Faith And Reason

അവര്‍ തിരിച്ചെത്തി: മുന്‍ പാസ്റ്റര്‍ സജിത്ത് ജോസഫും ‘ഗ്രേസ് കമ്മ്യൂണിറ്റി’ അംഗങ്ങളും ഇനി തിരുസഭയില്‍

സ്വന്തം ലേഖകന്‍ 22-12-2019 - Sunday

പുനലൂര്‍: പ്രമുഖ പ്രൊട്ടസ്റ്റന്‍റ് സുവിശേഷ പ്രഘോഷകനും ടി.വി പ്രഭാഷകനും അസംബ്ലീസ് ഓഫ് ഗോഡ് മുന്‍ പാസ്റ്ററുമായ സജിത്ത് ജോസഫും ‘ഗ്രേസ് കമ്മ്യൂണിറ്റി’ പെന്തക്കൊസ്തു മുന്നേറ്റത്തിന് കീഴിലുള്ള അന്‍പതിലധികം വിശ്വാസികളും കത്തോലിക്ക സഭയിലേക്ക് തിരിച്ചെത്തി. ഇന്നലെ പുനലൂര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍വെച്ചു നടന്ന ശുശ്രൂഷയില്‍ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ ഇവര്‍ തിരുസഭയിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു. വിശുദ്ധ കുര്‍ബാനക്കും അനുബന്ധ ശുശ്രൂഷകള്‍ക്കും പുനലൂർ ബിഷപ്പ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഏഴു വർഷം നീണ്ട അന്വേഷണത്തിനും പ്രാർത്ഥനയും വിചിന്തനത്തിനും ശേഷമാണ് പാസ്റ്റർ സജിത്ത് ജോസഫും വിശ്വാസി സമൂഹവും കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നുന്നത്. ബ്രദര്‍ സജിത്ത് നയിക്കുന്ന ‘ഗ്രേസ് കമ്മ്യൂണിറ്റി’ പെന്തക്കോസ്റ്റല്‍ മുന്നേറ്റത്തിന് ഇന്ന് എല്ലാ ഭൂഖണ്ഡങ്ങളിലും ശാഖകളും ഉപശാഖകളുമുണ്ട്. ഇതിലെ എല്ലാ വിശ്വാസികളും ഈ ക്രിസ്തുമസ് ആഘോഷിക്കുക മാതൃസഭയോടു ചേര്‍ന്നാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെന്തക്കൊസ്തു സെമിനാരിയിൽ ക്ലാസെടുത്തു കൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നുയര്‍ന്ന ചോദ്യമാണ് അദ്ദേഹത്തെ പുനര്‍വിചിന്തനത്തിലേക്ക് നയിച്ചത്. വിവരിക്കുന്ന സഭാ ചരിത്രം മുഴുവൻ ഇക്കഴിഞ്ഞ അഞ്ഞൂറു വർഷത്തെ സംഭവങ്ങളാണെന്നും അതിനു മുമ്പുള്ള 1500 വർഷത്തെ ചരിത്രമെന്താണെന്നും സഭയെയും തിരുവചനത്തെയും കുറിച്ച് പറയുമ്പോഴൊക്കെ അപ്പസ്‌തോലിക സഭകളിലെ വേദപാരംഗതരെയും വിശുദ്ധരെയും ഉദ്ധരിക്കുന്നുമുണ്ടെന്ന ചോദ്യം അദ്ദേഹത്തെ നീണ്ട പഠനത്തിലേക്ക് നയിക്കുകയായിരിന്നു. യേശുവിന്റെ മഹത്വമാർന്ന പ്രകാശം സത്യസഭയെ അന്വേഷിച്ചുള്ള വഴികൾ താണ്ടാൻ തന്നെ അനുവദിച്ചുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരിന്നു.

അപ്പസ്‌തോലിക സഭകളിൽ നിന്ന് കഴിഞ്ഞ കാലങ്ങളിൽ വിവിധ പെന്തക്കോസ്തു സഭകളിലേക്ക് ചേർന്നവർ ആയിരങ്ങളാണ്. ചങ്ങനാശേരിയിൽ നിന്നുമാത്രം ഇരുനൂറില്‍പ്പരം കുടുംബങ്ങളുണ്ട് ‘ഗ്രേസ് കമ്യൂണിറ്റി’യിൽ. ഇവരെല്ലാം മാതൃസഭയിലേക്ക് വരും ദിവസങ്ങളില്‍ മടങ്ങിയെത്തും.

More Archives >>

Page 1 of 20