India - 2024

ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് സഭാ മേലധ്യക്ഷന്മാര്‍

സ്വന്തം ലേഖകന്‍ 03-12-2019 - Tuesday

കൊച്ചി: ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് വിവിധ സഭാ മേലധ്യക്ഷന്മാര്‍. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ്, ലത്തീൻ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസൈപാക്യം, മാർത്തോമാ സഭ മേലധ്യക്ഷൻ ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത, സി.എസ്.ഐ മധ്യകേരള ബിഷപ്പ് തോമസ് കെ. ഉമ്മന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് ഓര്‍ത്തഡോക്‌സ്, യാക്കോബായ മേലധ്യക്ഷന്‍മാര്‍ക്ക് കത്തയച്ചിരിക്കുന്നത്.

സഭാതര്‍ക്കം വേദനാജനകമായ സംഗതിയാണ്. ശവസംസ്‌കാരം, പള്ളിപ്രവേശം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് ക്രൈസ്തവ സമൂഹത്തിന് വലിയ വേദന സൃഷ്ടിക്കുന്നുവെന്നും ഈഏ സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയോടെ ഇരു വിഭാഗങ്ങളും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ 2019 നവംബര്‍ 27ന് സഭാധ്യക്ഷന്‍മാര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു.

ഈ യോഗത്തില്‍ ഉണ്ടായ തീരുമാനപ്രകാരമാണ് സഭാതര്‍ക്കത്തില്‍ ഇടപടാനും മധ്യസ്ഥത വഹിക്കാനും തീരുമാനമായത്. മധ്യസ്ഥത വാഗ്ദാനം ചെയ്തുകൊണ്ടുള്ള സഭാ മേലധ്യക്ഷന്‍മാരുടെ കത്തിനെ യാക്കോബായ സഭ സ്വാഗതം ചെയ്യുന്നുണ്ട്. കത്തിനോട് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതികരണം എന്താണെന്ന് വ്യക്തമായിട്ടില്ല.


Related Articles »