Faith And Reason - 2024

അർജന്റീനയിൽ മരിയൻ വർഷം പ്രഖ്യാപിച്ചു: ഡിസംബര്‍ 8നു ആരംഭം

സ്വന്തം ലേഖകന്‍ 29-11-2019 - Friday

തെക്കേ അമേരിക്കൻ രാജ്യമായ അർജന്റീനയിലെ മെത്രാന്മാർ മരിയൻ വർഷം ഔദ്യോഗികമായി ആചരിക്കാനുള്ള പ്രഖ്യാപനം നടത്തി. അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ 8 മുതൽ, 2020 ഡിസംബർ എട്ടുവരെ നീണ്ടുനിൽക്കുന്നതായിരിക്കും മരിയൻ വർഷം. അഞ്ച് നൂറ്റാണ്ട് മുന്‍പ് അർജന്റീനയിൽ അർപ്പിക്കപ്പെട്ട ആദ്യത്തെ വിശുദ്ധ കുർബാനയുടെ ഓർമ്മ ആചരണം മരിയന്‍ വര്‍ഷത്തില്‍ ഏപ്രിൽ ഒന്നാം തീയതി പ്യൂർട്ടോ സാൻ ജൂലിയൻ മലയിടുക്കിൽ നടത്തുമെന്നും 'ഏജൻസിയെ ഫിഡസ്' കത്തോലിക്കാ മാധ്യമത്തിന് അയച്ച കത്തിൽ ബിഷപ്പുമാർ വ്യക്തമാക്കി. തങ്ങള്‍ ആരാണെന്നും, കത്തോലിക്കരെന്ന നിലയിൽ തങ്ങൾ ഈ രാജ്യത്ത് എന്തു വിശ്വസിക്കണമെന്നതും മനസ്സിലാക്കിത്തരാൻ പ്രസ്തുത ആഘോഷങ്ങൾക്കു സാധിക്കുമെന്നും മെത്രാന്മാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ദേശീയ മരിയൻ കോൺഗ്രസ്സും അടുത്ത വര്‍ഷം ഏപ്രിലിൽ രാജ്യത്ത് സംഘടിപ്പിക്കുന്നുണ്ട്. അർജന്റീനയുടെ ഭൂമിശാസ്ത്രം മരിയൻ ദേവാലയങ്ങളും, അർജന്റീനയുടെ ചരിത്രം മരിയൻ, ദിവ്യകാരുണ്യ കോൺഗ്രസുകളുമാണ് അടയാളപ്പെടുത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. 2020 എന്ന വർഷം അർജന്റീനയുടെ ഭൂമിശാസ്ത്രത്തിലും, ചരിത്രത്തിലും ആലേഖനം ചെയ്യപ്പെടുമെന്നും മെത്രാന്മാർ എഴുതിയ കത്തിൽ പറയുന്നു. മരിയൻ വർഷം പ്രമാണിച്ച്, "ദി ബൈബിൾ, ദി ബുക്ക് ഓഫ് ദി പീപ്പിൾ ഓഫ് ഗോഡ്" എന്ന പ്രത്യേക പതിപ്പും രാജ്യത്തെ മെത്രാന്മാർ പുറത്തിറക്കിയിട്ടുണ്ട്.


Related Articles »