Faith And Reason

ചരിത്രപരം: ഗ്വാഡലൂപ്പ തിരുനാളില്‍ പങ്കെടുക്കുവാനെത്തിയത് ഒരു കോടിയിലേറെ വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 13-12-2019 - Friday

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ മാധ്യസ്ഥ വിശുദ്ധയും, ദേശീയതയുടെ പ്രതീകവുമായ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയത് ഒരു കോടിയിലധികം തീര്‍ത്ഥാടകരെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എ‌എഫ്‌പിയുടെ റിപ്പോര്‍ട്ട്. ദേവാലയത്തിന്റെ പരിസര പ്രദേശങ്ങളില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ടെന്റുകളും, ദൈവമാതാവിനെ വണങ്ങുവാനായി കാത്തുനില്‍ക്കുന്ന ലക്ഷ്യങ്ങളുടെ നിരയുമാണ് ഇന്നലെ മെക്സിക്കോയില്‍ ദൃശ്യമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്വാഡലൂപ്പ മാതാവിന്റെ 488-മത് വാര്‍ഷികാഘോഷ ദിനത്തില്‍ ഇക്കൊല്ലം ഏതാണ്ട് 10.6 ദശലക്ഷം വിശ്വാസികള്‍ തീര്‍ത്ഥാടനം നടത്തിയെന്ന്‍ മെക്സിക്കോ സിറ്റി മേയര്‍ ക്ലോഡിയ ഷെയിന്‍ബോം ട്വിറ്റര്‍ സന്ദേശത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മാരിയാച്ചി സംഗീതവും (പ്രാദേശിക സംഗീതം) തനത് നൃത്ത രൂപങ്ങളുമായി അക്ഷരാര്‍ത്ഥത്തില്‍ ഉത്സവ പ്രതീതിയിലായിരുന്നു ദേവാലയ പരിസരം. കാല്‍നടയായും വാഹനങ്ങള്‍ വഴിയും എത്തുന്ന ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്നത്. “നിങ്ങളുടെ തീര്‍ത്ഥാടനത്തെ ഞങ്ങള്‍ ആദരിക്കുന്നു” എന്ന ബോര്‍ഡാണ് തീര്‍ത്ഥാടകരെ ആദ്യം വരവേറ്റത്. ദൈവമാതാവിന്റെ രൂപത്തിന് ചുറ്റുമാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്.

ലാറ്റിന്‍ അമേരിക്കന്‍ കത്തോലിക്കാ വിശ്വാസത്തിന്റെ ശക്തമായ പ്രതീകമാണ് ഗ്വാഡലൂപ്പയിലെ പരിശുദ്ധ കന്യകാമാതാവിന്റെ ബസലിക്ക. 1531 ഡിസംബര്‍ 12ന് ജുവാന്‍ ഡിയാഗോ എന്ന സാധു കര്‍ഷകന് പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ട് മാതാവ് ജനതയോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തുകയും, ആ സ്ഥലത്ത് ഒരു ദേവാലയം പണികഴിപ്പിക്കണമെന്ന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അനുസ്മരണവും ആചരണവുമാണ് ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളിലൂടെ ആഘോഷിക്കുന്നത്. ഗ്വാഡലൂപ്പ മാതാവിനോടുള്ള ഭക്തി ആഗോള തലത്തില്‍ തന്നെ വ്യാപകമാണ്. അതേസമയം ലോകത്തു ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒന്നു ചേര്‍ന്ന് പങ്കെടുത്ത തീര്‍ത്ഥാടനമായാണ് ഇത്തവണത്തെ ഗ്വാഡലൂപ്പ തീര്‍ത്ഥാടനത്തെ വിലയിരുത്തുന്നത്.

More Archives >>

Page 1 of 20