Thursday Mirror

രഹസ്യമായി സൂക്ഷിച്ച വിശുദ്ധ കുര്‍ബാന 5 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെടുത്തപ്പോള്‍ കണ്ടത് മാംസ കഷണം

സ്വന്തം ലേഖകന്‍ 01-01-1970 - Thursday

"എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ഥ പാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു" (യോഹന്നാന്‍ 6:55-56).

ജര്‍മ്മനിയിലെ ബാവരിനോട് ചേര്‍ന്നുള്ള നഗരമായ ആഗ്സ്ബര്‍ഗ്ഗിലെ പ്രസിദ്ധമായ ദേവാലയമായിരിന്നു ഹോളിക്രോസ് ദേവാലയം. അവിടുത്തെ നിത്യസന്ദര്‍ശകയായിരിന്ന ഒരു ആഗ്സ്ബര്‍ഗ്ഗുകാരി വനിതയില്‍ നിന്നാണ് ഈ മഹാത്ഭുതത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അവിടെ എന്നും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരിന്ന ആ സ്ത്രീ, വാഴ്ത്തിയ ഒരു ഓസ്തി കൈക്കലാക്കി അത് സ്വന്തം ഭവനത്തില്‍ സൂക്ഷിക്കുവാന്‍ തീരുമാനിച്ചു. വിശുദ്ധ കുര്‍ബാന സ്വീകരണ മദ്ധ്യേ വായില്‍ നിക്ഷേപിക്കപ്പെട്ട ഓസ്തി രഹസ്യമായി തിരികെ എടുത്ത്, അവള്‍ വീട്ടിലേക്ക് കൊണ്ടുപോയി.

വീട്ടില്‍ എത്തിയ അവള്‍ ഉടന്‍ തന്നെ ഓസ്തി സൂക്ഷിക്കുവാനായി ഒരു ചട്ടകൂട് തയ്യാറാക്കി. മെഴുക് ഉപയോഗിച്ച് നാടന്‍ ശൈലിയില്‍ ഒരു സ്മാരകാവശിഷ്ടങ്ങള്‍ നശിക്കാതെ സൂക്ഷിക്കുന്ന പേടകം സൃഷ്ടിച്ചെടുത്തു. തുടര്‍ന്ന്, അഞ്ച് വര്‍ഷം വാഴ്ത്തിയ തിരുവോസ്തി അവള്‍ കാത്തു സൂക്ഷിച്ചു. ഈ കാലയളവില്‍ പശ്ചാത്താപവും കുറ്റബോധവും കൊണ്ട് മാനസികമായി അവള്‍ ഏറെ വേദനായനുഭവിച്ചിരിന്നു. ഒടുവില്‍ പശ്ചാത്താപ വിവശയായി 1199-ല്‍ അവള്‍ ഈ രഹസ്യം ഇടവകവികാരിയോട് തുറന്നു പറഞ്ഞു. തല്ക്ഷണം അവരുടെ വീട്ടിലെത്തിയ പുരോഹിതന്‍ ഉടന്‍ തന്നെ ഓസ്തി ദേവാലയത്തില്‍ എത്തിച്ചു.

ആ ഇടവകയിലെ പുരോഹിതന്മാരില്‍ വിശുദ്ധമായ ജീവിതം നയിച്ചിരിന്ന ഗായകസംഘത്തിന്റെ ഡയറക്ടറായിരുന്നു ഫാ.ബെര്‍ട്ട് ഹോള്‍ഡ്. മെഴുകുപേടകം തുറക്കാനായി ഇടവക വികാരി ചുമതലപ്പെടുത്തിയത് ഫാ.ബെര്‍ട്ട് ഹോള്‍ഡറേയാണ്; മെഴുക് ചെപ്പ് തുറന്നതിന് സാക്ഷ്യം വഹിക്കാനെത്തിയ പുരോഹിതരും വിശ്വാസികളും അമ്പരന്നു പോയി. ഓസ്തിയുടെ ഒരു ഭാഗം മാസംക്കഷണമായി മാറിയിരിക്കുന്നു. ഏവരെയും അമ്പരിപ്പിച്ച ഈ അത്ഭുതത്തെ പറ്റി ഉടനെ ചര്‍ച്ച ആരംഭിച്ചു. ഓസ്തി രണ്ടായി മുറിച്ചാല് അതിന്റെ തനിരൂപം വെളിപ്പെട്ടുവരുമെന്ന് അവര്‍ കണക്ക് കൂട്ടി. എന്നാല്‍, വീണ്ടും അത്ഭുതപ്പെടുത്തി കൊണ്ട് തിരുവോസ്തി മുറിക്കാന് അവര്‍ക്ക് സാധിച്ചില്ല. കാരണം, നൂലുപോലുള്ള ഞരമ്പുകളാല്‍ ബന്ധിക്കപ്പെട്ട് ആ തിരുവോസ്തി കൂട്ടിയോജിക്കപ്പെട്ടിരിക്കുകയായിരുന്നു.

ഈ അത്ഭുതക്കാഴ്ച നേരിട്ടു കണ്ട പുരോഹിതരില് ഭൂരിഭാഗവും പേടിച്ചുവിറച്ചു; സംഭവം ഒരു രഹസ്യമായി സൂക്ഷിച്ചാല് മതിയെന്നാണ് കുറേപ്പേര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഈ സംഭവം ബിഷപ്പിനെ അറിയിക്കണമെന്നാണ് കപ്യാര്‍ അഭിപ്രായപ്പെട്ടത്. അയാള്‍ ഉടനെ തന്നെ ബിഷപ്പിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനകം തന്നെ ഈ വാര്‍ത്ത അനേകരിലേക്ക് എത്തിയിരിന്നു. ഉടനെ തന്നെ അവിടെ എത്തിയ ബിഷപ്പ് ഉദാള്‍ സ്ക്കാള തിരുവോസ്തി ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചു.

ആഗ്സ്ബര്‍ഗ്ഗിനും പരിസരത്തുമുള്ള ജനങ്ങളും, മറ്റ് സ്ഥലങ്ങളിലെ പുരോഹിതരും അവരുടേതായ രീതിയില് പരിശോധന നടത്തി. ഓസ്തി മെഴുകുപേടകത്തിലേക്ക് തിരികെ വെച്ചു കത്തീഡ്രല് പള്ളിയിലേക്ക് മാറ്റാന്‍ ബിഷപ്പ് ഉടനെ തന്നെ കല്പന കൊടുത്തു.

ഉയിര്‍പ്പ് തിരുന്നാള്‍ മുതല്‍ സ്നാപക യോഹന്നാന്റെ തിരുന്നാള്‍ വരെ ഓസ്തി കത്തീഡ്രല് പള്ളിയില്‍ പൊതു ദര്‍ശനത്തിന് വെച്ചു. ഈ സമയത്ത് ഒരു രണ്ടാമത് ഒരു അത്ഭുതം കൂടി നടന്നു: ഓസ്തി വികസിക്കുവാന്‍ തുടങ്ങി. തന്മൂലം മെഴുക് പേടകം പൊട്ടി വേര്‍തിരിഞ്ഞു. മെഴുക് കഷ്ണങ്ങള്‍ മാംസ-രക്തം കൊണ്ട് നിറഞ്ഞത് എല്ലാവരെയും വീണ്ടും അമ്പരിപ്പിച്ചു. ബിഷപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച്, ഓസ്തിയും മെഴുകുകഷ്ണങ്ങളും ഒരു സ്ഫടിക കൂട്ടിലേക്ക് മാറ്റി. പളുങ്കുപാത്രത്തില്‍ സംരക്ഷിക്കപ്പെട്ട ദിവ്യാത്ഭുത ഓസ്തി ഇതേപള്ളിയില്‍ 780 വര്‍ഷങ്ങളോളം സൂക്ഷിക്കപ്പെട്ടു.

1199-ലെ ഈ രണ്ട് സംഭവങ്ങള്‍ക്കും ശേഷം ഈ അത്ഭുതത്തെ സംബന്ധിച്ചുള്ള ധാരാളം രേഖകള്‍ നിര്‍മ്മിക്കപ്പെടുകയും പരക്കെ വിതരണം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, 1314-ല്‍ ഹോളി ക്രോസ് ദേവാലയത്തിലുണ്ടായ ഒരു തീപിടുത്തത്തില് മുഴുവന്‍ മൂലരേഖകളും നശിക്കപ്പെട്ടു. അതിനാല്‍ തന്നെ ജര്‍മ്മന്‍ എഴുത്തുകാര്‍ മൂലരേഖകളുടെ തനിപ്രതികളെയാണ് ആശ്രയിച്ചിരുന്നത്.

ഇതിനിടെ ഈ ദിവ്യകാരുണ്യ അത്ഭുതത്തിന്റെ ഓര്‍മ്മയ്ക്കായി ഓരോ വര്‍ഷവും മെയ് 11 നു പ്രത്യേക ആരാധന നടത്തണമെന്ന് ബിഷപ്പ് ഡെക്രറ്റ് കല്പന പുറപ്പെടുവിച്ചിരുന്നു. Feast of the Wonderful Miraculous Treasures എന്നാണ് ദിവ്യകാരുണ്യത്തെ വാഴ്ത്തിയുള്ള ഈ വാര്‍ഷിക ആരാധന അറിയപ്പെട്ടിരുന്നത്. കാലക്രമേണ മറ്റു പള്ളികളും ഈ പെരുന്നാള്‍ ആചരിക്കുവാന്‍ തുടങ്ങി; ഇവയില്‍ വി. മോരിട്സ് കോളേജ് പള്ളി, 1485-ല്‍ വി.ജോര്‍ജ്ജ് ക്ലോയിസ്റ്റര്‍പള്ളിയും 1496-ല്‍ ഡോംക്ക്കിര്‍ച്ച് പള്ളിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താന്‍ തുടങ്ങി.

1639 ആയപ്പോഴേക്കും ആഗ്സ്ബര്‍ഗ്ഗ് രൂപത മുഴുവനും ദിവ്യകാരുണ്യ അത്ഭുതത്തിന്റെ ഓര്‍മ്മ ആഘോഷിച്ചുതുടങ്ങി. എല്ലാ വര്‍ഷത്തിലെയും മേയ് 11 ന്, വിശുദ്ധ കുര്‍ബാനയും ആരാധനയും നടത്തി ദിവ്യകാരുണ്യത്തോടുള്ള ഭക്തി ആഗ്സ്ബര്‍ഗ്ഗ് രൂപത ലോകത്തോട് പ്രഘോഷിക്കുന്നു. നമ്മോടൊപ്പമായിരിക്കാന്‍ അപ്പത്തിന്റെ രൂപത്തില്‍ സ്വയം താഴ്ന്ന, ദിവ്യകാരുണ്യ ഈശോയോടുള്ള ഭക്തിയുടെ ആഘോഷകാലത്ത് ധാരാളം രോഗശാന്തി അത്ഭുതങ്ങളും നടന്നിട്ടുണ്ട്.

More Archives >>

Page 1 of 3