര്‍ബാനയെന്നത് ഒരു സിദ്ധാന്തമോ, വാക്കോ, പ്രതീകമോ ആചാരമോ, ഒരു വ്യക്തിയോ അല്ലെന്നും സാര്‍വ്വത്രിക രാജാവായ യേശുക്രിസ്തു യഥാര്‍ത്ഥത്തില്‍ മാംസവും, രക്തവുമായി അവതരിക്കപ്പെട്ടിരിക്കുന്നതാണെന്നും മെത്രാപ്പോലീത്ത വിവരിച്ചു. ഈ വര്‍ഷത്തെ റാലി കുട്ടികളെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനുള്ള അവസരമായിരുന്നുവെന്നും, റാലി ഓസ്ട്രേലിയക്കും, സിഡ്നിക്കും അനുഗ്രഹമാണെന്നുമൊക്കെയാണ് റാലിയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്. 

സിഡ്നിയില്‍ ഇടക്ക് വെച്ച് മുടങ്ങിപ്പോയ ദിവ്യകാരുണ്യ പ്രദിക്ഷണം രണ്ടായിരത്തിന്റെ ആദ്യപാദങ്ങളിലാണ് വീണ്ടും പുനരാരംഭിച്ചത്. അന്നുമുതല്‍ സിഡ്നി കത്തോലിക്കാ സമൂഹത്തിന്റെ കൂട്ടായ്മയുടെ ഒരു പ്രധാന ഉറവിടമായി വോക്ക് വിത്ത് ക്രൈസ്റ്റ് റാലി മാറിക്കഴിഞ്ഞു. സാധാരണയായി ക്രിസ്തുവിന്റെ തിരുശരീരരക്തത്തിന്റെ തിരുനാള്‍ (കോര്‍പ്പസ് ക്രിസ്റ്റി) ദിനത്തിലാണ് ഈ റാലി നടത്തിയിരുന്നത്. എന്നാല്‍ അഡ് ലിമിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഓസ്ട്രേലിയന്‍ മെത്രാന്‍മാര്‍ റോമിലായിരുന്നതിനാലാണ് ഈ വര്‍ഷത്തെ റാലി ക്രിസ്തുരാജന്റെ തിരുനാള്‍ ദിനത്തിലേക്ക് മാറ്റിയത്.

More Archives >>

Page 1 of 18