Faith And Reason - 2024

ഇറാഖി ക്രൈസ്തവ രക്തസാക്ഷിത്വത്തിന്റെ ബാക്കിപത്രം: വെടിയുണ്ടയേറ്റ കാസ ചര്‍ച്ചയാകുന്നു

സ്വന്തം ലേഖകന്‍ 06-12-2019 - Friday

ക്വാരഖോഷ്: വടക്കന്‍ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശ കാലത്ത് തീവ്രവാദികള്‍ ഉന്നം പരിശീലിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കാസയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. രക്തസാക്ഷികള്‍ ചിന്തിയ രക്തത്തിന്റേയും, യേശു ക്രിസ്തുവിന്റെ ആത്യന്തിക വിജയത്തിന്റേയും സ്മരണ ഉണര്‍ത്തിക്കൊണ്ട് വെടിയുണ്ടക്ക് പോലും പൂര്‍ണ്ണമായും നശിപ്പിക്കുവാന്‍ കഴിയാത്ത ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് ഈ കാസ. ഇറാഖിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പട്ടണമായ ക്വാരഖോഷ് പിടിച്ചടക്കിയ തീവ്രവാദികള്‍ നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിച്ച് നശിപ്പിച്ച കൂട്ടത്തില്‍ ഈ കത്തോലിക്കാ ദേവാലയം ആക്രമിക്കുകയായിരിന്നു.

തുടര്‍ന്നു ദേവാലയത്തിലെ കാസ തങ്ങളുടെ ലക്ഷ്യ പരിശീലനത്തിനായി ഉപയോഗിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ചര്‍ച്ച് ഇന്‍ നീഡാണ്(എ.സി.എന്‍) കാസ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. രണ്ടാഴ്ച മുന്‍പ് വാഷിംഗ്‌ടണ്‍ ഡി.സിയിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ ഈ കാസയുമായി ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മ തന്നെ സംഘടിപ്പിച്ചു. മധ്യപൂര്‍വ്വേഷ്യന്‍ രക്തസാക്ഷികളുടെ ബാക്കിപത്രമായ കാസയെ ഏറെ ആദരവോടെയാണ് വണങ്ങിയത്.

“എ നൈറ്റ് ഓഫ് വിറ്റ്‌നസ്” എന്ന ഈ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുത്തവര്‍ കാസയ്ക്കു മുന്നില്‍ മുട്ടിന്‍മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുകയും ചുംബിക്കുകയും ചെയ്തു. വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരെ പ്രത്യേകം സ്മരിക്കുവാനും വിശ്വാസത്തിന്റെ പേരില്‍ ഇപ്പോഴും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുമുള്ള അവസരമായാണ് എല്ലാവരും ഇതിനെ നോക്കിക്കണ്ടത്. അതേസമയം വെടിയുണ്ടയേറ്റ് തുളവീണ കാസയുടെ ചിത്രം നൂറുകണക്കിനാളുകളാണ് നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

More Archives >>

Page 1 of 19