Youth Zone - 2024

കന്ധമാല്‍ ഇരകളായ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി കനേഡിയന്‍ സംഘടന

സ്വന്തം ലേഖകന്‍ 12-12-2019 - Thursday

കന്ധമാല്‍: ഒഡീഷയിലെ കന്ധമാല്‍ ജില്ലയിൽ വർഷങ്ങൾക്കു മുന്‍പ് നടന്ന ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഇരകളായ കുട്ടികൾക്ക് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കത്തോലിക്ക ജീവകാരുണ്യ സംഘടന സഹായം വാഗ്ദാനംചെയ്ത് രംഗത്തെത്തി. 'ആൻസറിങ്ങ് ദി ക്രൈ ഓഫ് ദി പൂവർ ഇന്റർനാഷ്ണൽ കാനഡ' എന്ന സംഘടനയാണ് കന്ധമാലിലെ റെയ്ക്കിയ പട്ടണത്തിൽ കലാപത്തിന് ഇരകളായ 522 കുട്ടികൾ പങ്കെടുത്ത ചടങ്ങിൽ വിദ്യാഭ്യാസ സഹായം നൽകാമെന്ന് ഉറപ്പുനൽകിയത്. പ്രവർത്തി കൂടാതെയുള്ള വിശ്വാസം അതിൽ തന്നെ നിർജീവമാണെന്ന വിശുദ്ധ ഗ്രന്ഥത്തിലെ വചനം സംഘടനയുടെ ഓപ്പറേഷൻസിന്റെ ചുമതല വഹിക്കുന്ന അൽ ബാസിലോ പറഞ്ഞു.

മരണംവരെ ക്രിസ്തുവിന് സാക്ഷ്യം നൽകിയ കാണ്ഡമാൽ ക്രൈസ്തവരുടെ ത്യാഗം അറിയാൻ സാധിച്ചത് വളരെയധികം പ്രചോദനം നൽകുന്നു. ക്രിസ്ത്യാനിയാണ് എന്നതിന്റെ പേരിൽ പീഡിപ്പിക്കുന്നതും, കൊലപ്പെടുത്തുന്നതും തീർത്തും ദുഃഖകരവും, ദൗർഭാഗ്യകരവുമാണെന്നും അദ്ദേഹം കുട്ടിചേർത്തു. തങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തു രംഗത്ത് വന്ന സംഘടനാതലവനെ കാണാന്‍ കാണ്ഡമാലിലെ വിവിധ രൂപതകളിൽ നിന്നുള്ള കുട്ടികളും എത്തിച്ചേർന്നിരുന്നു. തന്റെ വിദ്യാഭ്യാസത്തിനുവേണ്ടി ഉദാരമായി സഹായം ചെയ്ത സംഘടനയുടെ നേതൃത്വത്തോട് നന്ദിയുണ്ടെന്ന് ജെനീഫ നായക് എന്ന ക്രൈസ്തവ പെൺകുട്ടി പറഞ്ഞു.

തന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇത്രമാത്രം കരുണ നിറഞ്ഞ ഹൃദയമുള്ളവരെ കാണുമ്പോൾ അദ്ദേഹം സന്തോഷിക്കുമായിരുന്നുവെന്നും ജെനീഫ കൂട്ടിച്ചേര്‍ത്തു. 2008 നടന്ന ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ ജെനീഫയുടെ പിതാവ് കൊല്ലപ്പെട്ടിരിന്നു. ഫിലിപ്പീന്‍സ് കേന്ദ്രീകരിച്ചു സ്ഥാപിതമായ 'കപ്പിൾസ് ഫോർ ക്രൈസ്'റ്റ് എന്ന കത്തോലിക്ക അത്മായ സംഘടനയാണ് ആൻസറിങ്ങ് ദി ക്രൈ ഓഫ് ദി പൂവർ ജീവകാരുണ്യ സംഘടനക്കു ചുക്കാന്‍ പിടിക്കുന്നത്.

More Archives >>

Page 1 of 9