Social Media

വരാനിരിക്കുന്ന അധിക്ഷേപങ്ങള്‍: ആഫ്രിക്കയില്‍ സേവനം ചെയ്യുന്ന വൈദികന്റെ വൈറല്‍ കുറിപ്പ്

ഫാ. ഷൈജു മാത്യു മേപ്പുറത്ത് ഒ.ഐ.സി 13-12-2019 - Friday

ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ എത്യോപ്യായിൽ ഞങ്ങളുടെ സഹോദര വൈദികർ സേവനം ചെയ്യാൻ തുടങ്ങിയിട്ടു പത്തു വർഷമാകുന്നു. യുവാക്കൻമാരായ വൈദികരണവർ. അവർ നാട്ടിലെത്തുമ്പോൾ അവരുടെ ശരീരം ക്ഷിണിച്ചിരിക്കുന്നതു കാണുന്നുണ്ട്. മുഖം കരുവാളിച്ചിരിക്കുന്നു. നിറത്തിൽ പോലും അവർ ആ ജനതയോട് സമരസപ്പെട്ടിട്ടുണ്ട്. എല്ലാവരും മലേറിയ, റ്റെയ്ഫോയിഡ്‌ പോലുള്ള രോഗങ്ങൾ ഒരിക്കലെങ്കിലും തരണം ചെയ്തവരാണ്. നാട്ടിലെ ആഘോഷങ്ങളിൽ നിന്നും വ്യക്തിബന്ധങ്ങളിൽനിന്നും അവരിലേക്കുള്ള ചരടുകൾ അഴിഞ്ഞില്ലാതാകുന്നത് ആർദ്ര മിഷികളോടെ തിരിച്ചറിയുന്നവരാണവർ.

എത്യോപ്യയിലേക്കു നമ്മുടെ വൈദികരെ ക്ഷണിച്ചുകൊണ്ടുപോയതു അവിടുത്തെ മെത്രാന്മാരാണ്. ബഥനി സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്‌സാണ് വഴികാട്ടിയായതു. അടിസബാബ എന്ന തലസ്ഥാനനഗരിയുടെ അതിർത്തി വരെയേ ഗവണ്മെന്റ് റോഡ് ഉള്ളു. ഇവർ ജോലി ചെയ്യുനത് അവിടെനിന്നും 400ഉം 600ഉം കിലോമീറ്റർ അകലെയാണ്.തരിശായ നിലം അതിർത്തിയില്ലാതെ കിടപ്പുണ്ട്. എന്നും വരൾച്ചാണെവിടെ. കിലോമീറ്ററുകൾ താണ്ടിയാണ് ജനങ്ങൾ കുടിവെള്ളം ശേഖരിക്കുന്നതു. കുട്ടികളുടെ പ്രധാന ജോലി വെള്ളം കൊണ്ടുവരികയാണ്. അതിനാൽ ആരും പഠിക്കുന്നില്ല. മുതിർന്നവർക്ക് മിക്കവര്‍ക്കും മന്ത് രോഗമുണ്ട്. വെള്ളം കുറവുള്ളതുത്തുകൊണ്ടാവും പറയത്തക്ക കൃഷിയൊന്നുമില്ല. പ്രകൃതിയോട് മല്ലിട്ടു പരാചയമടഞ്ഞതുകൊണ്ടാവാം അവർ പൊതുവെ മടിപിടിച്ചിരുപ്പാണ്. നാട്ടിലെപോലെ രാഷ്ട്രീയകരോ ചാനലുകാരോ ഇല്ല. കുറെ മനുഷ്യ ജന്മങ്ങൾ ശ്വാസം നിലക്കുന്നതുവരെ കഴിഞ്ഞുകൂടുന്നു.

ഇങ്ങനെയുള്ള ഏത്യോപ്യയിലേക്കാണ് ഞങ്ങളുടെ സുഹൃത്തുക്കൾ എത്തിയത്. പത്തുവർഷം കഴിയുമ്പോൾ അവർ താമസിക്കുന്നതിന് ചുറ്റും ജീവൻ പടർന്നു പന്തലിക്കുന്നു. അവർ ആദ്യം കിണർ കുഴിക്കുകയാണ് ചെയ്തത്. അവര്‍ തന്നെയാണ് ഭൂമിവെട്ടി ജലാംശത്തെ മുകളിലേക്കെത്തിച്ചത്. പിന്നീട് അവർ വഴി വെട്ടി. തൊഴിലിലുറപ്പുള്ള ആ ചെറുപ്പക്കാർ കായികാധ്വാനം ചെയ്തു. വല്ലപ്പോഴുമെത്തിയ മഴയെ കിണറിൽ ശേഖരിച്ചു. ചെറിയ ചെറിയ കൃഷികൾ ആരംഭിച്ചു. പതിയെ ആളുകളും കൂടെകൂടാൻ തയ്യാറായി. ഭാഷ അറിവ്‌ അല്ല, ജീവിതമാണെന്ന് ഇരുവർക്കും ബോധ്യമായി. അതുകൊണ്ട്, ഭാഷ പ്രശ്ന ന്നമല്ലെന്നുപറഞ്ഞു അച്ചന്മാർ ചിരിച്ചു.

ആളുകൾക്കുവേണ്ടി കഴുതകളെ വാങ്ങി, വെള്ളം ചുമ്മാനുകൊണ്ടുവരുന്ന ഭാരം കുഞ്ഞുങ്ങളുടെ ചുമലിൽനിന്നൊഴിവാക്കി.

അവരെ, ഒരു സ്കൂൾ തുറന്നു അറിവിലേക്ക് ക്ഷണിച്ചു. അവർ പത്തുവർഷത്തിനിടെ ഡിസ്പെൻസറിയും പള്ളിയും പള്ളിക്കൂടവും തുറന്നു. യുവജനത്തിനു തൊഴിൽ പരിശീലനം നൽകി. സഹായം ലഭിക്കാവുന്നിടത്തെല്ലാം അഭിമാനം വകവയ്ക്കാതെ അവർ കൈ നീട്ടി. നാട്ടിൽ നിന്നും പോകുമ്പോൾ അവരുടെ പെട്ടിനിറയെ ഒരു വർഷത്തേക്കുള്ള പലഹാരപൊതിയല്ല. കുഞ്ഞുങ്ങൾക്കുള്ള വസ്ത്രങ്ങളാണ്. നാട്ടിലെ സ്കൂളുകളിൽനിന്നും മറ്റും സംഭരിച്ചവ.

ഗ്രാമത്തിലെ എല്ലാവർക്കും ഒത്തുകൂടാനുള്ള പൊതുഇടമാണ് പള്ളി. പള്ളിമണിയാണ് നാടിന്റെ ഘടികാരം. കായികാധ്വാനത്തിന്റെ പത്തു വർഷങ്ങൾ കഴിയുമ്പോൾ ഞങ്ങളുടെ സുന്ദരകുട്ടപ്പൻമാരായ വൈദികർ അവരുടെ യൗവനം ദാനം ചെയ്തു ജരാനരകൾ ഏറ്റുവാങ്ങിയിരിക്കുന്നു. അവർ പക്ഷെ സന്തോഷവാന്മാരാണ്. ഒരു കാര്യം എനിക്കറിയാം. ബിരുദ പഠന സമയത്തു കേരള ചരിത്രം പഠിച്ചതുകൊണ്ട് ഇപ്പോഴത്തെ ഒരു കേരളത്തെ ഞാൻ എത്യോപ്യയില്‍ കാണുന്നു.

ആ നാട് വളരുന്നതനുസരിച്ചു അവിടെ സ്വാർത്ഥരാഷ്ട്രീയവും വളരും. ആദ്യമൊക്കെ അച്ചൻമാരുടെ പ്രവർത്തനത്തെ സ്നേഹിക്കുന്നവർ ഭരിക്കും പിന്നെ ഇവരൊക്കെ വരുത്തന്മാരാണെന്നു പറയുന്നവർ. ഇപ്പോഴവർക്കു മതം പ്രശനമല്ല, പക്ഷെ അപ്പോൾ അത് പ്രശ്നമാകും. പള്ളിമണി അലോസരമാകും. പള്ളി പണിഞ്ഞത് ഞങ്ങളുടെ കുടുംബ സ്വത്തു കൊണ്ട് മാത്രമാണെന്നും, അച്ചന്മാരും മെത്രാന്മാരും ഞങ്ങളുടെ കാശു പിടുങ്ങുന്ന കള്ളൻമാരാണെന്നു പറയും. പ്രൈവറ്റ് കൊള്ളക്കരെന്നുപറഞ്ഞു നിങ്ങളുടെ വിദ്യാലയങ്ങളെ അവർ അധിക്ഷേപിക്കും. നിയമനിർമാണം നടത്തി നിർത്തലാക്കും. ഞങ്ങൾ വൈദികർ, സൗകര്യം കുറഞ്ഞുപോയെന്നും എന്റെ ശമ്പളം എനിക്ക് തരുന്നില്ല എന്നും പറഞ്ഞു ചാനലുകളെ സമീപിക്കും. പ്രസാധകർ നമുക്കയി പുസ്തകങ്ങളെഴുതി വിറ്റു കൊഴുക്കും.

ഒരുനാൾ നാട്ടിലെല്ലാം വെളിച്ചം നിറയുമ്പോൾ അവർ നിങ്ങളുടെ ദീപങ്ങളെ തള്ളിപ്പറയും. തങ്ങൾ മാത്രമാണ് വെളിച്ചത്തിന്റെ ഉറവിടങ്ങളെന്നു ചാനലുകളിലിരുന്നു ചർച്ച ചെയ്യും. അവരുടെ നേതാക്കൻമാർ അവരെ സമരങ്ങളിലേക്കു നയിക്കും. തങ്ങളാണ് നവോഥാനം കൊണ്ടുവന്നതെന്ന് ആർത്തു പറയും. വിശപ്പിനു ആഹാരമില്ലാത്തപ്പോഴും, നാട്ടിലൊന്നും കൃഷിയില്ലാത്തപ്പോഴും നമുക്ക് ഇങ്ങനെ ചർച്ച ചെയ്യാനാവില്ല. നിശ്ഖ്ബ്ദമായി ഒരു ജനതക്ക് വേണ്ടി നിങ്ങൾ ചെയ്തതൊന്നും വാർത്തയാവില്ല.

നല്ല ആരോഗ്യത്തോടെ ഇരിക്കുമ്പോഴും 'എന്താ കുഞ്ഞേ ഒന്നും കഴിക്കുന്നില്ലേ.. അല്ലെങ്കിൽ തന്നെ വായ്ക്ക് രുചിയുള്ളതെന്തെലും വച്ചു തരാൻ ആരാ ഉള്ളത് 'എന്ന് ആധി വിതറുന്ന അമ്മമാർ ഇവർ അവധിക്കു വീട്ടിലെത്തുമ്പോൾ കരുവാളിച്ച അവരുടെ മുഖത്തേക്കു നോക്കി സങ്കടം കടിച്ചമർത്താൻ പാടുപെടുന്നത് എനിക്കൂഹിക്കാനാകും. വീട്ടിൽ നിന്നും അകന്നുപോയ ആങ്ങളയെ നോക്കി പെങ്ങന്മാർ വിതുമ്പി നിൽക്കും.

നിങ്ങളും മടങ്ങിവരേണ്ടിവരും. പക്ഷേ നിങ്ങളാണ് ശരി. നിങ്ങൾ വിതച്ച പ്രകാശമൊന്നും കണ്ടെത്താനാവാത്ത തരത്തിൽ ആഴത്തിൽ താഴ്ന്നുപോയാലും ഒരു ജനത ഉയർന്നു നിൽക്കും. അവിടെയും ജീവിതം തഴച്ചുവളരും. അകാല വാർധക്യത്തിൽ നിങ്ങൾ ആശ്രമങ്ങളിരുന്നു വിദൂരതേക്കു നോക്കുമ്പോൾ നിങ്ങളുടെ കണ്ണുകൾക്ക്‌ മുൻപിൽ സ്വർഗം വിടരുമെന്നു ഞങ്ങൾക്കുറപ്പാണ്. അപ്പോൾ നിങ്ങളോടൊപ്പമിരിക്കാൻ കഴിഞ്ഞാൽ ഭാഗ്യമാണ്.


Related Articles »